Wednesday May 23, 2018
Latest Updates

എരുമേലി വിമാനത്താവള പദ്ധതിയുടെ ചിറകരിയാന്‍ കൊച്ചി ലോബി,63 കോടിയ്ക്ക് വാങ്ങിയ ഭൂമിയുടെ പേരില്‍ ബിഷപ്പ് യോഹന്നാന്റെ പേരില്‍ ഉയര്‍ത്തുന്നത് 2500 കോടിയുടെ കുംഭകോണം!പിന്തുണയ്ക്കാന്‍ റാന്നി എം എല്‍ എ യും

എരുമേലി വിമാനത്താവള പദ്ധതിയുടെ ചിറകരിയാന്‍ കൊച്ചി ലോബി,63 കോടിയ്ക്ക് വാങ്ങിയ ഭൂമിയുടെ പേരില്‍ ബിഷപ്പ് യോഹന്നാന്റെ പേരില്‍ ഉയര്‍ത്തുന്നത് 2500 കോടിയുടെ കുംഭകോണം!പിന്തുണയ്ക്കാന്‍ റാന്നി എം എല്‍ എ യും

കോട്ടയം : എരുമേലി വിമാനത്താവള പദ്ധതിയുടെ ചിറകരിയാന്‍ സിപിഎമ്മിന്റെയും ബീ ജെ പിയുടെയുമടക്കമുള്ള നേതാക്കളെ രംഗത്തിറക്കി തത്പര കക്ഷികള്‍ തന്ത്രം മെനയുന്നതായി വിവരം.എരുമേലിയില്‍ ഉണ്ടാകുന്ന വിമാനത്താവളം,നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രാധാന്യം കുറയ്ക്കുമെന്നതിനാല്‍ അവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോബിയാണ് മറ്റൊരു വിമാനതാവളം കൊച്ചിയ്ക്കും തിരുവനന്തപുരത്തിനുമിടയ്ക്ക് ഉണ്ടാകാതിരിക്കാനുള്ള കരുക്കള്‍ നീക്കുന്നത് എന്നാണ് സൂചനകള്‍.

എരുമേലി വിമാനത്താവള പ്രഖ്യാപനത്തിന്റെ  പിറ്റെന്നാള്‍ പദ്ധതിയ്ക്ക് അനുകൂലമായി നിന്ന ബിജെപിയുടെയും സിപിഎമ്മിന്റെയും രണ്ടാം നിരനേതാക്കള്‍  മലക്കം മറിയുകയാണ് ഉണ്ടായത്.സിപിമ്മിന്റെ റാന്നി എംഎല്‍ എ രാജു അബ്രാഹം നിയമസഭയില്‍ പ്രത്യേക പരാമര്‍ശത്തിലൂടെ വിമാനത്താവളം പത്തനംതിട്ട ജില്ലയില്‍ വേണമെന്ന് പറഞ്ഞുവെച്ചു.പത്തനംതിട്ട ജില്ലതിര്‍ത്തിയില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ ദൂരെയാണ് എരുമേലിയില്‍ പുതിയ പദ്ധതി ആരംഭിക്കുന്നത് എങ്കിലും കോന്നിയിലോ ളാഹയിലോ പദ്ധതി വേണമെന്ന ധ്വനിയാണ് രാജു അബ്രാഹം മുഴക്കിയത്.ഈ പരാമര്‍ശം പാര്‍ട്ടി അനുമതിയോടെയാണ് എന്നാണ് ചില നിരീക്ഷകര്‍ കരുതുന്നത്.erume-1

