Monday August 21, 2017
Latest Updates

എത്തിഹാദ് വീണ്ടും മലയാളികളെ ദുരിതത്തിലാക്കി,ബാഗേജ് വൈകിയവര്‍ക്ക് നഷ്ടപരിഹാരം 33 യൂറോ 50 സെന്റ് !

എത്തിഹാദ് വീണ്ടും മലയാളികളെ ദുരിതത്തിലാക്കി,ബാഗേജ് വൈകിയവര്‍ക്ക് നഷ്ടപരിഹാരം 33 യൂറോ 50 സെന്റ് !

ഡബ്ലിന്‍ : എത്തിഹാദ് എയര്‍വെയ്‌സ് ഇന്നും കേരളത്തില്‍ നിന്നുള്ള യാത്രക്കാരുടെ ലഗേജ് മുടക്കിയതായി പരാതി.കേരളത്തില്‍ നിന്നുള്ള യാത്രികരുടെതൊഴികെ ബാക്കിയെല്ലാ യാത്രക്കാരും ലഗേജുമായി പുറത്തിറങ്ങുമ്പോഴും മലയാളികളുടെ ലഗേജ് നാളെയോ മറ്റന്നാളോ അഥവാ എന്നു വരുമെന്നോ പോലും ഉറപ്പു പറയാതെ വലയുകയായിരുന്നു വിമാന കമ്പനി അധികൃതര്‍.ഒരു വിഭാഗം യാത്രക്കാര്‍ ചേര്‍ന്ന് കമ്പനിയുടെ മാനേജരെ വിളിച്ചു വരുത്തി പരാതി അറിയിച്ചപ്പോള്‍ നഷ്ട്ടപരിഹാരത്തിന് ക്ലെയിം ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കോട്ടയത്ത് നിന്നുംഅയര്‍ലണ്ടിലുള്ള മക്കളോടൊപ്പം അവധിക്കാലം ചിലവഴിക്കാന്‍ ഡബ്ലിനിലേയ്ക്ക് വന്ന ദമ്പതികളുടെ മരുന്നുകള്‍ അടക്കമുള്ള ബാഗാണ് നഷ്ട്ടപ്പെട്ടത്.താരതമ്യേനെ വലിപ്പം കുറവായിരുന്ന ഹാന്‍ഡ് ലഗേജും ബാഗേജുകള്‍ക്കൊപ്പം അയയ്ക്കാന്‍ വിമാന ജീവനക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് അയച്ച ഇവര്‍ ഇത്തരമൊരു ചതി ഇത്തിഹാദ്കാര്‍ കാണിയ്ക്കുമെന്നു സ്വപ്‌നേപി വിചാരിച്ചില്ല.

മറ്റൊരു കുടുംബമാവട്ടെ വസ്ത്രങ്ങളടങ്ങിയ ബാഗ് വൈകിയതിന്റെ ആശങ്കയിലാണ്.കൊച്ചിയില്‍ നിന്നും ഒരു കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ ഡബ്ലിനിലെത്തിയ ഡോക്റ്ററും ഭാര്യയും ഒരു മകനുമടങ്ങിയ കുടുംബത്തിന് ഇപ്പോള്‍ ‘ഉടുതുണിയ്ക്ക് മറുതുണി’യില്ലാത്ത അവസ്ഥയാണ്.നാളെ ലഗേജ് എത്തിയ്ക്കാമെന്നു പറയുന്നുണ്ടെങ്കിലും അത് വരെ എങ്ങനെ കഴിയും എന്നറിയാതെ വലയുകയാണ് ഇവര്‍.നാളെ നടക്കുന്ന കോണ്‍ഫ്രന്‍സില്‍ വിഷയം അവതരിപ്പിക്കേണ്ട ഡോക്റ്റര്‍ അതിനായി പ്രത്യേക ഡ്രസും ഇന്ത്യയില്‍ നിന്നും കരുതിയിരുന്നു.
ഇന്ന് വന്നവരില്‍ ഒരു ലഗേജും ലഭിക്കാത്ത ഏതാനം പേര്‍ക്ക് 33.50 യൂറോ നഷ്ട പരിഹാരവുംകൈയ്യോടെ നല്‍കിയിട്ടുണ്ട്.എന്നാല്‍ വിമാനത്തില്‍ നിന്നും ലഗേജ് വൈകുകയോ നഷ്ട്ടപെടുകയോ ചെയ്താല്‍ 1000 ഡോളര്‍ വരെ നഷ്ട്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് മോണ്‍ട്രിയോള്‍ കണ്‍വെന്‍ഷനും,യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റീസും ചൂണ്ടിക്കാട്ടുന്നത്.അതിനു പകരം നാമമാത്ര തുക നല്‍കി യാത്രക്കാരെ മടക്കി അയയ്ക്കുകയാണ് എത്തിഹാദ് ചെയ്യുന്നത്.

