Wednesday September 26, 2018
Latest Updates

എത്തിഹാദ് വിമാനത്തില്‍ എന്തെങ്കിലും വെച്ച് മറന്നുപോയാല്‍ എന്തു സംഭവിക്കും?അയര്‍ലണ്ടിലേക്കുള്ള യാത്രക്കാരിയുടെ അനുഭവം ….

എത്തിഹാദ് വിമാനത്തില്‍ എന്തെങ്കിലും വെച്ച് മറന്നുപോയാല്‍ എന്തു സംഭവിക്കും?അയര്‍ലണ്ടിലേക്കുള്ള യാത്രക്കാരിയുടെ അനുഭവം ….

ഡബ്ലിന്‍ : എത്തിഹാദില്‍ എന്തെങ്കിലും വെച്ച് മറന്നുപോയാല്‍ എന്തു സംഭവിക്കും?സാധനം തിരിച്ചുകിട്ടുന്നതൊഴികെ മറ്റെന്തും സംഭവിക്കാം.കഴിഞ്ഞ ദിവസം ഉണ്ടായ ഐറീഷ് യുവതിയുടെ അനുഭവം നമ്മെ പഠിപ്പിക്കുന്ന പാഠം അതാണ്. കില്‍ക്കെന്നി കൗണ്ടിയിലെ ഷിവോണ്‍ ഡെര്‍മോഡിക്കാണ് തന്റെ എസ് 5 സാംസംഗ് ഫോണ്‍ ഫ്ളൈറ്റില്‍ നഷ്ടമായത്.

ബുധനാഴ്ച രാവിലെ ടെഹ്‌റാനില്‍ ഹോളിഡേ കഴിഞ്ഞ ശേഷം എത്തിഹാദ് വിമാനത്തില്‍ അബുദാബിയിലേക്ക് പോയതായിരുന്നു ഡെര്‍മോഡി.അവിടെ വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് തന്റെ ഫോണടങ്ങിയ പൗച്ച് വിമാനത്തില്‍ മറന്നത് ഓര്‍മ്മിച്ചത്.എയര്‍ പോര്‍ട്ട് വിടും മുമ്പേ തന്നെ തിരിച്ചുവന്ന് വിമാനത്തിലെ സ്റ്റാഫിനോട് തന്റെ സീറ്റില്‍ മറന്നുവെച്ച ഫോണിന്റെ കാര്യം പറഞ്ഞപ്പോള്‍ പരാതി ഇമെയില്‍ ചെയ്യണമെന്നായിരുന്നത്രേ അവരുടെ മറുപടി.മാഞ്ചസ്റ്ററിലേക്ക് പോകാനെത്തിയതാണെന്നും വളരെ തിടുക്കമുണ്ടെന്നും വിമാനത്തില്‍ പരിശോധിച്ച് ഫോണ്‍ എടുത്തു തരണമെന്നും യുവതി കെഞ്ചി.

എന്നാല്‍ ഒരു സഹായത്തിനും ആരും മെനക്കെട്ടില്ല. പരാതി മെയില്‍ ചെയ്യൂ എന്ന മറുപടി ആവര്‍ത്തിക്കുക മാത്രമായിരുന്നു ജീവനക്കാര്‍ ചെയ്തത്.വാദിച്ചിട്ട് കാര്യമില്ലെന്നു മനസ്സിലായ യുവതി അധികൃതര്‍ക്ക് പരാതി മെയില്‍ ചെയ്തു.

ഇ .വൈ 407 വിമാനത്തില്‍ സംഭവിച്ചത് വിശദമാക്കി ബാഗേജ് സര്‍വീസ് വകുപ്പിനാണ് ഇ മെയില്‍ ചെയ്തത്.എന്നാല്‍ മറുപടിയൊന്നും ലഭിച്ചില്ല. തുടര്‍ന്നു നേരിട്ട് ഇത്തിഹാദ് ഡെസ്‌കില്‍ ചെന്ന് കാര്യം തിരക്കിയപ്പോള്‍ വിമാനത്തില്‍ പരിശോധിച്ചെന്നും ഒന്നും കണ്ടെത്താനായില്ലെന്നും മറുപടി കിട്ടി.തിരികെ വീട്ടിലെത്തിയ ശേഷവും അഞ്ച് തവണ ഇതേ ആവശ്യത്തിനായി ഡെര്‍മോഡി ഇ മെയില്‍ ‘വേസ്റ്റാക്കി’.