ബിജെപിയാവട്ടെ വന്‍ തീവെട്ടിക്കൊള്ളയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന ആരോപണവുമായി രംഗത്തിറക്കിയത് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി. മുരളീധരനെയാണ്.2500 കോടി രൂപയുടെ കുംഭകോണമാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഹാരിസണ്‍ മലയാളം കമ്പനിയില്‍ നിന്നും കെ.പി യോഹന്നാന്‍ വാങ്ങിയ ചെറുവള്ളി എസ്റ്റേറ്റിലാണ് വിമാനത്താവള പദ്ധതി നടപ്പിലാക്കാന്‍ നീക്കം നടത്തുന്നത്. 2000 ഏക്കര്‍ വരുന്ന പാട്ട ഭൂമി നിയമ വിരുദ്ധമായി കൈവശം വച്ചിരിക്കുന്നുവെന്ന ആരോപണത്തില്‍ യോഹന്നാന്റെ പേരില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നാണ് മുരളീധരന്റെ ആരോപണം.സര്‍ക്കാര്‍ ഭൂമിയില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ബിഷപ്  യോഹന്നാന് ഓഹരിപങ്കാളിത്തം നല്‍കി ഏക്കര്‍ കണക്കിന് തോട്ടഭൂമി സ്വകാര്യ ഉടമകള്‍ക്ക് തീറെഴുതാനുള്ള ഗൂഢശ്രമമാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും നടപ്പിലാക്കുന്നതെന്നാണ് വി. മുരളീധരന്റെ ആരോപണം. ബിഷപ് യോഹന്നാന് ഓഹരി നല്‍കിക്കൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ച് സമര രംഗത്തിറങ്ങുമെന്നും മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.

2263 ഏക്കര്‍ സ്ഥലം 300 കോടി രൂപ കൊടുത്ത് 9 വര്‍ഷം മുമ്പാണ് ബിഷപ് കെ പി യോഹന്നാന്‍ കൈവശപ്പെടുത്തിയത്.ഇതിനുള്ള വിലയായി 63 കോടി രൂപ മാത്രമാണ് ആധാരത്തില്‍ കാണിച്ചിരിക്കുന്നത്.ഈ തുകയുടെ സ്രോതസ് കാണിച്ചിട്ടില്ലെന്നതടക്കമുള്ള ആരോപണം ബിഷപ് കെ പി യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ചിന്റെ പേരിലുണ്ട്.

അനേക വര്‍ഷങ്ങള്‍ ഹാരിസണ്‍ മലയാളം കൈവശം വെച്ചനുഭവിച്ച ശേഷം ബിഷപ്പ് യോഹന്നാന് നല്‍കിയ സ്ഥലം,സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതാണെന്നും ഇവയ്ക്ക് വേണ്ടി ഹാരിസണ്‍ ഹാജരാക്കിയ പ്രമാണങ്ങള്‍ വ്യാജമാണെന്നും കാണിച് കേരളസര്‍ക്കാര്‍  കോടതിയില്‍  എത്തിയതോടെയാണ് ബിഷപ് കെ പി യോഹന്നാന്‍ പ്രതിസന്ധിയിലായത്.

തുടര്‍ന്ന് ചെറുവള്ളി എസ്റ്റേറ്റ് ഏതുവിധേനയും ‘തലയില്‍ നിന്നൊഴിവാക്കാന്‍ ‘ബിലീവേഴ്സ് ചര്‍ച്ച്    ശ്രമിക്കുകയും ചെയ്തു.അതിനായി ബി ജെപി നേതാവും കാഞ്ഞിരപ്പള്ളി മുന്‍ എംഎല്‍എയുമായ അല്‍ഫോന്‍സ് കണ്ണന്താനത്തെ ഉപയോഗിച്ച് എരുമേലി വിമാനത്താവള പദ്ധതി ബിഷപ് കെ പി യോഹന്നാന്‍ വിഭാവനം ചെയ്യുകയും ചെയ്തു.

എന്നാല്‍ സ്ഥലം ഉടമസ്തത സംബന്ധിച്ച്  ബിലീവേഴ്സ് ചര്‍ച്ചിന് മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ കോടതിയിലുള്ള കേസില്‍ സര്‍ക്കാരിന് അനുകൂലമായ വിധി ഉണ്ടാകുമെന്ന് പറയപ്പെടുമ്പോഴും ചെറുവള്ളി എസ്റ്റേറ്റില്‍ വന്നേക്കാവുന്ന വിമാനത്താവളപദ്ധതിയില്‍ ബിഷപ് കെ പി യോഹന്നാന് ഓഹരി പങ്കാളിത്തം നല്‍കേണ്ടി വരുമെന്ന വാദമാണ് വിമാനതാവള പദ്ധതിക്കെതിരെ എതിര്‍പ്പുയര്‍ത്താന്‍ ചിലരെ പ്രേരിപ്പിക്കുന്ന ഘടകം.

