Thursday December 08, 2016
Latest Updates

എട്ടു നോമ്പിന്റെ ചരിത്രപശ്ചാത്തലം 

എട്ടു നോമ്പിന്റെ ചരിത്രപശ്ചാത്തലം 

എട്ട് നോമ്പ് ദൈവമാതാവിന്റെ പിറവി തിരുനാളിനോട് അനുബന്ധിച്ച് ആചരിക്കുന്ന നോമ്പാണ്.ഇത് സ്ത്രീകളുടെ പ്രത്യേകിച്ച് കന്യകളുടെ ഉപവാസമായി കൂടിയാണ് അറിയപ്പെടുന്നത്.

സെപ്തംബര്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള തിയതികളിലാണ് എട്ട് നോമ്പ് അനുഷ്ടിക്കുന്നത്. പരിശുദ്ധ അമ്മയോടുള്ള ബഹുമാനവും, ഭക്തിയും, വണക്കവും വര്‍ദ്ധിപ്പിക്കാന്‍ സുറിയാനി ക്രൈസ്തവര്‍ ഈ നോമ്പ് ആചരിച്ചു പോന്നു.

ആദിമകാലം മുതലെ പരിശുദ്ധ മറിയത്തിന് ക്രൈസ്തവ ആരാധനയിലും ജീവിതത്തിലും അഭേദ്യവും അതുല്യവുമായ സ്ഥാനമാണു കല്പിച്ചു നല്‍കിയിട്ടുള്ളത്. രക്ഷകന്റെ അമ്മയായും, സഭയുടെ മാതാവായും നിത്യകന്യകയായും വിശുദ്ധ മറിയത്തെ വിശ്വാസികള്‍ വാഴ്ത്തുന്നു.

എട്ടുനോമ്പിന്റെ ആരംഭത്തിനു പിന്നില്‍ ഒരു ചരിത്രമുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് അമുസ്ലീങ്ങളായവര്‍ അക്രമിക്കപ്പെടുകയും അവരുടെ ആരാധനാലയങ്ങള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു.മലബാര്‍ ടിപ്പു കീഴടക്കിയപ്പോള്‍ ഉണ്ടായ മതമര്‍ദനം സഹിക്കാനാവാതെ ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ ഒട്ടേറെപ്പേര്‍ തിരുവിതാംകൂറില്‍ അഭയം തേടി. 

ടിപ്പുവിന് തിരുവിതാംകൂറിനോട് ശത്രുത ഉണ്ടാവാന്‍ ഇതു കാരണമായി.1789ല്‍ തിരുവിതാംകൂര്‍ കീഴടക്കുക എന്ന ലക്ഷ്യത്തോടെ ടിപ്പു പടപ്പുറപ്പാടു നടത്തി.വിവരം അറിഞ്ഞ തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികള്‍ ദൈവാലയങ്ങളില്‍ ഒരുമിച്ചുകൂടുകയും ടിപ്പുവിന്റെ ആക്രമണത്തില്‍നിന്നും തങ്ങളെ രക്ഷിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. 
ടിപ്പുവിന്റെ സൈന്യം; കീഴടക്കുന്ന പ്രദേശങ്ങളിലെ സ്ത്രീകളുടെ മാനം കവരുന്ന കാര്യത്തില്‍ കുപ്രസിദ്ധി നേടിയിരുന്നു.കൊടുങ്ങല്ലൂര്‍ കോട്ടയും, ആയ്‌ക്കോട്ടയും, ആലങ്ങാടും, പറവൂരും കീഴടക്കി മൈസൂര്‍ സൈന്യം ആലുവാപ്പുഴ വരെ എത്തി.ഈ വിവരം അറിഞ്ഞ സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകള്‍ തങ്ങളുടെ ചാരിത്ര്യം സംരക്ഷിക്കപ്പെടുന്നതിനായി പരിശുദ്ധമാതാവിന്റെ പ്രത്യേക മാധ്യസ്ഥം യാചിച്ചു കൊണ്ട് കഠിനമായി ഉപവാസം അനുഷ്ഠിക്കാന്‍ തുടങ്ങി. 
ഈ സമയത്ത് കാലവര്‍ഷം ശക്തമാവുകയും പെരിയാര്‍ കരകവിഞ്ഞൊഴുകുകയും ചെയ്തു.ഇത് ടിപ്പുവിന്റെ സൈനികനീക്കത്തെ തടഞ്ഞുവത്രേ.തുടര്‍ന്ന് മടങ്ങിപ്പോയ ടിപ്പു ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടതോടെ തിരുവിതാംകൂറിലെ ക്രിസ്ത്യാനികള്‍ക്ക് ആശ്വാസമായി.
പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയില്‍ തങ്ങള്‍ക്കു ലഭിച്ച പ്രത്യേക അനുഗ്രഹത്തിന്റെ സ്മരണയ്ക്കായി അന്നുമുതല്‍ എട്ടു നോമ്പ് അനുഷ്ടിക്കുന്നത് സുറിയാനി ക്രൈസ്തവരുടെ പതിവായിതീര്‍ന്നു.കത്തോലിക്കാ,യാക്കോബായ ഭേദമില്ലാതെ ഇന്നും സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയില്‍ എട്ടു നോമ്പ് അതീവ ഭക്തി പുരസരം അനുഷ്ടിച്ചു പോരുന്നു. സുറിയാനി ക്രൈസ്തവ സ്ത്രീകള്‍ ഈ നോമ്പിനു നല്‍കുന്ന പ്രാധാന്യം ഇതിന്റെ ചരിത്രപരതയോട് ചേര്‍ന്നു നില്‍ക്കുന്നു.
പോട്ടുഗീസ്സുകാരുടെ അധാര്‍മ്മിക ബന്ധങ്ങളില്‍ ഉള്‍പ്പെടാതിരിക്കാന്‍ കൊടുങ്ങല്ലൂരിലെ സ്ത്രീകള്‍ ആരംഭിച്ചതാണ് എട്ടുനോമ്പ് എന്നൊരു പാരമ്പര്യവും ഉണ്ട്. ഈ നോമ്പ് ദിനങ്ങളില്‍ പള്ളികളില്‍ പ്രാര്‍ത്ഥനയില്‍ കഴിയുന്നതിനെ കുപ്രസിദ്ധമായ ഉദയം പേരൂര്‍ സൂനഹദോസ് വിലക്കിയിരുന്നു.
മണര്‍കാട് പള്ളി,കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി, നാഗപ്പുഴപ്പള്ളി തുടങ്ങിയ ദൈവാലയങ്ങളിലെ എട്ടുനോമ്പാചരണവും മാതാവിന്റെ തിരുനാളും പ്രസിദ്ധങ്ങളാണ്.


Scroll To Top