Thursday December 08, 2016
Latest Updates

എന്‍ഡ കെന്നിയും ഷെയ്ന്‍ റോസും തമ്മില്‍ ശണ്ഠ,സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുമെന്ന് ഗതാഗത മന്ത്രി

എന്‍ഡ കെന്നിയും ഷെയ്ന്‍ റോസും തമ്മില്‍ ശണ്ഠ,സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുമെന്ന് ഗതാഗത മന്ത്രി

ഡബ്ലിന്‍: യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആളെ നിര്‍ദ്ദേശിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി എന്‍ഡ കെന്നിയും സ്വതന്ത്ര ടിഡിയും ഗതാഗത മന്ത്രിയുമായ ഷെയ്ന്‍ റോസും തമ്മില്‍ ശണ്ഠ. ഇതിനെത്തുടര്‍ന്ന് സര്‍ക്കാരിന് താന്‍ നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കുമെന്ന് റോസ് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൃത്യമായ തെരഞ്ഞെടുപ്പ് രീതിയിലൂടെയല്ലാതെ യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് താന്‍ വിചാരിക്കുന്ന ഒരാളെ നിര്‍ദ്ദേശിക്കണമെന്ന ആവശ്യവുമായി കെന്നി, പത്ത് ദിവസം മുമ്പ് റോസിനെ കാണുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ജോണ്‍ ബ്രട്ടന്‍, മുന്‍ ഫിനാന്‍സ് സെക്രട്ടറി ജോണ്‍ മോറന്‍ തുടങ്ങിയ പേരുകളായിരുന്നു കെന്നിയുടെ മനസ്സില്‍ എന്നാണ് കരുതുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ആളെ നിര്‍ദ്ദേശിക്കാന്‍ കഴിയൂ എന്ന് റോസ് നിലപാടെടുത്തതോടെ ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു.

എന്നാല്‍ ഇത്തരം ഒരു ചര്‍ച്ച മന്ത്രിസഭയ്ക്കു മുന്നില്‍ വന്നിട്ടില്ലെന്ന് ഫിനഗേല്‍ മന്ത്രിമാര്‍ വ്യക്തമാക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നോട്ടീസ് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

അതേസമയം കെന്നിയും റോസും തമ്മില്‍ യാതൊരുവിധ തര്‍ക്കവുമുണ്ടായിട്ടില്ലെന്ന് കെന്നിയുടെ വക്താവ് പറഞ്ഞു. എന്നാല്‍ മുതിര്‍ന്ന വക്താക്കള്‍ ഈ വിശദീകരണം ശരിവച്ചിട്ടില്ല.

Scroll To Top