Saturday December 10, 2016
Latest Updates

ഇത്തിഹാദ് ഡ്രീം ലൈനര്‍ സര്‍വീസ് ആരംഭിച്ചു,ഡബ്ലിനിലേയ്ക്കും ഉടന്‍ എത്തും

ഇത്തിഹാദ് ഡ്രീം ലൈനര്‍ സര്‍വീസ് ആരംഭിച്ചു,ഡബ്ലിനിലേയ്ക്കും ഉടന്‍ എത്തും

അബുദാബി:ഇത്തിഹാദ് ഡ്രീം ലൈനര്‍ സര്‍വീസ് ആരംഭിച്ചു. അബുദാബിയില്‍ നിന്നും ജര്‍മനിയിലെ ഡസ്സല്‍ഡര്‍ഫ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് കന്നി യാത്ര ആരംഭിച്ചത്. പുലര്‍ച്ചെ 2.15ന് പുറപ്പെട്ട വിമാനം 7 മണിക്കൂറും 25 മിനിറ്റുമെടുത്ത് അവിടെയെത്തി. തിരിച്ച് ഇന്നലെ വൈകുന്നേരം 7.50ന് അബുദാബിയില്‍ എത്തിച്ചേര്‍ന്നു. പുതിയ വിമാന സര്‍വീസ് ഉദ്ഘാടനം ഇത്തിഹാദ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ പീറ്റര്‍ ബംഗാര്‍ട്ണര്‍ നിര്‍വഹിച്ചു. ഇത്തിഹാദിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ് പുതിയ വിമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പുറത്തിറക്കിയ ഡ്രീംലൈനര്‍ സര്‍വീസ് നടത്തുന്നതിന് വളരെ ചെലവ് കുറവാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, യാത്രക്കാര്‍ക്ക് ഏറ്റവും സൗകര്യപ്രദവും സുഖകരവുമായ യാത്ര ലഭ്യമായിരിക്കുകയും ചെയ്യും. ഇതില്‍ 8 ഫസ്റ്റ് ക്ലാസ് സ്വീറ്റുകളും 28 ബിസ്‌നസ് ക്ലാസ് സ്വീറ്റുകളുമാണുള്ളത്.

കൂടാതെ, 199 പേര്‍ക്ക് എക്കോണമി ക്‌ളാസിലും യാത്ര ചെയ്യാം. ഏറ്റവും നൂതനമായ ആകാശ നൗകയില്‍ ഇതര വിമാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഒട്ടേറെ സൗകര്യങ്ങളുണ്ട്. അറേബ്യന്‍ കലയുമായി കോര്‍ത്തിണക്കിയാണ് വിമാനത്തിന്റെ അകം അതിമനോഹരമായി അലങ്കരിച്ചിട്ടുള്ളത്. 8,300 നോട്ടിക്കല്‍ മൈല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ഇത്തരം രണ്ടു വിമാനങ്ങള്‍ക്ക് കൂടി ഇതിനകം തന്നെ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

ഡബ്ലിനും മുംബൈയും അടക്കമുള്ള വിമാനത്താവളങ്ങളിലേക്ക് താമസിയാതെ തന്നെ സര്‍വീസ് ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.ഇതര വിമാനങ്ങളെക്കാള്‍ 30 ശതമാനം ഇന്ധനച്ചെലവ് കുറവാണെന്നത് ഡ്രീംലൈ നറിന്റെ പ്രത്യേകതയാണ്.ഫസ്റ്റ് ക്ലാസ് സ്വീറ്റില്‍ യാത്രക്കാര്‍ക്ക് സുഖമായി ഉറങ്ങാന്‍ 80.5 ഇഞ്ച് നീളമുള്ള കിടക്ക സജ്ജീകരിച്ചിട്ടുണ്ട്. 24 ഇഞ്ച് ടെലിവിഷന്‍, ഇലക്‌ട്രോണിക് മസ്സാജ് ചെയര്‍, വിശാലമായ ഡൈനിംഗ് ടേബിള്‍, 15 മണിക്കൂര്‍ ഐസ് സൂക്ഷിക്കാവുന്ന മിനി ബാര്‍ എന്നിവയുമുണ്ട്.

Scroll To Top