Sunday December 11, 2016
Latest Updates

അയര്‍ലണ്ടിന് ആപ്പിള്‍ 1300 കോടി യൂറോ നല്‍കണമെന്ന ഇ യൂ തീരുമാനം:പണം വേണ്ടന്ന നയവുമായി ഫിനഗേല്‍,പ്രശ്നം രൂക്ഷമാകുന്നു

അയര്‍ലണ്ടിന് ആപ്പിള്‍ 1300 കോടി യൂറോ നല്‍കണമെന്ന ഇ യൂ തീരുമാനം:പണം വേണ്ടന്ന നയവുമായി ഫിനഗേല്‍,പ്രശ്നം രൂക്ഷമാകുന്നു

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്‍ നികുതി വ്യവസ്ഥകള്‍ക്ക് വിധേയമായി അയര്‍ലണ്ടിന് 13 ബില്യണ്‍ യൂറോ നികുതിയായി ആപ്പിള്‍ അടയ്ക്കണമെന്ന യൂറോപ്പ്യന്‍ കമ്മീഷന്‍ ഉത്തരവിനെ ചൊല്ലി ഐറിഷ് സര്‍ക്കാരില്‍ പൊട്ടിത്തെറി.

രാജ്യത്തേക്ക് ഭാവിയിലുള്ള നിക്ഷേപത്തെ കമ്മീഷന്‍ തീരുമാനം പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ വിധിക്കെതിരെ അപ്പീലിന് പോകാനാണ് ധനമന്ത്രി മൈക്കിള്‍ നൂനന്‍ അടക്കമുള്ള ഫിനഗേലിന്റെ തീരുമാനം.ആപ്പിളില്‍ നിന്നും ടാക്‌സ് ലഭിച്ചില്ലെങ്കിലും പ്രശ്നമില്ല എന്ന് തന്നെ.എന്നാല്‍ 13 ബില്യണ്‍ യൂറോ നഷ്ടപ്പെടുത്തേണ്ട കാര്യമില്ലെന്നു ഭരണമുന്നണിയിലെ മറ്റു ഘടകകക്ഷികള്‍ അഭിപ്രായപെട്ടിരിക്കുകയാണ്.

അയര്‍ലണ്ടിന് ആപ്പിള്‍ 1300 കോടി യൂറോ(13 ബില്യണ്‍ / 97000 കോടി രൂപ) നികുതി ഒടുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉത്തരവ് ഇന്നലെയാണ് ഉണ്ടായത്.നികുതി ഒഴിവാക്കി വിദേശ കമ്പനികളെ ആകര്‍ഷിക്കാന്‍ അയര്‍ലണ്ട് ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിളിനും നികുതി ഒഴിവാക്കിയത്.

എന്നാല്‍, യൂറോപ്പിലെ നിയമ വ്യവസ്ഥകള്‍ക്ക് ഇത് എതിരാണെന്നാണ് യൂണിയന്റെ നീതിനിര്‍വഹണ സംവിധാനമായ യൂറോപ്യന്‍ കമ്മിഷന്‍ വിലയിരുത്തിയത്. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ആപ്പിളും വ്യക്തമാക്കിയിട്ടുണ്ട്.യുഎസ് കമ്പനിക്കെതിരായ നീക്കം യുഎസ് – യൂറോപ്പ് സഹകരണത്തെ ബാധിക്കുമെന്ന് യുഎസ് സര്‍ക്കാരും പറഞ്ഞിട്ടുണ്ട്.

2011 ല്‍ ആപ്പിളിന്റെ അയര്‍ലണ്ട് ഉപസ്ഥാപനം നേടിയ 2200 കോടി ഡോളറില്‍ അഞ്ച് കോടി ഡോളറിനു മാത്രമാണ് സര്‍ക്കാര്‍ നികുതി ചുമത്തിയതെന്ന് യൂറോപ്യന്‍ കമ്മിഷന്‍ കണ്ടെത്തി.’ആപ്പിള്‍ അയര്‍ലണ്ട് ‘ എന്ന കമ്പനിക്ക് ഉണ്ടെന്നു പറയുന്ന ആസ്ഥാനവും ജീവനക്കാരും സാങ്കല്‍പികമാണെന്നും കണ്ടെത്തിയതായി കമ്മിഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്.

ഒട്ടേറെ അമേരിക്കന്‍ കമ്പനികള്‍ നാമമാത്രമായ നികുതി നല്‍കി അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സ്റ്റാര്‍ബക്‌സ് 3.3 കോടി ഡോളര്‍ നികുതി നല്‍കണമെന്നും യൂറോപ്യന്‍ കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്. ആമസോണിനും മക്‌ഡൊണല്‍സിനും എതിരെ അന്വേഷണം നടക്കുകയാണ്.

ചുരുക്കത്തില്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികളുടെ ഭാവിയെ അപകടപ്പെടുത്തുന്നതാണ് ഇ യൂ കമ്മിഷന്റെ നിലപാട്.അതുകൊണ്ടാണ് അപ്പീലിന് പോകാന്‍ അയര്‍ലണ്ടിലെ ഭരണകക്ഷി ശ്രമിക്കുന്നത്.

അവധി റദ്ധാക്കി ഡബ്ലിനില്‍ തിരിച്ചെത്താന്‍ എല്ലാ മന്ത്രിമാര്‍ക്കും പ്രധാന ഉദ്യോഗസ്ഥന്‍മാര്‍ക്കും നിര്‍ദേശം ലഭിച്ചിട്ടുണ്ട്.ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം കമ്മീഷന്‍ നിലപാട് ചര്‍ച്ച ചെയ്യുന്നതിന് മാത്രമാണ്.

Scroll To Top