Thursday April 26, 2018
Latest Updates

വി എസ് മലമ്പുഴയില്‍ തോല്‍ക്കുകയും മുന്നണി ജയിക്കുകയും ചെയ്യുമ്പോള്‍:വെള്ളാപ്പള്ളിയുടെ സ്വപ്‌നങ്ങള്‍ …

വി എസ് മലമ്പുഴയില്‍ തോല്‍ക്കുകയും മുന്നണി ജയിക്കുകയും ചെയ്യുമ്പോള്‍:വെള്ളാപ്പള്ളിയുടെ സ്വപ്‌നങ്ങള്‍ …

പാലക്കാട്: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രചണ്ഡ പ്രചരണവുമായി നാടിളക്കുമ്പോള്‍ മലമ്പുഴയില്‍ അദ്ദേഹം മത്സരിക്കുന്ന മണ്ഡലത്തില്‍ എന്തു വിലകൊടുത്തും വിഎസിനെ വീഴ്ത്താനുള്ള തയ്യാറെടുപ്പിലാണ് വിഎസിന്റെ ശത്രുക്കളെല്ലാം.

പലകാലങ്ങളില്‍ പലേടത്തുവച്ചു വിഎസ് നോവിച്ചുവിട്ടവരെല്ലാം അദ്ദേഹത്തിനെതിരേ മലമ്പുഴയില്‍ അണിനിരക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാവുന്നത്.

പാര്‍ട്ടിയില്‍ വിഎസിന് മുന്‍പത്തെ പോലെ ശത്രുക്കളെ ഭയപ്പെടേണ്ടതില്ല. പാര്‍ട്ടി ഇക്കുറി അദ്ദേഹത്തിനു പിന്നില്‍ ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്. അതു തന്നെയാണ് വിഎസിന്റെ കരുത്തും. എന്നാല്‍, ശത്രുക്കളെ വിലകുറച്ചു കാണാനുമാവില്ല.

സിറ്റിംഗ് എംഎല്‍എ ആയിരുന്ന ടി ശിവദാസ മേനോന്‍ മാറി വിഎസ് ആദ്യമായി മത്സരിക്കാന്‍ മലമ്പുഴയില്‍ എത്തുന്നത് 2001ലായിരുന്നു. അന്ന് വിഎസ് വന്നതോടെ മണ്ഡലമാകെ ഉഷാറായി. പ്രവര്‍ത്തകര്‍ക്ക് പുതിയൊരു ഊര്‍ജം കൈവന്നിരുന്നു. വിഎസും വലിയ പ്രതീക്ഷയിലായിരുന്നു.

തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഉദ്വേഗത്തിന്റെ മുള്‍മുനയിലായിരുന്നു എല്ലാവരും. മാരാരിക്കുളം ആവര്‍ത്തിക്കുന്നുവെന്ന തോന്നല്‍ വരെ വന്നു. വോട്ടെണ്ണലിനിടെ, യുഡിഎഫിലെ സതീശന്‍ പാച്ചേനി 2000 വോട്ടിനു മുന്നില്‍ പോകുന്ന സ്ഥിതി വരെ വന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയും തുടങ്ങിയിരുന്നു. പക്ഷേ, അവസാന റൗണ്ടില്‍ വിഎസ് തിരിച്ചു കയറി 4703 വോട്ടിനു ജയിച്ചു. ഇതിനെ ജയമെന്ന് വിഎസും പറയാറില്ല.

അതുവരെ മിക്ക തിരഞ്ഞെടുപ്പുകളിലും സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006ല്‍ ഇതേ മണ്ഡലത്തില്‍ ഇതേ എതിരാളിയെ 20,017 വോട്ടുകള്‍ക്കു തോല്‍പിച്ച് വി.എസ്. ഭൂരിപക്ഷത്തിലെ കുറവു നികത്തി.

2011ല്‍ ലതികാ സുഭാഷായിരുന്നു എതിരാളി. ലതികയെ 23,440 വോട്ടിനാണ് വിഎസ് തോല്‍പ്പിച്ചത്. പക്ഷേ, 2016ല്‍ എത്തുമ്പോള്‍ അതേ വിഎസ് പാര്‍ട്ടിയിലും ജനമദ്ധ്യത്തും നേരത്തേതിലും ശക്തനാണ്. എന്നിട്ടും അന്നത്തേതിലും സങ്കീര്‍ണമായൊരു പശ്ചാത്തലമാണ് ഇപ്പോള്‍ വിഎസ് മത്സരിക്കുന്ന മലമ്പുഴയില്‍ കാണുന്നത്.

വിരുദ്ധ ശക്തികള്‍ സാമ്പത്തികമായും ജാതീയമായും കരുത്തുനേടിയിരിക്കുന്നു. അവരെല്ലാം ഇക്കുറി കൈകോര്‍ത്തു നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്.

