Sunday December 11, 2016
Latest Updates

ദൂബായിലെ എമറൈറ്റ്‌സ് വിമാനാപകടത്തില്‍ രക്ഷപ്പെട്ടവരില്‍ സ്റ്റില്‍ ഓര്‍ഗനില്‍ നിന്നുള്ള കുടുംബവും,മാറ്റര്‍ ഹോസ്പിറ്റലിലെ നഴ്സും

ദൂബായിലെ എമറൈറ്റ്‌സ് വിമാനാപകടത്തില്‍ രക്ഷപ്പെട്ടവരില്‍ സ്റ്റില്‍ ഓര്‍ഗനില്‍ നിന്നുള്ള കുടുംബവും,മാറ്റര്‍ ഹോസ്പിറ്റലിലെ നഴ്സും

ഡബ്ലിന്‍:ദൂബായിലെ എമറൈറ്റ്‌സ് വിമാനാപകടത്തില്‍ ഡബ്ലിനില്‍ നിന്നുള്ള മലയാളി നഴ്സും, സ്റ്റില്‍ ഓര്‍ഗനില്‍ നിന്നുള്ള മറ്റൊരു കുടുംബവും,ഉള്‍പ്പെട്ടിട്ടുള്ളതായി സ്ഥിതീകരണം.ഇടുക്കി ഉപ്പുതോട് സ്വദേശിയും ഡബ്ലിനിലെ പ്രമുഖ വീഡിയോഗ്രാഫറുമായ പെനിന്‍ കെ ജോസിന്റെ ഭാര്യയും മാറ്റര്‍ ഹോസ്പിറ്റലിലെ നഴ്സുമായ അനിത പെനിന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രികരെ ഇപ്പോള്‍ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.അനിതയോടൊപ്പം ഡബ്ലിനില്‍ നിന്നുള്ള മറ്റൊരു കുടുംബവും ഹോട്ടലില്‍ ഉള്ളതായി അറിയിച്ചിട്ടുണ്ടെന്ന് പെനിന്‍ കെ ജോസ് ഐറിഷ് മലയാളിയോട് പറഞ്ഞു.

സ്‌കൂള്‍ അവധി തുടങ്ങിയപ്പോള്‍ തന്നെ കുടുംബ സമേതം നാട്ടിലെത്തിയ അനിത പുതുതായി നിയമനം ലഭിച്ച മാറ്റര്‍ ഹോസ്പിറ്റലില്‍ ട്രൈനിംഗ് നടക്കുന്നതിനാലാണ് നേരത്തെ ഡബ്ലിനിലേയ്ക്ക് തിരിച്ചു പോന്നത്.പെനിനും ബാക്കി കുടുംബാംഗങ്ങള്‍ എല്ലാവരും നാട്ടില്‍ തന്നെ ഉണ്ട്.

അനിതയെ എയര്‍പോര്‍ട്ടില്‍ വിട്ടു മടങ്ങുമ്പോഴാണ് ദുരന്തവിവരം പെനിന്‍ ഫോണ്‍ മുഖേനെ അറിഞ്ഞത്.ആദ്യം ഞെട്ടിപ്പോയെങ്കിലും എല്ലാവരും രക്ഷപെട്ടെന്ന വാര്‍ത്ത വന്നതോടെ ആശ്വാസമായി.പിന്നാലെ അനിതയുടെ വിളിയും എത്തി.’:ഒന്നും പേടിക്കാനില്ല…കൂട്ടിന് ഡബ്ലിനിലെ സ്റ്റില്‍ ഓര്‍ഗനില്‍ നിന്നുള്ള സച്ചിന്‍ ദേവിന്റെ കുടുംബവും ഉണ്ട്’. സന്തോഷപൂര്‍വം അനിതയുടെ സ്വരം കേട്ട ബന്ധുക്കള്‍ക്ക് ആശ്വാസം.

ദൈവാനുഗ്രഹത്താല്‍ രക്ഷപ്പെട്ടു.

