Saturday August 19, 2017
Latest Updates

രാജിവ് മാഷ് ഇപ്പോള്‍ എവിടെയാണ് ? പോത്തിറച്ചിയും കൂട്ടി നമുക്ക് പെരുനാള്‍ ഘോഷിക്കാം ,സമാധാനം നമ്മോടു കൂടെ  ….

രാജിവ് മാഷ് ഇപ്പോള്‍ എവിടെയാണ് ? പോത്തിറച്ചിയും കൂട്ടി നമുക്ക് പെരുനാള്‍ ഘോഷിക്കാം ,സമാധാനം നമ്മോടു കൂടെ  ….

മലയാളി സമൂഹം ലഞ്ജിച്ചു തല താഴ്‌ത്തേണ്ട ഒരു തീരുമാനമാണ് കഴിഞ്ഞ എരുമേലിയിലെ ,പള്ളിക്കാരും,ജമാ അത്കാരും,ഭരണകര്‍ത്താക്കളും , ചേര്‍ന്നെടുത്തിരിക്കുന്നത്.പന്നിയിറച്ചി മുസ്ലീം വിദ്യാര്‍ഥികളെ തീറ്റിച്ചവനെ ജീവനോടെ വെച്ചേക്കരുതെന്നു ആര്‍ത്തു വിളിച്ച് സെന്റ് തോമസ് സ്‌കൂളിലേയ്ക്ക് കടന്നു കയറി അധ്യാപകരെയും,ജീവനക്കാരെയും മര്‍ദിക്കുകയും വിദ്യാര്‍ഥികള്‍ക്ക് മുന്‍പില്‍ ആഭാസ നൃത്തം നടത്തുകയും ചെയ്ത മതഭീകര വാദികള്‍ക്ക് ഇത്തരം ചെയ്തികള്‍ ഇനിയും നിര്‍ദാക്ഷിണ്യം തുടരാനുള്ള ജാമ്യമാണ് സംയുക്ത മത സംഘടനകളുടെ തീരുമാനം.

പന്നിയിറച്ചി പൊതു സ്‌കൂളില്‍ വിളമ്പാന്‍ പാടില്ലയെന്നു  ആര്‍ക്കും പറയാന്‍ അവകാശമില്ല.വിളമ്പിയാല്‍ തന്നെ മുസ്ലീം വിദ്യാര്‍ഥികള്‍ അത് കഴിക്കരുതെന്ന് അമുസ്ലീം ആയ രാജിവ് ജോസഫ് എന്ന അദ്ധ്യാപകന്‍ മുന്നറിയിപ്പ് നല്കിയിരുന്നതാണ്.അക്കാര്യം മുസ്ലീം സമുദായക്കാരായ എന്‍ സി സി കേഡറ്റുകള്‍ തന്നെ തുറന്നു പറഞ്ഞിരുന്നതുമാണ്.

ആള്‍ക്കൂട്ടം അക്രമാസക്തരായി പാഞ്ഞു വന്നു വളഞ്ഞപ്പോഴും രാജിവ് മാഷ് ഇതേ വിവരം അവരോടു വിശദീകരിക്കുവാന്‍ ശ്രമം നടത്തിയിരുന്നു.അതൊന്നും കൂട്ടാക്കാതെ സിമി അടക്കമുള്ള നിരോധിക്കപ്പെട്ട സംഘടനയുടെ മുന്‍ പ്രവര്‍ത്തകര്‍ അടക്കം (അവരില്‍ എരുമേലിക്കാര്‍ കുറവായിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.ഈരാറ്റുപേട്ടയില്‍ നിന്നും പത്തനാട്ടുനിന്നും ഇറക്കുമതി ചെയ്ത തീവ്ര മതവാദികള്‍)സെന്റ് തോമസ് സ്‌കൂളിലെ കുട്ടികള്‍ക്ക് മുന്‍പില്‍ വെച്ച് അവരുടെ അധ്യാപകരെ അപമാനിക്കുകയായിരുന്നു.

അടുത്ത ദിവസങ്ങളില്‍ പോസ്റ്റര്‍ പതിച്ചും മറ്റും സ്‌കൂള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ മുസ്ലീം തീവ്രവാദികള്‍ രംഗത്തുണ്ടായിരുന്നു,ചില മാധ്യമങ്ങളും എരുമേലിയിലെ മിതവാദികളായ മുസ്ലീം സഹോദരങ്ങളും സംഭവിച്ച സത്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത് കൊണ്ട് തീവ്രവാദികള്‍ക്ക് അവരുടെ കള്ളപ്രചാരണങ്ങള്‍ തുടരാനാവാതെ വരികയായിരുന്നു.

ഇതിനിടയില്‍ പറ്റിയ ജാള്യത മറച്ചു വെയ്ക്കാന്‍ സംയുക്ത മതസംഘടനകള്‍ യോഗം ചേര്‍ന്ന് ഏകപക്ഷീയമായ തീരുമാനം എടുത്തത് ശുദ്ധ വങ്കത്തരമല്ലാതെ മറ്റൊന്നുമല്ല.അധ്യാപകനെതിരെയുള്ള കേസ് പിന്‍വലിയ്ക്കാനാണ് ഒന്നാമത്തെ തീരുമാനം.ചെയ്യാത്ത കുറ്റം എങ്ങനെ കേസാകും എന്ന ചോദ്യത്തിന് ആര് ഉത്തരം നല്‍കും ?

