Sunday August 20, 2017
Latest Updates

കാല്‍ നൂറ്റാണ്ടിനിടയില്‍ മലയാളം കണ്ട ഏറ്റവും മികച്ച ചലച്ചിത്രം അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു 

കാല്‍ നൂറ്റാണ്ടിനിടയില്‍ മലയാളം കണ്ട ഏറ്റവും മികച്ച ചലച്ചിത്രം അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു 

ഡബ്ലിന്‍:കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ മലയാളം കണ്ട ഏറ്റവും മികച്ച ചലച്ചിത്രമെന്ന് നിരൂപകരും പ്രേക്ഷകരും ഒരേ പോലെ പുകഴ്ത്തുന്ന .’എന്ന് നിന്റെ മൊയ്തീന്‍’അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു.

ഒക്ടോബര്‍ 17,18 (ശനി,ഞായര്‍)ദിവസങ്ങളിലാണ് ഡബ്ലിനില്‍ ‘മൊയ്തീന്‍’ എത്തുന്നത്.ശനിയാഴ്ച്ച രാവിലെ 11 മണിയ്ക്ക് സാന്‍ട്രിയിലെ ഐ എം സി സിനിമയിലും,ഞായറാഴ്ച്ച 11 മണിയ്ക്ക് താലയിലെ ഐ എം സി യിലുമാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.മറ്റു കേന്ദ്രങ്ങളുടെ വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.അറിയിക്കുന്നതാണ്.

ടിക്കറ്റ് തീയേറ്ററില്‍ നിന്നും ലഭിക്കുന്നതാണ്.മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കില്ല .ഗ്രീന്‍ മാന്‌ഗോ മൂവി ആന്‍ഡ് എന്റര്‍റൈന്‍മെന്റ്‌സാണ് അയര്‍ലണ്ടില്‍ എന്ന് നിന്റെ മൊയ്തീന്‍ വിതരണത്തിനെത്തിക്കുന്നത് കൂടുതല്‍ വിവരങ്ങള്‍ക്ക് 0892475818,089443642 

പ്രചാരണകോലാഹലങ്ങളില്ലാതെ കാതോടു കാതോരം പ്രേക്ഷകലക്ഷങ്ങള്‍ പറഞ്ഞറിയിച്ച വിജയമന്ത്രം മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത ജനപ്രീതി ‘മൊയ്തീന് നേടി കൊടുത്തു.മലയാളക്കരയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മൊയ്തീന്‍ പ്രിയപ്പെട്ടവനായത് അങ്ങനെയാണ്.

കാഞ്ചനമാല എന്ന കാമുകി, മൊയ്തീന്‍ എന്ന കാമുകനുവേണ്ടി സെല്ലുലോയ്ഡില്‍ ഒരുക്കുന്ന പ്രണയ സ്മാരകം കൂടിയാണിത്. ചലച്ചിത്രത്തിന്റെ പേര് `എന്നു നിന്റെ മൊയ്തീന്‍’.

1960കളില്‍ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന ഒരു അവിശ്വസനീയമായ പ്രണയകഥയാണ് സിനിമയാകുന്നത്. മുക്കത്ത് സുല്‍ത്താന്‍ എന്ന് അറിയപ്പെട്ടിരുന്ന വി.പി. ഉണ്ണിമൊയ്തീന്‍ സാഹിബിന്റെ മകന്‍ മൊയ്തീനും രാഷ്ട്രീയസാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും. 

കല്‍പ്പിതകഥകളിലെ അമ്പരപ്പിക്കലുകളെ അപ്രസക്തമാക്കുന്ന സംഭവവികാസങ്ങളും പ്രതിബന്ധങ്ങളുമാണ് മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയത്തെ നേരിട്ടത്. ഇവരുടെ ജീവിതം പറയാന്‍ ഒരു സിനിമയുടെ പരമാവധി സമയദൈര്‍ഘ്യം പോലും തികയില്ലെന്നിരിക്കെ മൊയ്തീന്‍കാഞ്ചനാ പ്രണയകാണ്ഡത്തില്‍ മാത്രം ശ്രദ്ധയൂന്നിയാണ് സംവിധായകന്‍ എന്ന് നിന്റെ മൊയ്തീന്‍ അവതരിപ്പിച്ചത്.