‘ലാന്‍ഡിംഗിന് തയാറെടുക്കുന്നതിനിടെ ഒരു ശബ്ദം കേട്ടു.ഒരു എന്‍ജിന്‍ തെറിച്ചു വേര്‍പ്പെട്ടു പോകുന്നതായി ചിലര്‍ പറയുന്നുണ്ടായിരുന്നു.ഇതോടെ അപകടം മണത്തു.വിമാനം ഒരിക്കല്‍ കൂടി ഉയര്‍ത്താന്‍ പൈലറ്റ് ശ്രമിക്കിച്ചെങ്കിലും നടന്നില്ല.ഇതിനിടെ ഒരു മീനിനെ പോലെ വിമാനം മൂക്കു കുത്തി നിലം പറ്റി…ആ നിമിഷങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ഉള്ളില്‍ നിറയെ ഭയം നിറയുകയാണ് ഇപ്പോഴും.ദൈവാനുഗ്രഹത്താല്‍ രക്ഷപ്പെട്ടു.’

ഓക്‌സിജന്‍ മാസ്‌കുകള്‍ ഉപയോഗിക്കാന്‍ വേണ്ട നിര്‍ദേശമടക്കം ഉണ്ടായിരുന്നെങ്കിലും ഞാന്‍ ഇരുന്ന ഭാഗത്തുള്ളവ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.ആകെ ഭയന്നു പോയ നിമിഷങ്ങളായിരുന്നു.

എത്രയും വേഗം പുറത്തു കടക്കാനുള്ള ശ്രമമായിരുന്നു പിന്നെ.ഞങ്ങള്‍ ഇരുന്ന ഭാഗത്തെ എമര്‍ജന്‍സി വാതില്‍ ആദ്യം തുറക്കാനായില്ല പിന്നിലെ വാതിലില്‍ കൂടി പോകാനൊരുങ്ങുമ്പോഴേയ്ക്ക് പുക ശക്തമായി.ഷാളു കൊണ്ട് മുഖം മൂടി കെട്ടി ഒരു വിധം പുറത്തിറങ്ങി…അനിത ‘ഐറിഷ് മലയാളിയോട്’   പറഞ്ഞു.

വിമാനത്തില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു.പടക്കം പൊട്ടുന്നത് പോലെ വലിയ സ്വരം കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ കണ്ടത് കത്തിയമരുന്ന വിമാനമായിരുന്നു.അനിത പറഞ്ഞു.
ജീവനും മരണത്തിനുമിടയില്‍ 90 സെക്കന്‍ഡുകള്‍ !

