Sunday December 17, 2017
Latest Updates

കോട്ടയം മെഡിക്കല്‍ കോളജില്‍ ആരംഭിച്ച ‘എന്റെ ഗ്രാമം’ ഭക്ഷണവിതരണ’ കൂട്ടായ്മയ്ക്ക്  പിന്തുണയുമായി അയര്‍ലണ്ടിലെ മലയാളികളും 

കോട്ടയം മെഡിക്കല്‍ കോളജില്‍ ആരംഭിച്ച ‘എന്റെ ഗ്രാമം’ ഭക്ഷണവിതരണ’ കൂട്ടായ്മയ്ക്ക്  പിന്തുണയുമായി അയര്‍ലണ്ടിലെ മലയാളികളും 

ഡബ്ലിന്‍: ഒരു നേരത്തെ ആഹാരം വലിയൊരു ഉപകാരമായി മാറുന്ന ഒട്ടേറെപ്പേര്‍ നമ്മുടെ സമൂഹത്തിലുണ്ട് …

തെരുവോരങ്ങളില്‍ ആശുപത്രിയില്‍, അനാഥാലയങ്ങളില്‍ വിശപ്പിന്റെ , ദാരിദ്ര്യത്തിന്റെ , രോഗത്തിന്റെ മുന്നില്‍ നിസ്സഹായരായി,വിശന്നുപൊരിയുന്ന വയറുമായി നില്‍ക്കുന്നവരോട്,

മനസ്സിന്റെ കോണിലെവിടെയെങ്കിലും ഒരു സഹതാപതരംഗം ഉയര്‍ന്നിട്ടുണ്ട് എങ്കില്‍,

കണ്ണുകളിലെന്നെങ്കിലും ഒരിറ്റു ദയയുടെ നനവാര്‍ന്ന തുള്ളി വിടര്‍ന്നടര്‍ന്നുവെങ്കില്‍ ,

ഒരിക്കലെങ്കിലും ഒരു ചുടുനിശ്വാസം അറിയാതെയെങ്കിലും നിങ്ങളില്‍ നിന്നും ഇവരെയോര്‍ത്തു ഉതിര്‍ന്നിട്ടുണ്ടെങ്കില്‍,

ഇവര്‍ക്കൊക്കെ വേണ്ടി എന്തെകിലും ചെയ്യാന്‍ കഴിയുമോ എന്ന ചിന്ത ജീവിതത്തില്‍ ഒരിക്കലെങ്കിലും മനസ്സിലൂടെ കടന്നു പോയിട്ടില്ലാത്തവര്‍ കുറവാകും.

വിശക്കുന്ന വയറിനു മുന്‍പില്‍ ആഹാരമല്ലാതെ മറ്റൊരു പകരമില്ല .വേദവാക്യങ്ങളോ,മധുരഭാഷണങ്ങളോ,സാന്ത്വനവചസ്സോ ഒന്നും അവിടെ പകരമാവില്ല….

അത്തരമൊരു ചിന്തയില്‍ നിന്നാണ് അയര്‍ലണ്ടില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ഒരു പറ്റം പ്രവാസികള്‍ തുടങ്ങി വെച്ച ‘എന്റെ ഗ്രാമം’ എന്ന പദ്ധതിയോട് ഡബ്ലിന്‍ സോര്‍ഡ്‌സിലെ മലയാളി സഹോദരങ്ങളും പങ്കു ചേരുന്നത്.

ജന്മനാട്ടിലെ അവശരായ സഹോദങ്ങളെ ഒരു കൈ സഹായിക്കാനാഗ്രഹമുള്ളവരുടെ കൂട്ടായ്മയായ ‘എന്റെ ഗ്രാമം’ വഴി കോട്ടയം മെഡി: കോളജിലെത്തുന്ന കാന്‍സര്‍ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കുമായി 750-തില്‍ അധികം പേര്‍ക്കാണ് ഭക്ഷണവിതരണം നടത്തുന്നത്. ഇപ്പോള്‍ ആഴ്ചയില്‍ ഒരു തവണ മാത്രമുള്ള ഭക്ഷണ വിതരണസഹായം അടുത്ത മാസം മുതല്‍ ചൊവ്വായും വ്യാഴവും ദിവസങ്ങളിലായി ആഴ്ചയില്‍ രണ്ടു ദിവസം ഭക്ഷണം കൊടുക്കുന്നതിനുള്ള ശ്രങ്ങളാണ് സംഘാടകര്‍ നടത്തുന്നത്.

അയര്‍ലണ്ടില്‍ നിന്നും ഓസ്ട്രേലിയക്ക് കുടിയേറിയ എന്റെ ഗ്രാമം ചാരിറ്റി ട്രെസ്റ്റ് ചെയര്‍മാന്‍ സജി മുണ്ടക്കലിന്റെ നേതൃത്വത്തില്‍ പെര്‍ത്തിലെയും, ഡാര്‍വിനിലെയും, മെല്‍ബണിലെയും, സിഡ്‌നിയിലെയും മലയാളികള്‍ക്കൊപ്പം അയര്‍ലണ്ടിലെ മലയാളികളും എന്റെ ഗ്രാമത്തിന് പിന്തുണയുമായി എത്തിക്കഴിഞ്ഞു.ഇന്നലെ സോര്‍ഡ്സിലെ മലയാളികളാണ് എന്റെ ഗ്രാമം വഴി മെഡിക്കല്‍ കോളജില്‍ ഭക്ഷണം വിതരണം ചെയ്തത്.

എന്റെ ഗ്രാമം പദ്ധതി വഴി കൂടുതല്‍ പേര്‍ക്ക് സഹായം എത്തിക്കാനുള്ള പരിശ്രമത്തിലാണ് സംഘാടകര്‍.സുമനസുള്ളവര്‍ പദ്ധതിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹായമെത്തിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസിമലയാളികളുടെ ഈ സംഘം.
കൂടുതല്‍ വിവരങ്ങള്‍ക്ക് :0879496521

Scroll To Top