ഫോണിലും എത്തിഹാദിന്റെ ഫേസ്ബുക്ക് പേജിലൂടെയും ബന്ധപ്പെട്ടു.എന്നാല്‍ ഒരു പ്രതികരണവും എത്തിഹാദില്‍ നിന്നുമുണ്ടായിട്ടില്ല.’
അധികനാളൊന്നും ഞാന്‍ അതിന്റെ പിന്നാലെ പോകുന്നില്ല. ആ ഫോണില്‍ അവധിക്കാലത്തെടുത്ത കുറെ ഓര്‍മ്മച്ചിത്രങ്ങളുണ്ട്. അവയെക്കുറിച്ചോര്‍ക്കുമ്പോഴാണ് ഒരു വിഷമം’ ഷിവോണ്‍ ഡെര്‍മോഡി പറഞ്ഞു.

ലോസ്റ്റ് ലഗ്ഗേജ് ലേലം ഓഗസ്റ്റ് മൂന്നിന്
നഷ്ടമായത് വീണ്ടെടുക്കാന്‍ അവസരം

ഷിവോണ് ഇങ്ങനെ നഷ്ടം പറ്റിയെങ്കിലും മറ്റുള്ള ഒട്ടറെ പേരാവട്ടെ തങ്ങളുടെ വിലപ്പെട്ട ഇത്തരം ഒട്ടേറെ വസ്തുക്കള്‍ വീണ്ടെടുക്കാന്‍ വന്നിട്ടേയില്ല.

എന്തായാലും നിങ്ങളുടെ വിലപ്പെട്ട ഏതെങ്കിലും വസ്തു ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നഷ്ടപെട്ടിട്ടുണ്ടെങ്കില്‍ അത് വീണ്ടെടുക്കാനായുള്ള അവസരമൊരുക്കുകയാണ് ഇപ്പോള്‍ ഡബ്ലിന്‍ എയര്‍ പോര്‍ട്ട് അതോറിറ്റി.

രാജ്യത്ത് ഇതാദ്യമായി ഒരു ലോസ്റ്റ് ലഗ്ഗേജ് ലേലം നടത്തുകയാണ്.എയര്‍ലൈന്‍ യാത്രക്കാരുടേതായി ലഭിച്ച ഡസന്‍ കണക്കിനു സ്യൂട്ട് കേസുകളും ബാഗുകളുമാണ് പോള്‍ കൂക്ക് ഓക്ഷന്‍സ് ലേലത്തിലൂടെ വില്‍ക്കുന്നത്.

ലേലത്തില്‍ കിട്ടുന്ന സ്യൂട്ട് കെയ്സിലെ എല്ലാം സാധന സാമഗ്രികളും നിങ്ങളുടെ സ്വന്തമായിരിക്കും. ഒരു തരത്തില്‍ ലക്കി ഡിപ് പോലെയാകും ഈ ലേലമെന്നാണ് കരുതുന്നത്.സ്യൂട്ട് കെയ്സുകള്‍ക്ക് പുറമെ വീട്ടുപകരണങ്ങളായ ടേബിളുകള്‍,സോഫ,എന്നിവയും ചിത്രങ്ങളും എല്ലാ ഇനങ്ങളിലുമുള്ള വില കൂടിയ ലാപ്ടോപ്പുകളും ,ശില്‍പ്പങ്ങളുമൊക്കെയായി നാന്നൂറിലേറെ ഇനങ്ങള്‍ ലേലത്തിനുണ്ടാകും.നിരവധി മൊബൈല്‍ഫോണുകളും ടാബ്ലറ്റുകളും ലേലത്തിനു വെയ്ക്കുന്നുണ്ട്.ഓഗസ്റ്റ് മൂന്നിനാണ് ലേലം. രണ്ടാം തീയതി രാവിലെ 9മുതല്‍ വൈകിട്ട് ആറ് വരെ ലേലവസ്തുക്കള്‍ നേരില്‍ക്കാണാനും അവസരമുണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

http://www.paulcookeauctions.com/stock?sale=170417

Scroll To Top