Wednesday December 07, 2016
Latest Updates

യൂറോപ്പിലേയ്ക്കുള്ള ആഫ്രിക്കന്‍ കുടിയേറ്റം അവസാനിപ്പിക്കാന്‍ സൈനികനീക്കത്തിലൂടെയുള്ള നടപടിയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കി 

യൂറോപ്പിലേയ്ക്കുള്ള ആഫ്രിക്കന്‍ കുടിയേറ്റം അവസാനിപ്പിക്കാന്‍ സൈനികനീക്കത്തിലൂടെയുള്ള നടപടിയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കി 

റോം: സുരക്ഷിത ജീവിതം തേടി ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്കുള്ള കുടിയേറ്റം അവസാനിപ്പിക്കാന്‍ സൈനിക നീക്കത്തിന് യൂറോപ്യന്‍ യൂനിയന്‍. ആഫ്രിക്കന്‍ വംശജരെ മെഡിറ്ററേനിയന്‍ വഴി യൂറോപ്പിലേക്ക് കടത്തുന്ന സംഘങ്ങള്‍ക്കെതിരെ സൈനിക നീക്കത്തിന് ഇ.യു മന്ത്രിമാരുടെ ഉന്നതതല യോഗം അനുമതി നല്‍കി. നിരീക്ഷണത്തിനും തുടര്‍നടപടികള്‍ക്കുമായി അടുത്തയാഴ്ചയോടെ കപ്പലുകള്‍ ലഭ്യമാകുമെന്ന് ഇ.യു വിദേശകാര്യ മേധാവി ഫ്രെഡറിക മൊഗ്രിനി പറഞ്ഞു.
പൊട്ടിപ്പൊളിഞ്ഞ ബോട്ടുകളിലും ഉപേക്ഷിക്കപ്പെട്ട കപ്പലുകളിലും കടല്‍ കടക്കുന്ന ആയിരങ്ങളെ എങ്ങനെ തടയുമെന്നതു സംബന്ധിച്ച അഭിപ്രായഭിന്നത അംഗരാജ്യങ്ങള്‍ക്കിടയില്‍ ശക്തമായിരുന്നു. അതിനിടെ, ഇറ്റലിയുടെ ദക്ഷിണ തീരത്ത് ബോട്ട് തകര്‍ന്ന് 800ലേറെ അഭയാര്‍ഥികള്‍ ദാരുണമായി മരിച്ചതോടെ പ്രശ്‌നപരിഹാരത്തിന് സമഗ്ര പദ്ധതിക്ക് രൂപംനല്‍കാന്‍ ഫ്രെഡറിക മൊഗ്രിനിയെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ചുമതലപ്പെടുത്തിയിരുന്നു. മൂന്നു ഘട്ടങ്ങളായാണ് മെഡിറ്ററേനിയന്‍ കടലില്‍ ദൗത്യം നടപ്പാക്കുക. മനുഷ്യക്കടത്ത് സംഘങ്ങളെക്കുറിച്ച വിശദാംശങ്ങള്‍ ശേഖരിക്കലാണ് ആദ്യ ഘട്ടത്തില്‍ നടക്കുക. കടലില്‍ ഇത്തരം ബോട്ടുകള്‍ തടയലാണ് രണ്ടാം ഘട്ടം. ലിബിയന്‍ കടല്‍ അതിര്‍ത്തിയിലത്തെി ഇത്തരം ബോട്ടുകളും മനുഷ്യക്കടത്ത് സംഘങ്ങളെയും ആക്രമിക്കലാണ് അവസാന ഘട്ടം.
വിവരശേഖരണത്തിന്റെ ആദ്യ ഘട്ടം അവസാനിക്കുന്നതോടെ രണ്ടും മൂന്നും ഘട്ടങ്ങളും ആരംഭിക്കുമെന്ന് മൊഗ്രിനി പറഞ്ഞു. ആവശ്യമെന്നു കണ്ടാല്‍ ലിബിയയില്‍ നേരിട്ടും ആക്രമണം നടത്താനാണ് പദ്ധതി. ബിട്ടന്‍, ഫ്രാന്‍സ് ഉള്‍പ്പെടെ രാജ്യങ്ങളാണ് ലിബിയയില്‍ നേരിട്ടത്തെി ആക്രമണം നടത്തുകയെന്ന പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. അംഗരാജ്യങ്ങളില്‍ ചിലത് ഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നടപടികള്‍ തുടരുമെന്നു തന്നെയാണ് സൂചന. ലിബിയയുടെ ഔദ്യോഗിക അനുമതിക്കൊപ്പം യു.എന്‍ രക്ഷാസമിതി അംഗീകാരവും തേടും. ഈവര്‍ഷം ഇതുവരെയായി ലക്ഷത്തിലേറെ അഭയാര്‍ഥികള്‍ മെഡിറ്ററേനിയന്‍ കടന്നിട്ടുണ്ടെന്നാണ് കണക്ക്.
ഇവയിലേറെയും ഇറ്റലി, ഗ്രീസ്, മാള്‍ട്ട രാജ്യങ്ങളിലാണ് എത്തിയിരുന്നത്. സംഘര്‍ഷ ഭൂമികളായ സിറിയ, എറിത്രീയ രാജ്യങ്ങളില്‍നിന്ന് 40,000ത്തോളം പേര്‍ ഇതിനകം യൂറോപ്പില്‍ എത്തിയിട്ടുണ്ട്. അഭയാര്‍ഥി പ്രവാഹം തടയാനുള്ള നീക്കത്തില്‍ ഇ.യു രാജ്യങ്ങള്‍ ഏകാഭിപ്രായക്കാരാണെങ്കിലും പലായനം ചെയ്തവരെ ഏറ്റെടുക്കുന്നതില്‍ ഭൂരിപക്ഷവും വിമുഖത കാണിക്കുന്നതാണ് പുതിയ പ്രതിസന്ധി

Scroll To Top