ജനകീയ പ്രണയകഥയുടെ ജനപ്രിയതയുള്ള വ്യഖ്യാനമാണ് എന്ന് നിന്റെ മൊയ്തീന്‍. പ്രണയിനിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണിനെ നെഞ്ചോടടുക്കി ജീവിച്ച മൊയ്തീനും, ആ പ്രണയത്തെ മരിക്കാതെ കാത്ത കാഞ്ചനമാലയ്ക്കുമുള്ള ഹൃദയാദരമാണ് ഈ സിനിമ. ശുദ്ധഹാസ്യമെന്ന ജാമ്യത്തില്‍ ഭാവനാശൂന്യതയിലേക്കുള്ള പിന്മടക്കമാക്കുന്ന പൊളളപ്പടപ്പുകള്‍ക്കിടയില്‍ എന്ന് നിന്റെ മൊയ്തീന്‍ ആശ്വാസമേകുന്നു. സിനിമയെന്ന മാധ്യമത്തെ സത്യസന്ധമായി സമീപിച്ച ആര്‍ എസ് വിമല്‍ എന്ന സംവിധായകന്റെ തുടര്‍പ്രതീക്ഷയേകുന്ന തുടക്കവുമാണ് ഈ സിനിമ.

സമയകാലങ്ങളെ വേര്‍തിരിക്കാതെയും, കൃത്യമായ ആഖ്യാനസ്വഭാവം നിര്‍ബന്ധമാക്കാതെയും മൊയ്തീനും കാഞ്ചനയും നേരിടുന്ന പ്രതിബന്ധങ്ങളിലേക്ക് നേരിട്ട് ചെല്ലുകയാണ് സംവിധായകന്‍.മൊയ്തീനില്‍ നിന്നും കാഞ്ചനയില്‍ നിന്നും അവരിടപെടുന്ന ലോകത്തേക്ക് പ്രവേശിക്കുന്ന സിനിമ ഏകപക്ഷീയമായി നായകനിലേക്കും നായികയിലേക്കും മടങ്ങുകയാണ്. 

മുക്കം എന്ന കഥാഭൂമികയെ മുക്കിക്കളഞ്ഞുള്ള ഈ നായകന്‍നായികാ കേന്ദ്രീകൃത ആഖ്യാനം ആദ്യപകുതിയുടെ ഒതുക്കത്തെ ബാധിക്കുന്നുണ്ട്. ദൈര്‍ഘ്യമേറിയ മൊണ്ടാഷുകളായി പ്രണയതീവ്രത പകര്‍ത്തുമ്പോളുണ്ടായ മന്ദതാളത്തെ സമര്‍ത്ഥമായി മറികടന്ന് മുന്നേറുകയാണ് രണ്ടാംപകുതി. തുടര്‍ന്നങ്ങോട്ട് സിനിമയുടെ മുറുക്കമേറുന്നത് ആഖ്യാനരീതി ഇടക്കിടെ മാറ്റിയുള്ള ഈ കൗശലത്തിലാണ്. രംഗസൃഷ്ടിയിലും കഥാപാത്രസൃഷ്ടിയിലും പശ്ചാത്തലനിര്‍മ്മിതിയിലും പീരിഡ് സിനിമ എന്നത് വലിയ വെല്ലുവിളിയാണെന്നിരിക്കെ സ്വഭാവികതയിലേക്ക് പാകപ്പെടുത്തിയ അഭിനേതാക്കളും,ജോമോന്‍ ടി ജോണിന്റെ ഛായാഗ്രഹണമികവും,ഗോകുല്‍ദാസിന്റെ കലാസംവിധാനവും,എം.ജയചന്ദ്രനും രമേഷ് നാരായണനും തീര്‍ത്ത സംഗീതവും വിദഗ്ധമായി ഏകോപിപ്പിക്കാന്‍ ആര്‍ എസ് വിമലിന് കഴിഞ്ഞു.

