Wednesday December 07, 2016
Latest Updates

രാജ്യസഭാ തെരഞ്ഞെടുപ്പ്; വഹാബും രവിയും രാഗേഷും ജയമുറപ്പിച്ചു; യുഡിഎഫ് നേതാക്കളെല്ലാം സ്വന്തം സ്ഥാനാര്‍ത്ഥിക്കു തന്നെ വോട്ടു ചെയ്തു

രാജ്യസഭാ തെരഞ്ഞെടുപ്പ്; വഹാബും രവിയും രാഗേഷും ജയമുറപ്പിച്ചു; യുഡിഎഫ് നേതാക്കളെല്ലാം സ്വന്തം സ്ഥാനാര്‍ത്ഥിക്കു തന്നെ വോട്ടു ചെയ്തു

തിരുവനന്തപുരം: രാജ്യസഭയിലേക്ക് ഒഴിവുവന്ന മൂന്നു സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നിയമസഭയില്‍ ആരംഭിച്ചു. 139 അംഗങ്ങളാണ് നിലവില്‍ കേരള നിയമസഭയിലുള്ളത്. മൂന്നു സ്ഥാനാര്‍ത്ഥികളെ രാജ്യസഭയിലേക്ക് അയക്കാനുള്ള അംഗസംഖ്യയാണുള്ളത്. യുഡിഎഫിന് രണ്ട് എംപിമാരും ഇടതുപക്ഷത്തിന് ഒരു എംപിയുമാണ് തെരഞ്ഞെടുക്കപ്പെടുക.

നേരത്തെ എസ്‌ജെഡി മുന്നണി വിട്ടുപോയേക്കുമെന്ന തരത്തിലുള്ള പ്രസ്താവന എംപി വീരേന്ദ്രകുമാര്‍ നടത്തിയത് യുഡിഎഫില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. എസ്‌ജെഡിയുടെ വോട്ട്, പി.സി. ജോര്‍ജിന്റെ വോട്ടും ഗണേഷ് കുമാറിന്റെ വോട്ടും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുകയായിരുന്നെങ്കില്‍ മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി.വി. അബ്ദുള്‍വഹാബ് തോല്‍ക്കുമായിരുന്നു.

എന്നാല്‍ യുഡിഎഫിന്റെ നേതാക്കളെല്ലാം വോട്ടു ചെയ്തു. എസ്‌ജെഡിയും പി.സി. ജോര്‍ജ്ജും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു തന്നെയാണ് വോട്ടു ചെയ്തതെന്ന് നേതാക്കളെ ഉദ്ധരിച്ച് ടെലിവിഷന്‍ ചാനലുകളും വാര്‍ത്താ വെബ്‌സൈറ്റുകളും റിപ്പോര്‍ട്ട് ചെയ്യുന്നു.

വയലാര്‍ രവി, അബ്ദുള്‍ വഹാബ്, കെകെ രാഗേഷ്, കെ രാജന്‍ എന്നിവരാണ് മത്സരിക്കുന്നത്. നിയമസഭാ മന്ദിരത്തിന്റെ രണ്ടാം നിലയിലെ 620-ാം നമ്പര്‍ മുറിയിലാണു തെരഞ്ഞെടുപ്പു നടക്കുന്നത്. രാവിലെ ഒമ്പതിനാരംഭിച്ച തെരഞ്ഞെടുപ്പ് വൈകുന്നേരം നാലിന് അവസാനിക്കും അഞ്ചുമണിക്കു ശേഷമാകും ഫലം പ്രഖ്യാപിക്കുക.

Scroll To Top