Friday December 09, 2016
Latest Updates

ജയരാജന്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടി വരും,രാജി സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചു

ജയരാജന്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടി വരും,രാജി സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചു

തിരുവനന്തപുരം: ബന്ധുനിയമനവിവാദവുമായി ബന്ധപ്പെട്ട് വ്യവസായമന്ത്രി ഇ. പി. ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചു. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചത്.

വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിയമന വിവാദം ചര്‍ച്ചചെയ്യാനിരിക്കേയാണ് രാജിവയ്ക്കാന്‍ ജയരാജന്‍ തയ്യാറായത്.മന്ത്രിയുടെ ബന്ധുക്കള്‍ക്ക് അനധികൃതമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കിയത് കൂടുതല്‍ വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ രാജി സന്നദ്ധത.

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ പോലും ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.ജയരാജന്‍ രാജി സന്നദ്ധത അറിയിച്ച വിവരം കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍, രാജിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മാത്രമേ ഉണ്ടാകൂ.

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ.പി. ജയരാജനെതിരേ പ്രാഥമികാന്വേഷണം വേണമെന്നു നിയമോപദേശം ലഭിച്ചതിനു പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇന്ന് രാവിലെ രാവിലെ തന്നെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ ജേക്കബ് തോമസ് 20 മിനിറ്റോളം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.ജയരാജനെതിരെ ത്വരിത പരിശോധന നടത്താന്‍ അനുമതി തേടിയാണ് വിജിലന്‍സ് ഡയറക്ടര്‍ എത്തിയതെന്നാണ് വിവരം. ഇന്നു തന്നെ ജയരാജനെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടേക്കുമെന്നാണ് കരുതുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇന്നു രാവിലെ എഡിജിപിയും നിയമോപദേശകരും അടക്കമുള്ള വിജിലന്‍സ് ഉന്നതരുടെ യോഗം വിളിച്ചിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണ കാര്യങ്ങളാകും യോഗത്തില്‍ ചര്‍ച്ച ചെയ്യുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു ബന്ധു നിയമന വിഷയത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത്.

Scroll To Top