മഴയുടെ സകല ഭാവങ്ങളെയും സിനിമയുടനീളം സമര്‍ത്ഥമായി സമന്വയിപ്പിച്ചിരിപ്പിക്കുന്നത് കാണാം. പശ്ചാത്തലസംഗീതത്തോളം അനുഭവഭേദ്യമാണ് മൊയ്തീന്റെയും കാഞ്ചനയുടെ പ്രണയത്തിന് മിത്രമായും ശത്രുവായും മാറുന്ന മഴപ്പെയ്ത്ത്. രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈന്‍ കൂടിയാണ് ഈ ഘട്ടങ്ങളെ മനോഹരമാക്കിയത്.

സമീപകാലത്തെ മികച്ച അഭിനയമുഹൂര്‍ത്തങ്ങളുടേതുമാണ് എന്ന് നിന്റെ മൊയ്തീന്‍. അടുത്തിറങ്ങിയ ഓരോ സിനിമകള്‍ക്കൊപ്പവും അഭിനേതാവെന്ന നിലയില്‍ പുതുദൂരം താണ്ടുകയാണ് പൃഥ്വിരാജ്. സാഹസികനും കൗശലക്കാരനും തന്റേടിയുമായ മൊയ്തീനെ ഉജ്വലമാക്കിയിട്ടുണ്ട്. അതേ സമയം തന്നെ തന്നിലെ സാഹസികനെ പോലും നിസ്സഹയനാക്കുന്ന മൊയ്തീന്റെ പ്രണയജീവിതത്തില്‍ ഭാവങ്ങളുടെ സൂക്ഷ്മസംവേദനത്തില്‍ പൃഥ്വി കയ്യടിപ്പിക്കുന്നുണ്ട്. നോട്ട്ബുക്ക് മുതല്‍ ഒമ്പത് വര്‍ഷമായി മലയാളത്തിലുണ്ടായിരുന്ന പാര്‍വതി എന്ന അഭിനേത്രിയെ ഏറ്റവും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തിയ ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. ബാംഗ്ലൂര്‍ ഡേയ്‌സ്,മരിയാന്‍ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ കരുത്തുറ്റ കഥാപാത്രങ്ങളെ കണ്ണുംപൂട്ടിയേല്‍പ്പിക്കാവുന്ന അഭിനേത്രിയായി പാര്‍വതി കാഞ്ചനമാലയിലൂടെ മാറിയിരിക്കുന്നു.

ഗൃഹപാഠമില്ലാതെയെത്തുന്ന ഫോര്‍മുലാ പാക്കേജ് സിനിമകളുടെ താല്‍ക്കാലിക വിജയങ്ങള്‍ക്കിടയില്‍ എന്ന് നിന്റെ മൊയ്തീന് തലയുയര്‍ത്തി നില്‍ക്കാം. മനുഷ്യരുടെ മതമതിലുകളെ, പ്രണയത്തെ തന്നെ മതമാക്കി അതിജയിച്ച മൊയ്തീന്‍കാഞ്ചനാമാല പ്രണയത്തെ തുടര്‍കാലം എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ അയര്‍ലണ്ടിലെ മലയാളികളും അറിയട്ടെ

മൊയ്ദീന്റെ പ്രണയത്തിന്റെ ഒറിജിനല്‍ കഥ പറയുന്ന ഒരു ഡോക്കുമെന്ററി മലയാളികള്‍ കണ്ടു കഴിഞ്ഞതാണ്.ഇപ്പോഴിതാ മനോഹരമായി ആ പ്രണയകാവ്യം അഭ്രപാളികളില്‍ കാണാനും അവസരമൊരുങ്ങുന്നു,
മൊയ്ദീന്റെ പ്രണയത്തിന്റെ ഒറിജിനല്‍ കഥ പറയുന്ന ഒരു ഡോക്കുമെന്ററി കാണാം 

Scroll To Top