Tuesday December 06, 2016
Latest Updates

റഫറണ്ടം:വിവാഹ ചുമതലകളില്‍ നിന്നും ഒഴിവാകുമെന്ന ഐറിഷ് ബിഷപ്‌സ് കൌണ്‍സില്‍ തീരുമാനം ഒളിച്ചോട്ടമെന്നു ആക്ഷേപം

റഫറണ്ടം:വിവാഹ ചുമതലകളില്‍ നിന്നും ഒഴിവാകുമെന്ന ഐറിഷ് ബിഷപ്‌സ് കൌണ്‍സില്‍ തീരുമാനം ഒളിച്ചോട്ടമെന്നു ആക്ഷേപം

ഡബ്ലിന്‍:ഐറിഷ് കത്തോലിക്കാ സഭ ഈക്വാളിറ്റി റഫറണ്ടം സംബന്ധിച്ച് തണുപ്പന്‍ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പൊതു വിമര്‍ശനം ഉയരുന്നു.സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കുകയാണെങ്കില്‍ നിലവില്‍ വിവാഹത്തിനു ശേഷം നടക്കുന്ന എല്ലാ നിയമപരമായ ചടങ്ങുകളില്‍ നിന്ന് സഭ പിന്‍വാങ്ങുമെന്ന് അയര്‍ലണ്ടിലെകത്തോലിക്കാ ബിഷപ്പ്‌സ് കൌണ്‍സില്‍ വക്താവ് വ്യക്തമാക്കിയിരുന്നു.. ഇതോടെ അയര്‍ലണ്ടിലെ പള്ളികളില്‍ നിന്നും വിവാഹംനടത്തുന്ന ആയിരക്കണക്കിന് വധൂവരന്മാര്‍ക്ക് തങ്ങളുടെ വിവാഹം നിയമ വിധേയമാക്കാന്‍ മറ്റു സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരും.

നിലവില്‍ അയര്‍ലണ്ടിലെ പള്ളികളിലെ മതപരമായ ചടങ്ങുകള്‍ക്ക് ശേഷം പുരോഹിതന്‍ നടത്തിപ്പുകാരനായും മറ്റുള്ളവര്‍ സാക്ഷികളായും വിവാഹ ഉടമ്പടി കരാറില്‍ ഒപ്പിടുന്നതോടെ ആ വിവാഹം നിയമ സാധുതയുള്ളതായി മാറും.

എന്നാല്‍, വിവാഹത്തിന്റെ വ്യാഖ്യാനത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുകയാണെങ്കില്‍ വിവാഹ നടത്തിപ്പുകാര്‍ എന്ന നിലയില്‍ കത്തോലിക്കാ പുരോഹിതര്‍ക്ക് നിയമപരമായി ചടങ്ങില്‍ സന്നിഹിതരാവാന്‍ കഴിയില്ല എന്ന് കാത്തലിക് കമ്മ്യൂണിക്കേഷന്‍ ഓഫീസ് ഡയറക്ടര്‍ മാര്‍ട്ടിന്‍ ലോങ്ങ് പറഞ്ഞു. ഹിതപരിശോധന വിജയിക്കുകയാണെങ്കില്‍ സര്‍ക്കാറിന്റെയും സഭയുടെയും വിവാഹ കാഴ്ചപ്പാടില്‍ മാറ്റം സംഭവിക്കുമെന്നും
ഏതു നിലപാടിനൊപ്പം നില്‍ക്കണമെന്ന് പുരോഹിതര്‍ക്ക് തീരുമാനം എടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

അതേസമയം ജനഹിത പരിശോധന പാസായാലും വിവാഹത്തിനായി ഭരണഘടന അനുശാസിക്കുന്ന സമ്പ്രദായങ്ങള്‍ തുടരുമെന്ന് റഫറണ്ടം കമ്മീഷണര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ഇതില്‍ പള്ളികളില്‍ വെച്ചു നടക്കുന്ന വിവാഹരീതി നിയമപരമായി തുടരും എന്നുള്ള സൂചനകള്‍ ആണുള്ളത്.അത്തരം നിയമ പരമായ ബാധ്യതകള്‍ പൂര്‍ണ്ണമായും കൈവെടിയുമെന്ന സമീപനമാണ് വിമര്‍ശനത്തിന് പാത്രമാവുന്നത്.

നിലവില്‍ അയര്‍ലണ്ടില്‍ മൂന്നു രീതികളില്‍ ഉള്ള വിവാഹ കര്‍മ്മങ്ങള്‍ സാധുവാണ്.മതപരമായ വിവാഹം,സെക്കുലര്‍ വിവാഹം,സിവില്‍ വിവാഹം.എന്നിവയാണ് ഇവ.ഇപ്പോള്‍ കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്നത് പരമ്പരാഗതമായ കത്തോലിക്കാ രീതിയില്‍ തന്നെയാണ്.കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ നടന്ന 22045 വിവാഹങ്ങളില്‍ 59 % ഈ രീതിയിലായിരുന്നു.

പള്ളികള്‍ വിവാഹത്തിന് വേണ്ടിയുള്ള നിയമപരമായ ചുമതലകളില്‍ നിന്നും പിന്നോട്ട് പോയാല്‍ വിവാഹത്തിനായി സര്‍ക്കാര്‍ ഒരുക്കുന്ന സംവിധാനത്തെ ജനങ്ങള്‍ക്ക് ആശ്രയിക്കേണ്ടി വരും.

ബിഷപ്‌സ് കൌണ്‍സിലിന്റെ തീരുമാനം കൂടുതല്‍ വിവാഹങ്ങള്‍ സിവില്‍ രീതിയില്‍ നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന വിധത്തിലായി പോയെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.ഐറിഷ് കത്തോലിക്കാ സഭ ഈക്വാളിറ്റി റഫറണ്ടത്തിനു ഇത്തരത്തില്‍ പിന്തുണ നല്കുകയാണ് എന്നാണ് യാഥാസ്ഥിതിക വാദികളുടെ വിമര്‍ശനം 


Scroll To Top