അതേസമയം ഒരാള്‍ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ , മത ഭീകരതയുടെ ചെറുപതിപ്പായി രണ്ടു ദിവസം എരുമേലിയില്‍ താണ്ഡവമാടിയ പ്രതിഷേധക്കാര്‍ക്കെതിരെയും കേസില്ല.സ്‌കൂളില്‍ അതിക്രമിച്ചു കയറിയതിനും,അനാവശ്യ അപവാദം പ്രച്ചരിപ്പിച്ചതിനും കേസില്ല !.

സംഭവങ്ങളില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഖേദം പ്രകടിപ്പിച്ചത്രേ…എന്തിനാണാവോ?അധ്യാപകനെതിരെയുള്ള കേസ് പിന്‍വലിക്കുന്നതിന് തങ്ങള്‍ക്കെതിര്‍പ്പില്ലെന്നു ജമാ അത് കമ്മിറ്റിയംഗങ്ങളും യോഗത്തില്‍ അറിയിച്ചുവത്രേ.എന്തിനാണ് അധ്യാപകന് എതിരെ കേസ് ?..പന്നി ഇറച്ചി മുസ്ലീം കുട്ടികള്‍ തിന്നരുത് എന്ന് പറഞ്ഞതിനോ ?

മതസംഘടനകളുടെയും രാഷ്ട്രീയക്കാരുടെയും സംയുക്ത യോഗം യഥാര്‍ഥത്തില്‍ രാജിവ് എന്ന അധ്യാപകനോടായിരുന്നു മാപ്പ് ചോദിക്കേണ്ടത്.അതവര്‍ ചെയ്തിട്ടില്ല.പന്നി ഇറച്ചി സ്‌കൂളില്‍ കയറ്റിയതിന് പള്ളിക്കാരും(ഇനിയത് കയറ്റില്ലെന്ന് പറഞ്ഞു സമ്മതിച്ചോ ആവോ?)ആക്രമണം സംഘടിപ്പിച്ചവര്‍ക്ക് വേണ്ടി ജമാ അത്ത്കാരും ഖേദം പ്രകടിപ്പിച്ചു !

മൊട്ടുസൂചി കിണറ്റില്‍ പോയാല്‍ വരെ മുഴുനീളെ ചര്‍ച്ച സംഘടിപ്പിക്കുന്ന കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ ഈ സംഭവം കാണാതെ പോയതെന്താണ്?

തൊടുപുഴയില്‍ ജോസഫ് മാഷുടെ കൈ വെട്ടും വരെ നിങ്ങള്‍ കാത്തിരുന്നു.മതമൌലികവാദം തുടക്കത്തിലെ നുള്ളിക്കളയുന്നതില്‍ ജാഗ്രത പാലിക്കേണ്ട ദൃശ്യമാധ്യമങ്ങള്‍ എരുമേലിയിലെ സംഭവത്തിന്റെ നിജസ്ഥിതി നല്‍കുന്ന പാഠം ഉദാഹരണമാക്കാന്‍ മുന്നോട്ടു വന്നില്ലെന്നത് ഖേദകരമാണ്.

വെള്ളിയാഴ്ച്ച, പോലിസ് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയെന്ന് പറയുന്ന രാജിവ് ജോസഫ് എന്ന അധ്യാപകന്‍ ഇപ്പോഴും പോലിസ് കസ്റ്റഡിയില്‍ തന്നെയാണ്.ഇന്ന് എരുമേലിയിലെ മുസ്ലീം സഹോദരന്‍മാര്‍ പോത്തും,ആടും കൂട്ടി പെരുനാള്‍ ചോറുണ്ണൂമ്പോള്‍ ഒരു തെറ്റും ചെയ്യാത്ത ഒരധ്യാപകന്‍ അഞ്ചു ദിവസമായി കുടുംബാംഗങ്ങളെ പോലും കാണാതെ ,ഒന്ന് ഫോണില്‍ സംസാരിക്കുവാന്‍ പോലും അവസരമില്ലാതെ കസ്റ്റഡിയില്‍ കഴിയുന്നു.രാജിവ് എവിടെയുണ്ടെന്ന് കുടുംബാംഗങ്ങളെ പോലും അറിയിച്ചിട്ടില്ല.

സമാധാന സമിതിയുടെ തീരുമാനത്തോടൊപ്പം വരേണ്ടതായിരുന്നു രാജീവിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കുന്നുവെന്ന വാര്‍ത്തയും.സ്‌കൂള്‍ മാനേജ് മെന്റ് അത്തരമൊരു തീരുമാനം വൈകിക്കുന്നത് ആരെ പ്രീതിപ്പെടുത്താനാണ്?

വാവരും അയ്യപ്പനും പള്ളിക്കമ്മിറ്റിക്കാരും മതങ്ങളും വിശ്വാസങ്ങളുടെ പേരിലോ കച്ചവടത്തിന്റെ പേരിലോ ഒന്നിച്ചു നില്‍ക്കട്ടെ ..എന്തായാലും സൗഹൃദം പുലരുക തന്നെ വേണം.പക്ഷേ നിരപരാധികളെ ഇരയാക്കി കൊണ്ട് വേണ്ട ആ സൗഹൃദം.കരുതല്‍ തടങ്കലില്‍ ആണെങ്കില്‍ പോലും തെറ്റ് ചെയ്യാത്ത രാജീവിന് സംസാര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ഈ സമാധാനം ആര്‍ക്കും ഭൂഷണമല്ല.

Scroll To Top