യൂറോപ്യന്‍ വംശജരില്‍ ഒരു വിഭാഗം ഇത്തരത്തിലുള്ള നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാറുണ്ടെങ്കിലും മലയാളികള്‍ നഷ്ടപരിഹാരം വാങ്ങുന്നതില്‍ പിന്നിലാണ്.കഴിഞ്ഞ മാസം 4 മണിക്കൂര്‍ 20 മിനുട്ട് വൈകി അയര്‍ലണ്ടില്‍ നിന്നും പുറപ്പെട്ട എത്തിഹാദ് വിമാനത്തിലെ മലയാളികളായ യാത്രക്കാര്‍ ഒരാള്‍ക്ക് 600 യൂറോ വീതം നഷ്ട്ടപരിഹാരം നല്കണം എന്നാവശ്യപ്പെട്ട് പരാതി നല്കിയിട്ടുണ്ട്.ഇതിന്റെ തീരുമാനം ഉടന്‍ ഉണ്ടാകും എന്നാണ് അറിയുന്നത്.

മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരോട് ഏറ്റവും അധികം ടിക്കറ്റ് നിരക്ക് വാങ്ങിയിട്ടും മോശപ്പെട്ട സേവനം നല്‍കുന്നുവെന്നാണ് എത്തിഹാദിനെതിരെ യാത്രക്കാരുടെ പ്രധാന ആക്ഷേപം.

യാത്രികര്‍ ഡബ്ലിനില്‍ എത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലഗേജ് എത്തിയിട്ടില്ലാത്ത നിരവധി സംഭവങ്ങള്‍ ഇപ്പോഴും തുടരുകയാണ്.. ലഗേജ് എത്രയും വേഗം ലഭിക്കുന്നതിനു എത്തിഹാദില്‍ പരാതി നല്കി കാത്തിരിക്കുകയാണ് യാത്രക്കാര്‍.ലഗേജ് നഷ്ട്ടപെടുന്നത് എത്തിഹാദില്‍ സ്ഥിരം സംഭവമാണെന്ന് യാത്രികര്‍ പറയുന്നു.പൂട്ടി സൂക്ഷിച്ചിരുന്ന ലഗേജുകള്‍ തുറന്ന അവസ്ഥയില്‍ ലഭിക്കുന്നതും സാധാരണ സംഭവമാണ്.അത്തരത്തില്‍ മോശപ്പെട്ട സേവനം ലഭിക്കുന്നതിനെതിരെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരാതി നല്കുകയും ,നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്താല്‍ മാത്രമേ മലയാളികളോടുള്ള അവഗണന ഇനിയെങ്കിലും ഒഴിവാക്കാന്‍ ആവുകയുള്ളൂ.അല്ലെങ്കില്‍ ഭാവിയിലും ഈ വിമാന കമ്പനി മലയാളികള്‍ക്ക് ദുരിത പര്‍വ്വം സമ്മാനിക്കുമെന്ന് ഉറപ്പാണ്‍ 


Scroll To Top