Tuesday January 24, 2017
Latest Updates

കൗണ്ടി ക്ലയറിലെ ഭൂഗര്‍ഭഗുഹയില്‍ വഴിതെറ്റി 28 മണിക്കൂര്‍ അകപ്പെട്ടു പോയ അപ്പനെയും മകനെയും രക്ഷപ്പെടുത്തി 

കൗണ്ടി ക്ലയറിലെ ഭൂഗര്‍ഭഗുഹയില്‍ വഴിതെറ്റി 28 മണിക്കൂര്‍ അകപ്പെട്ടു പോയ അപ്പനെയും മകനെയും രക്ഷപ്പെടുത്തി 

എന്നിസ്: കൌണ്ടി ക്ലയറിലെ ഒരു ഗുഹയില്‍ വഴി തെറ്റി 28 മണിക്കൂര്‍ അകപ്പെട്ടു പോയ അച്ഛനെയും മകനെയും സാഹസികമായി രക്ഷപ്പെടുത്തി.ഡബ്ലിനില്‍ നിന്നും സന്ദര്‍ശനത്തിന് ക്ലെയറില്‍ എത്തിയ പാട്രിക് ട്രോയിയും മകന്‍ ഫിന്നുമാണ് സുദീര്‍ഘമായ ഗുഹയില്‍ ഒറ്റയ്ക്ക് അകപ്പെട്ടുപോയത്.

പൊള്ളന്‍ഗല്ലും മേഖലയിലെ ഭൂമിയ്ക്കടിയിലുള്ള ഗുഹാന്തര്‍ഭാഗത്തെ വഴികളില്‍ സാഹസികയാത്ര നടത്തുന്നതിനിടെയാണ് ഇരുവര്‍ക്കും വഴിതെറ്റിയത്.ശനിയാഴ്ച്ച ഉച്ചയോടെ ആരംഭിച്ച യാത്ര സാധാരണഗതിയില്‍ രണ്ടു മണിക്കൂറിനുള്ളില്‍ തീരേണ്ടതായിരുന്നു.

ആരെയും അറിയിക്കാതെയാണ് ഇവര്‍ ഇരുവരും ഗുഹയില്‍ കയറിയത്.’ഗുഹായാത്രയ്ക്ക് വേണ്ടിയിരുന്ന എല്ലാ നിയമങ്ങളും ഞാന്‍ ലംഘിച്ചു’,ഞാന്‍ ആരെയെങ്കിലും അറിയിച്ചിട്ട് വേണമായിരുന്നു ഗുഹയില്‍ കയറാന്‍’.രക്ഷപെട്ട ശേഷം പാട്രിക് ട്രോയി പറഞ്ഞു..

മുപ്പതു വര്‍ഷമായി ഗുഹാന്തര യാത്ര നടത്തുന്ന ധൈര്യത്തിലാണ് യാത്ര തുടങ്ങിയത്.ലീമറിക്കില്‍ നിന്നും പരിചയക്കാരെ ആരെയെങ്കിലും കൂട്ടാമെന്ന് കരുതിയത് നടന്നില്ല.ഒറ്റയ്ക്ക് പോയതിന് പാട്രിക് കാരണം നിരത്തി.

ഞായറാഴ്ച്ച രണ്ടു മണിയായിട്ടും ഇവരുടെ വിവരം ലഭ്യമാവാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ എന്നിസ് ഗാര്‍ഡ സ്റ്റേഷനില്‍ വിവരം അറിയിച്ചു.ഗാര്‍ഡയുടെ സന്ദേശം ലഭിച്ച ഐറിഷ് കേവ് റസ്‌ക്യൂ ഓര്‍ഗനൈസേഷന്‍ (I CRO) അംഗങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എന്നിസില്‍ എത്തി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.Cave Rescue Clare 03
20 കിലോ മീറ്ററോളം ദൈര്‍ഘ്യമുള്ള ഭൂഗര്‍ഭ പാതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അകത്തു പ്രവേശിച്ച സംഘാംഗങ്ങള്‍ തിരച്ചിലിനൊടുവില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.കൂരാകൂരിട്ടുള്ള ഒരു മേഖലയില്‍ കുടുങ്ങി കിടക്കുകയായിരുന്നു അവര്‍.പല വഴികളില്‍ കൂടി സഞ്ചരിച്ചിട്ടും തങ്ങള്‍ക്ക് പുറത്തേയ്ക്കുള്ള വാതില്‍ കണ്ടെത്താന്‍ ആയില്ലെന്ന് അവര്‍ പറഞ്ഞു.

‘കുറേ നേരം കിടന്നുറങ്ങി.കൂടിയ തണുപ്പ് അനുഭവപ്പെട്ട സ്ഥലങ്ങളില്‍ നിന്നും മാറി നിന്നു.ജീവന്‍ രക്ഷപെടുത്തിയ കഥ അവര്‍ വിവരിച്ചു.’I CRO അംഗങ്ങള്‍ എത്തുമെന്ന് എനിക്കറിയാമായിരുന്നു.ആ ധൈര്യത്തിലാണ് മകനെ സമാധാനിപ്പിച്ചത്.സംഘടനയുടെ മുന്‍ അംഗം കൂടിയായ പാട്രിക് പറഞ്ഞു.

എന്തായാലും അപ്പന്റെ കൂടെ ഇനി ഗുഹായാത്രയ്ക്ക് ഇല്ലെന്നാണ് ഇരുപതു വയസുകാരന്‍ ഫിന്നിന്റെ വെളിപ്പെടുത്തല്‍!


Scroll To Top