Friday December 09, 2016
Latest Updates

ഇനി ഓണ്‍ലൈന്‍ വ്യാപാരവും വാങ്ങലും ചെലവേറും; പുതിയ നികുതി നയം നിലവില്‍ വന്നു 

ഇനി ഓണ്‍ലൈന്‍ വ്യാപാരവും വാങ്ങലും ചെലവേറും; പുതിയ നികുതി നയം നിലവില്‍ വന്നു 

ഡബ്ലിന്‍: അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഇനി ഓണ്‍ലൈന്‍ വ്യാപാരവും വാങ്ങലും ചെലവേറും. ഓണ്‍ലൈന്‍ വില്‍പ്പന നികുതി വിധേയമാക്കി. ഓണ്‍ലൈനിലൂടെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന സാധനങ്ങള്‍ക്ക് വാറ്റ് ഉള്‍പ്പെടെയുള്ള നികുതികളാണ് ഏര്‍പ്പെടുത്തിയത്. പുതിയ നികുതി നയം നിലവില്‍ വന്നു. ഇനി മുതല്‍ ഓണ്‍ലൈനില്‍ വാങ്ങുന്ന ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വാറ്റ് നികുതി ബാധകമായിരിക്കും. വാങ്ങുന്ന ആള്‍ ഏത് രാജ്യത്ത് നിന്നാണോ, ആ രാജ്യത്തെ വാറ്റ് നിരക്ക് ഈടാക്കും. 

നേരത്തെ ഓണ്‍ലൈനില്‍ നിന്ന് വാങ്ങുന്ന ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളായ ഇ ബുക്ക് തുടങ്ങിയവയ്ക്കും മ്യൂസിക് ഡൗണ്‍ലോഡിനും ആപ്ലിക്കേഷനുകള്‍ക്കും അത് വില്‍ക്കുന്ന രാജ്യത്തെ വാറ്റ് നികുതിയാണ് ഈടാക്കിയിരുന്നത്. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ ലക്‌സംബര്‍ഗ് പോലെയുള്ള കുറഞ്ഞ വാറ്റ് നികുതിയുള്ള രാജ്യങ്ങളില്‍ ആസ്ഥാനം കേന്ദ്രീകരിച്ച് വില്‍പ്പന നടത്തി വരികയായിരുന്നു. ഇത് മൂലം വന്‍ നികുതി നഷ്ടമുണ്ടാകുന്നതിനാല്‍ സാധനം വാങ്ങുന്ന ഉപഭോക്താവിന്റെ രാജ്യത്തെ നിരക്കില്‍ വാറ്റ് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 

ആമസോണ്‍ , ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ മുതല്‍ സ്റ്റാര്‍ട്ട് അപ്പ് ബിസിനസുകള്‍ വരെ നികുതി വെട്ടിക്കുന്നതിന് ലക്‌സംബര്‍ഗ് പോലുള്ള രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് തടയുന്നതിനും പുതിയ നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്. ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യൂറോപ്യന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ നേരത്തെ ഐറിഷ് ധനമന്ത്രി മൈക്കല്‍ നൂനന്‍ സ്വാഗതം ചെയ്തിരുന്നു. അതാത് രാജ്യങ്ങളിലെ ആളുകള്‍ വാങ്ങുന്ന സാധനങ്ങള്‍ക്ക് അതാത് രാജ്യത്തെ നികുതി ലഭിക്കുമെങ്കിലും പുറത്തേക്ക് വിറ്റഴിക്കുന്ന സാധനങ്ങളുടെ നികുതി ലഭിക്കില്ലെന്നത് ഖജനാവിന് നഷ്ടമുണ്ടാക്കുന്ന കാര്യമാണ്. അതേസമയം പുതിയ നികുതി നിര്‍ദ്ദേശം ചെറുകിട വ്യവസായങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്.എങ്കിലും അയര്‍ലണ്ട് പോലെ ആവശ്യക്കാര്‍ ഏറെയുള്ള രാജ്യങ്ങള്‍ക്ക് ഇത് ഗുണകരമാണ് 

Scroll To Top