ഇനി അഥവാ സര്‍ക്കാര്‍ പക്ഷം വാദം കോടതിയില്‍ പരാജയപ്പെട്ടാലും ആധാരപ്രകാരം ബിഷപ്പ് യോഹന്നാന്‍ മുടക്കിയ തുക മടക്കി നല്‍കി അവരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ബിഷപ്പ് യോഹന്നാനും എതിര്‍പ്പുണ്ടാവില്ലെന്ന് പറയപ്പെടുമ്പോഴാണ് കേസിന്റെ വിധി ബിലീവേഴ്സ് ചര്‍ച്ചിന്  എതിരായി പരിഗണിക്കുമെന്ന മുന്‍വിധിയുയര്‍ത്തി വിമാനത്താവള പദ്ധതിയില്‍ ബിലീവേഴ്സ് ചര്‍ച്ചിന്  ഓഹരി പങ്കാളിത്വം നല്‍കാന്‍ പാടില്ലെന്ന് മറുപക്ഷം വാദിക്കുന്നത്.
കൊച്ചി വിമാനത്താവളം അനുബന്ധമാക്കി പടുത്തുയര്‍ത്തിയ ബിസിനസിനെ ബാധിക്കുമെന്ന ഭീതിയിലുള്ള ഒരു സംഘമാണ് എരുമേലി പദ്ധതിയ്ക്ക് എതിരായി രംഗത്തെത്താന്‍ രാഷ്ട്രീയക്കാരെ പ്രേരിപ്പിക്കുന്നത് എന്നാണ് ലഭ്യമായ വിവരം.പത്തനംതിട്ട,ഇടുക്കി ,കോട്ടയം,ആലപ്പുഴ.കൊല്ലം ജില്ലയിലെ ബഹുഭൂരിപക്ഷം പ്രവാസികള്‍ക്കും എരുമേലിയിലെ നിര്‍ദ്ധിഷ്ട പദ്ധതി പ്രദേശത്ത് നിന്നാവും ഏറ്റവും എളുപ്പത്തില്‍ വിമാനയാത്ര ചെയ്യാനാവുക എന്നതിനാലാണ് എരുമേലി വിമാനത്താവളം,നെടുമ്പാശ്ശേരിയ്ക്ക് ഭീഷണിയാവുന്നത്.dista

പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ഇടപെടല്‍ ചിലരെയെങ്കിലും അലോരസപ്പെടുത്തുന്നുണ്ട് എന്നതും മറ്റൊരു എതിര്‍പ്പിന് കാരണമായി.സ്ഥലം എംഎല്‍എ കൂടിയായ ജോര്‍ജാണ് വിമാനത്താവള പദ്ധതിയ്ക്കായി ഏറ്റവും അധികം പ്രയത്നം നടത്തുന്നത് എന്നത് മറ്റുള്ള രാഷ്ട്രീയക്കാരുടെ എതിര്‍പ്പിന് ആക്കം കൂട്ടുന്നു.ഒറ്റയാനായി നിന്ന് കോട്ടയത്തിന്റെ മണ്ണില്‍ ജനപക്ഷത്തിന് വേരുറപ്പിക്കാനുള്ള അവസരമായി പദ്ധതിയെ പി സി ജോര്‍ജ് പ്രയോജനപ്പെടുത്തുമെന്നാണ് ഇക്കൂട്ടരുടെ ആശങ്ക.

ശബരിമല തീര്‍ഥാടകര്‍ക്കെന്ന പേരിലാണ് എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.പ്രധാനമന്ത്രി നേരിട്ടെത്തി ഫെബ്രുവരി മാസത്തില്‍ എരുമേലി വിമാനത്താവളത്തിന്റെ തറക്കല്ലിടല്‍ നടത്തുമെന്നും സൂചനകളുണ്ട്.ഇവയെയൊക്കെ മുളയിലേ നുള്ളി എരുമേലി വിമാനത്താവള പദ്ധതി തകര്‍ക്കാന്‍ എല്ലാ രാഷ്ട്രീയക്കാരെയും കൂട്ടുപിടിച്ചാണ് കൊച്ചി ലോബിയുടെ പടനീക്കം

Scroll To Top