Sunday December 04, 2016
Latest Updates

എല്‍ ഡി എഫിന് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് അഭിപ്രായസര്‍വേ

എല്‍ ഡി എഫിന് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് അഭിപ്രായസര്‍വേ

ന്യൂഡല്‍ഹി: ഇടതുപക്ഷം 89 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് സര്‍വ്വേ. ഇടതുമുന്നണി കേരളത്തില്‍ അധികാരത്തിലെത്തുമെന്നാണ് ഇന്ത്യടിവി സി വോട്ടര്‍ അഭിപ്രായ സര്‍വേഫലം പറയുന്നത്. ഇടതുപക്ഷം 89 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ കണ്ടെത്തിയിരിക്കുന്നത്. നിലവിലെ ഭരണകക്ഷിയായ യുഡിഎഫിന് 49 സീറ്റ് മാത്രമേ ലഭിക്കുവെന്നും ഇന്ത്യാ ടിവിസി വോട്ടര്‍ സര്‍വേയില്‍ പറയുന്നു. ബിജെപി ഒരു സീറ്റുമായി അക്കൗണ്ട് തുറക്കുമെന്നും സര്‍വേ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. എല്‍ഡിഎഫിന് 44.6 ശതമാനവും, യുഡിഎഫിന് 38.1 ശതമാനം വോട്ടും ലഭിക്കുമെന്നും സര്‍വേ പറയുന്നു.

294 സീറ്റുകളില്‍ 156ഉം നേടി മമതാ ബാനര്‍ജി ബംഗാളില്‍ അധികാരത്തിലെത്തുമെന്നും സര്‍വേ പറയുന്നു. നിലവിലെ 60 ല്‍ നിന്ന് 114 സീറ്റിലേക്കെത്തി ബംഗാളില്‍ ഇടതുപക്ഷം മടങ്ങിയെത്തും. ബിജെപി 42ല്‍ നിന്ന് 13 ലേക്കെത്തും. മറ്റുള്ളവര്‍ക്ക് 7 സീറ്റുകളും ലഭിക്കും.

വാശിയേറിയ മല്‍സരം നടക്കുന്ന തമിഴ്‌നാട്ടില്‍ ജയലളിത നയിക്കുന്ന എഐഎഡിഎംകെ ഭരണം തുടരും. എന്നാല്‍ കരുണാനിധിയുടെ നേതൃത്വത്തിലെ ഡിഎംകെ 101 സീറ്റ് നേടി തൊട്ടുപിന്നാലെ നില്‍ക്കുമെന്നും സര്‍വേ പറയുന്നു. എഐഎഡിഎംകെയുടെ നിലവിലെ 203 സീറ്റെന്ന ഭൂരിപക്ഷം കുറഞ്ഞ് 116 സീറ്റാവും. ഡിഎംകെയ്ക്ക് നിലവില്‍ കേവലം 31 സീറ്റു മാത്രമാണ് ഉള്ളത്. ബിജെപിക്ക് സീറ്റൊന്നും ലഭിക്കില്ല. മറ്റുള്ള കക്ഷികള്‍ 18 സീറ്റ് നേടും.ആസാമില്‍ ബിജെപി നേതൃത്വത്തിലുള്ള മുന്നണി 57 സീറ്റുകളുമായി അധികാരത്തിലെത്തും. നിലവിലെ ഭരണ മുന്നണിയായ കോണ്‍ഗ്രസ് 44 സീറ്റുകളുമായി പ്രതിപക്ഷത്താകും. യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് 19ഉം മറ്റുള്ളവര്‍ ആറും സീറ്റ് നേടുമെന്നും സര്‍വേ പറയുന്നു.

കേരളത്തില്‍ ഭരണമാറ്റം സുനിശ്ചിതമാണെന്നാണ് മുന്‍പ് കേരളത്തിലെ രണ്ട് ചാനലുകള്‍ പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിച്ചാണ് ദേശീയ തലത്തിലുള്ള മാധ്യമങ്ങളും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നാല് സംസ്ഥാനങ്ങള്‍ കൂടാതെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഏപ്രില്‍ 4നും മേയ് 16നും ഇടയിലാണ് അഞ്ച് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടപടികള്‍ നടക്കുന്നത്. മേയ് 19ന് ഫലം അറിയാം.

Scroll To Top