Friday December 09, 2016
Latest Updates

അടുത്ത ലോകാവസാനം സെപ്റ്റംബര്‍ 28 ന് ?

അടുത്ത ലോകാവസാനം സെപ്റ്റംബര്‍ 28 ന് ?

ശാസ്ത്രവും മതപുരോഹിതന്‍മാരും ഇടക്കിടെ ചര്‍ച്ചക്കെടുക്കുന്ന വിഷയമാണ് ലോകാവസാനം.2012 ല്‍ ലോകം അവസാനിക്കും എന്നായിരുന്നു ഏറ്റവും അവസാന വാര്‍ത്ത.അന്ന് അതും വിശ്വസിച്ച് കാത്തിരുന്നവര്‍ ഏറെയാണ്. നിരവധി ചര്‍ച്ചകളും ഗവേഷണങ്ങളും നടന്നിട്ടുള്ള ഈ വിഷയത്തില്‍ ഏറ്റവും പുതിയ വാര്‍ത്ത സെപ്തംബര്‍ 28ന് ലോകം അവസാനിക്കുമെന്നതാണ്. മതപുരോഹിതന്‍മാരുടെ പ്രവചനം സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചയായതോടെ വിദേശ മാധ്യമങ്ങളെല്ലാം ലോകാവസാന പ്രവചനം വാര്‍ത്തയാക്കി. സിഎന്‍എന്‍, മിറര്‍, ഡെയ്‌ലി എക്‌സ്പ്രസ്, ദി സണ്‍, ടെലഗ്രാഫ്, ദി ഇന്‍ഡിപെന്‍ഡന്റ് എന്നീ മാധ്യമങ്ങളിലെല്ലാം പുരോഹിതന്‍മാരുടെ പ്രവചനവും ശാസ്ത്രലോകത്തിന്റെ വിശദീകരണങ്ങളും വാര്‍ത്തയായി.

ഈ മാസം അവസാനത്തോടെ ലോകം അവസാനിക്കുമെന്നാണ് പ്രവചനം. ഒരു സംഘം ക്രിസ്റ്റ്യന്‍ പുരോഹിതന്‍മാരാണ് ഇത്തരമൊരു ലോകാവസാന പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്. സെപ്തംബര്‍ 28ന് ചന്ദ്രന്‍ രക്തനിറമണിയും (ബ്ലഡ് മൂണ്‍). ഈ ദിവസം ഭൂമിയില്‍ വന്‍ ഭൂചനമുണ്ടാകും, അഗ്‌നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കും. ആകാശത്ത് നിന്ന് ഉല്‍ക്കകള്‍ വീഴുമെന്നാണ് പുരോഹിതന്‍മാര്‍ പ്രവചിക്കുന്നത്.

ശാസ്ത്ര റിപ്പോര്‍ട്ട് പ്രകാരം സെപ്തംബര്‍ 28 നു ബ്ലഡ്മൂണ്‍ പ്രതിഭാസം സംഭവിക്കും. ചന്ദ്രഗ്രഹണത്തിന്റെ ഭാഗമായി ചന്ദ്രന്‍ ചുവന്ന നിറത്തിലാകും. ഭൂമിയുടെ നിയലില്‍ ചന്ദ്രന്‍ നീങ്ങുമ്പോള്‍ സംഭവിക്കുന്നത് സൂര്യനില്‍ നിന്നു വരുന്ന പ്രകാശത്തിനനുസരിച്ച് നിറങ്ങളില്‍ വ്യത്യാസം വരും.

എന്നാല്‍ മതപുരോഹിതന്‍മാരുടെ പ്രവചനം മറ്റൊരു വഴിക്കാണ് നീങ്ങുന്നത്. ഒരു വര്‍ഷത്തിനിടെ തുടര്‍ച്ചയായ നാലാം ചന്ദ്രഗ്രഹണമാണിതെന്നും (ചുവന്ന ചന്ദ്രന്‍) ഇത് ശുഭസൂചനയല്ലെന്നും പറയുന്നു. 2014 ഏപ്രിലിനു ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. ഇതിനാല്‍ തന്നെ ശക്തമായ ഉല്‍ക്കവീഴ്ച ഉണ്ടാകാം. ഛിന്നഗ്രഹങ്ങള്‍ വീണ് ഭൂമി തകര്‍ന്നേക്കാമെന്നും പ്രവചിക്കുന്നു. സെപ്തംബര്‍ 22നും 28നും ഇടയിലുള്ള ദിവസങ്ങളില്‍ അത്യാപത്തുകള്‍ സംഭവിക്കാം. ഇതേക്കുറിച്ച് നിരവധി ബ്ലോഗുകളും ഫോറങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

എന്നാല്‍ നാസയടക്കമുള്ള കേന്ദ്രങ്ങളില്‍ നിന്നു ഇതിനെതിരെ ശക്തമായ എതിര്‍കുറിപ്പുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മതപുരോഹിതന്‍മാരുടെ ഇത്തരം പ്രവചനങ്ങളില്‍ ഭയക്കരുതെന്നാണ് ശാസ്ത്രലോകം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജനം ശാന്തരായിരിക്കണമെന്നാണ് ഓള്‍ എബൗട്ട് സ്‌പേസ് മാഗസിന്‍ എഡിറ്റര്‍ ഗെമ ലാവെന്‍ഡര്‍ പ്രതികരിച്ചത്. സെപ്തംബര്‍ 27, 28 നു ചന്ദ്രന്‍ ഭൂമിയുമായി വളരെ അടുത്തുവരും. എന്നാല്‍ അന്നേദിവസം ഭൂകമ്പം, അഗ്‌നിപര്‍വതം, ഉല്‍ക്കാവീഴ്ച ഉണ്ടാവാനുള്ള ഒരു സാധ്യതയുമില്ലെന്നും മറിച്ചുള്ള പ്രവചനങ്ങള്‍ തെറ്റാണെന്നും ഗെമ വ്യക്തമാക്കി. ഭീമന്‍ ഉല്‍ക്കകള്‍ ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ അത്യാപത്തുകള്‍ ഉണ്ടായേക്കാം. എന്നാല്‍ ഇത് അടുത്തൊന്നും സംഭവിക്കാന്‍ സാധ്യതയില്ലെന്നാണ് നാസ ശാസ്ത്രജ്ഞര്‍ പറയുന്നത്.

നാല് തുടര്‍ച്ചായ ചന്ദ്രഗ്രഹണം, 6 പൂര്‍ണചന്ദ്രന്മാര്‍ എന്നിവ ദൃശ്യമാകുന്നത് ലോകാവസാനത്തിന്റെ ലക്ഷണമാണെന്നാണ് ഒരു വിഭാഗം പുരോഹിതന്‍മാര്‍ പ്രവചിക്കുന്നത് ബ്ലഡ് മൂണും തുടര്‍ന്നുള്ള ദുരന്തങ്ങളും ബൈബിളില്‍ പറയുന്നുണ്ട് എന്നാണ് ഇവരുടെ അഭിപ്രായം. യേശു തിരിച്ചുവരുന്നതിന്റെ സൂചനകളാണ് ഇതെന്നും ഇവര്‍ വിശ്വസിക്കുന്നു!


Scroll To Top