Friday December 02, 2016
Latest Updates

യൂ കെ യെ ഒറ്റപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍, ‘ചര്‍ച്ചകള്‍ക്ക് നിന്നു കൊടുക്കില്ല,ബ്രിട്ടണ്‍ ഇനി ഒരു മൂന്നാം രാജ്യം’

യൂ കെ യെ ഒറ്റപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍, ‘ചര്‍ച്ചകള്‍ക്ക് നിന്നു കൊടുക്കില്ല,ബ്രിട്ടണ്‍ ഇനി ഒരു മൂന്നാം രാജ്യം’

ഡബ്ലിന്‍:ബ്രിട്ടനെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തി കൊണ്ട് യൂറോപ്യന്‍ നേതാക്കളുടെ സംയുക്ത പ്രസ്താവന.യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകുന്നതു വരെ ബ്രിട്ടനുമായി ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യില്ലെന്ന് ഇയു നേതാക്കള്‍. ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആംഗല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി മത്തിയോ റെന്‍സി എന്നിവര്‍ തമ്മില്‍ ബെര്‍ലിനിലാണ് ചര്‍ച്ച നടന്നത്. ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനും പുറത്തു പോയതിനു ശേഷം മാത്രമേ ബ്രിട്ടനുമായി ഏതു വിധത്തിലുള്ള ചര്‍ച്ചയും നടത്തൂ എന്നാണ് നേതാക്കളുടെ നിലപാട്.സാമ്പത്തിക ക്ഷേമത്തിനുള്ള ബ്രിട്ടീഷ് നേതാക്കളുടെ ശ്രമത്തിന് യൂറോപ്യന്‍ യൂണിയന്‍ നിന്നുകൊടുക്കേണ്ട കാര്യമില്ലെന്ന് ഫ്രഞ്ച് ധനമന്ത്രിയും പ്രഖ്യാപിച്ചതോടെ ബ്രിട്ടന്‍ വെട്ടിലായിരിക്കുകയാണ്.

അതേസമയം യൂറോപ്യന്‍ യൂണിയനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ വരും മാസങ്ങളില്‍ തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് മൂന്നു രാജ്യങ്ങളുടെയും നേതാക്കള്‍ പ്രസ്താവിച്ചു. പ്രതിരോധം, വളര്‍ച്ച, തൊഴില്‍ എന്നീ മേഖലകളിലെല്ലാം പുരോഗതിക്ക് ശ്രമിക്കും. സമയം പാഴാക്കുന്നതില്‍ കാര്യമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഒലോന്‍ദും വ്യക്തമാക്കി.യൂ.കെ അവരുടെ കാര്യങ്ങള്‍ സ്വന്തം കണ്ടു പിടിയ്ക്കുകയാണ് ഉത്തമം.അദ്ദേഹം പറഞ്ഞു.

രണ്ടു വര്‍ഷം അനിശ്ചിതത്വത്തില്‍ നിര്‍ത്താതെ ബ്രിട്ടന്‍ എത്രയും വേഗം പുറത്തുപോകണമെന്ന് ഇയു ഫോറിന്‍ അഫയേഴ്‌സ് പാര്‍ലമെന്റ് കമ്മറ്റി ചെയര്‍മാന്‍ എല്‍മര്‍ ബ്രോക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇനിമുതല്‍ ‘ഒരു മൂന്നാം രാജ്യം’ ആയാകും തങ്ങള്‍ ബ്രിട്ടനെ പരിഗണിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടനെ ഇയുവില്‍ നിലനിര്‍ത്തുന്നതിനായി കഴിയാവുന്നതെല്ലാം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. ബ്രിട്ടന്റെ പ്രതിനിധികളായി ഇയു പാര്‍ലമെന്റിലുള്ള 73 പേരും, ബ്രിട്ടന്‍ ഔദ്യോഗികമായി പുറത്തുപോകും വരെ തുടരുമെന്നും ബ്രോക് കൂട്ടിച്ചേര്‍ത്തു. ബ്രെക്‌സിറ്റിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ബ്രിട്ടിഷുകാരില്‍ പലരും വേണ്ടത്ര മനസ്സിലാക്കിയിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം പുറത്തുപോകാനായി ബ്രിട്ടന് സമയം നല്‍കണമെന്ന് നെതര്‍ലാന്റ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് പറഞ്ഞു. ബ്രെക്‌സിറ്റോടെ ബ്രിട്ടന് സംഭവിക്കുന്ന സാമ്പത്തിക അസ്ഥിരത യൂറോപ്പിനെയാകെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

Scroll To Top