ദുബായ്: സെക്കന്റുകള്‍ക്ക് ആയുസിന്റെ വിലയുണ്ടെന്നു കഴിഞ്ഞകുറെ മണിക്കൂറുകള്‍ക്കിടയില്‍ മനസിലാക്കിയിരിക്കണം. കാരണം വെറും സെക്കന്റുകള്‍ കൊണ്ട് രക്ഷപ്പെട്ടത് 300 -ഓളം മനുഷ്യ ജീവനുകളാണ്. തീ പിടിച്ച് റെണ്‍വേയില്‍ കത്തിയമര്‍ന്ന തിരുവനന്തപുരം-ദുബായ് വിമാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നത് 90 സെക്കന്റിലെന്ന് റിപ്പോര്‍ട്ടുകള്‍.യാത്രക്കാരും ജീവനക്കാരുമടക്കം 300 പേരാണ് 90 സെക്കന്റുകൊണ്ട് മരണത്തില്‍ നിന്നും ജീവിതത്തിലെക്ക് ഓടിക്കയറിയത്. രക്ഷാപ്രവര്‍ത്തനത്തിടെ പരിക്കേറ്റ ഒരാള്‍ മരിച്ചെന്നാണ് അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിയന്തിര ലാന്റിങ്ങിന് പൈലറ്റ് നിര്‍ദ്ദേശം നല്‍കിയതോടെ യാത്രക്കാരോട് ജീവനക്കാര്‍ എമര്‍ജെന്‍സി വാതിലിലൂടെ പുറത്ത് കടക്കാന്‍ ആവശ്യപ്പെട്ടു. പിന്‍ഭാഗത്ത് പുകയും തീയുമായി റെണ്‍വേയില്‍ ഇറങ്ങിയ വിമാനത്തിന്റെ എല്ലാ എമര്‍ജെസി വാതിലും തുറന്നിടുന്നു. യാത്രക്കാരും ജീവനക്കാരും അടങ്ങുന്ന മുന്നൂറ് പേര്‍ എമര്‍ജെന്‍സി വാതില്‍ വഴി പുറത്തേക്കോടുന്നു.
‘ഓടിയകലുന്ന യാത്രക്കാരെയും പിന്നില്‍ കത്തിയമരുന്ന വിമാനവും ഈ ദൃശ്യങ്ങള്‍ കണ്ട് വിശ്വസിക്കാനാകാതെ ലോകവും. ഇതിനിടെയാണ് 90 സെക്കന്റുകൊണ്ട് സംഭവിച്ച അത്ഭുതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ബുധനാഴ്ച ഉച്ചക്ക് പ്രാദേശിക സമയം 12.50 ന് ( ഇന്ത്യന്‍ സമയം 2.20) ആയിരുന്നു അപകടം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിറേറ്റ്സ് വിമാനങ്ങള്‍ക്ക് മാത്രമായുള്ള ടെര്‍മിനല്‍ മൂന്നിലെ റണ്‍വെയിലേക്ക് ഇറങ്ങാനുള്ള ശ്രമത്തിനിടയില്‍ വിമാനത്തിന്റെ ടയറുകളിലൊന്ന് പൊട്ടുകയായിരുന്നു.

രക്ഷപ്പെടുന്നതിനിടെ യാത്രക്കാരില്‍ ചിലര്‍ക്ക് ചെറിയ തോതില്‍ പൊള്ളലേറ്റിട്ടുണ്ട്. റണ്‍വേയിലേക്ക് ചാടുന്നതിനിടെ പലര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ലാന്‍ഡ് ചെയ്ത് ഏറെക്കഴിയും മുമ്പേ വിമാനം പൂര്‍ണമായും കത്തിനശിച്ചു

അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്ന 282 യാത്രക്കാരില്‍ 226 പേര്‍ ഇന്ത്യക്കാരാണ്. യു.കെ-24, യു.എ.ഇ-11, യു.എസ്-6, സൗദി അറേബ്യ-6, തുര്‍ക്കി-5,അയര്‍ലന്‍ഡ്-4, ഓസ്ട്രേലിയ-2, ബ്രസീല്‍-2, ജര്‍മനി-2 മലേഷ്യ-2 തായ്ലന്‍ഡ്-2 ഉം ക്രൊയേഷ്യ, ഈജിപ്ത്, ബോസ്നിയ, ലെബനാന്‍ ഫിലിപ്പിന്‍സ്, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സര്‍ലന്‍ഡ്, ടുണീഷ്യ എന്നിവടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് ഉണ്ടായിരുന്നത്.

വിമാനം ലാന്‍ഡ് ചെയ്ത ദുബായ് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ മൂന്ന് അടച്ചിട്ടിരിക്കുകയാണ്. എമിറേറ്റ്സ് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നത് ഈ ടെര്‍മിനലിലാണ്. ടെര്‍മിനല്‍ അടച്ചതിനെ തുടര്‍ന്ന് എമിറേറ്റ്സ് വിമാനങ്ങള്‍ അല്‍ മഖ്ദൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. ദുബായ് വിമാനത്താവളത്തില്‍ താല്‍ക്കാലികമായി വിമാനം ലാന്‍ഡ് ചെയ്യുന്നതും ടെയ്ക്ക് ഓഫ് ചെയ്യുന്നതും നിര്‍ത്തിവെച്ചിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top