Wednesday December 07, 2016
Latest Updates

പ്രതീക്ഷ വേണ്ട;പൊതുമേഖല ജീവനക്കാര്‍ക്ക് ഈ വര്‍ഷം ശമ്പള വര്‍ധനയില്ലെന്ന് പ്രധാനമന്ത്രി 

പ്രതീക്ഷ വേണ്ട;പൊതുമേഖല ജീവനക്കാര്‍ക്ക് ഈ വര്‍ഷം ശമ്പള വര്‍ധനയില്ലെന്ന് പ്രധാനമന്ത്രി 

ഡബ്ലിന്‍: നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള പൊതുമേഖല ജീവനക്കാര്‍ക്ക് ഈ വര്‍ഷം ശമ്പള വര്‍ധനയില്ല. ശമ്പള വര്‍ധന ഈ വര്‍ഷം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നിയാണ് സൂചിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൊതുമേഖല ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം ഈ വര്‍ഷം വര്‍ധിപ്പിക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയാണ് സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യമെന്ന് പ്രധാന മന്ത്രി പറഞ്ഞു. 

മിനിമം വേതനം വര്‍ധിപ്പിക്കുന്നതും വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുന്നതും സംബന്ധിച്ച ചര്‍ച്ചകള്‍ സമ്പദ്ഘടനയുടെ വളര്‍ച്ച കൂടി മുന്‍ നിര്‍ത്തിയാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ നിലപാട് പിന്തുണച്ച് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനും രംഗത്ത് വന്നു. വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുന്നതിന് ജീവനക്കാരുടെ സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ അതിന് മുമ്പായി സ്ഥിരതയുള്ള സമ്പദ്ഘടന നേടിയെടുക്കേണ്ടതുണ്ട്. 

സര്‍ക്കാരിലെ പലമന്ത്രിമാരും വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുമെന്ന് ജീവനക്കാര്‍ക്കും സംഘടനകള്‍ക്കും ഉറപ്പു നല്‍കുകയും പത്ര സമ്മേളനത്തിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.അതില്‍ നിന്നെല്ലാമുള്ള പിന്തിരിയലാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. 

അതേസമയം 2016 ന് മുമ്പ് വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് സിപ്ടു നേതാവ് ജാക്ക് ഓ കോണോര്‍ ആവശ്യപ്പെട്ടു. പ്രതീക്ഷിച്ചതിലും വേഗത്തില്‍ സമ്പദ്ഘടന മെച്ചപ്പെടുന്നത് വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുന്നതിന് സാഹചര്യം ഒരുക്കുമെന്നും സിപ്ടു നേതാവ് പറഞ്ഞു.

അതേസമയം ഐബക് നടത്തിയ ഒരു സര്‍വേ പ്രകാരം അയര്‍ലണ്ടിലെ പകുതിയിലധികം കമ്പനികള്‍ ഈ വര്‍ഷം വേതനം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.അതേസമയം ചെറുകിട ഇടത്തരം വ്യവസായ മേഖലയിലെ കമ്പനികള്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കില്ല.

Scroll To Top