വിഎസിനെ ഏതു വിധേനെയും തോല്‍പ്പിക്കാന്‍ വിവാദ സിമന്റ് വ്യവസായി ഒഴുക്കുന്നത് ലക്ഷങ്ങളാണെന്ന് മലമ്പുഴയിലെ തന്നെ സഖാക്കള്‍ സമ്മതിക്കുന്നു. ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥിക്കു വേണ്ടിയാണ് പിന്നണിയില്‍ നിന്നു വ്യവസായി കളിക്കുന്നത്. പാര്‍ട്ടിയില്‍ വ്യവസായിക്കുണ്ടായിരുന്ന അവിഹിത ബന്ധങ്ങള്‍ തകര്‍ക്കാന്‍ വിഎസ് ശ്രമിച്ചിരുന്നു. ഇതാണ് പകയ്ക്കു കാരണം.

വിഎസിനെ തോല്‍പ്പിക്കാന്‍ കരുത്തില്ലെങ്കിലും ബിജെപിക്കു നിര്‍ണായക മുന്നേറ്റമുണ്ടാക്കാന്‍ മാത്രം ശക്തനാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. ബിജെപി ജില്ലാ പ്രസിഡന്റിനെ തന്നെ അവര്‍ ഇറക്കിയിരിക്കുന്നതും ചില ലക്ഷ്യങ്ങളോടെയാണ്.

വിഎസിനെ തോല്‍പ്പിക്കാന്‍ എന്തു വിലകൊടുത്തും പോരാടുന്ന രണ്ടാമത്തെ ശക്തി വെള്ളാപ്പള്ളി നടേശനാണ്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്കെതിരേ അടുത്തകാലത്ത് വിഎസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം തന്നെ വെള്ളാപ്പള്ളിയുടെ ഇമേജിനെ പോലും ചോദ്യം ചെയ്യുന്നതായിരുന്നു. മൈക്രോഫിനാന്‍സിന്റെ പേരില്‍ വെള്ളാപ്പള്ളിയെ കോടതി കയറ്റാന്‍ പോലും വിഎസ് തുനിഞ്ഞിരുന്നു. പാര്‍ട്ടിക്കെതിരേയും നേതാക്കള്‍ക്കെതിരേയും വെള്ളാപ്പള്ളി ആഞ്ഞടിച്ച ഘട്ടത്തില്‍ വിഎസിന്റെ ആരോപണങ്ങള്‍ക്കു മുന്നില്‍ വെള്ളാപ്പള്ളി അക്ഷരാര്‍ത്ഥത്തില്‍ വിറച്ചുപോയിരുന്നു.

മൈക്രോഫിനാന്‍സ് പദ്ധതി കേരളത്തില്‍ പലേടത്തും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് നന്നായി പ്രവര്‍ത്തിക്കുന്ന പ്രദേശം മലമ്പുഴയാണ്. ഇരുനൂറോളം മൈക്രോഫിനാന്‍സ് ശാഖകളാണ് മലമ്പുഴയിലുള്ളത്. ഇതില്‍ എല്ലാം കൂടി ആയിരക്കണക്കിന് ഉപഭോക്താക്കളുണ്ട്. വോട്ടര്‍മാരില്‍ 60 ശതമാനത്തോളം ഈഴവരാണെന്നത് ഭീഷണിയുടെ തോതു കൂട്ടുന്നു. വെള്ളാപ്പള്ളി നടേശന്‍ ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലവും മലമ്പുഴയാണ്.

വിഎസ് പക്ഷത്തിന് ശക്തിയുള്ള മലമ്പുഴയില്‍ മുന്‍പ് പ്രചരണത്തിനു ചുക്കാന്‍ പിടിക്കാന്‍ എംപി എന്‍.എന്‍. കൃഷ്ണദാസ്, എ. പ്രഭാകരന്‍, എം.ആര്‍. മുരളി, പി.എ. ഗോകുല്‍ദാസ് തുടങ്ങിയവര്‍ ആദ്യവസാനം ഒപ്പമുണ്ടാവുമായിരുന്നു. ഇവരില്‍ എംആര്‍ മുരളി കളം മാറിപ്പോയി. ചുക്കാന്‍ പിടിക്കുന്ന കൃഷ്ണദാസാവട്ടെ, ഇക്കുറി പാലക്കാട്ട് മത്സരിക്കുന്നതിനാല്‍ അദ്ദേഹത്തിനു വിഎസിനെ പരിചരിക്കാന്‍ കഴിയുന്നുമില്ല.

പക്ഷേ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 23440 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി എസ് അച്യുതാനന്ദന്‍ ഇവിടെ കോണ്‍ഗ്രസിലെ ലതികാ സുഭാഷിനെ തോല്‍പ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതിന്റെ ഭൂരിപക്ഷം മണ്ഡലത്തില്‍ 31350 വോട്ടായി കൂടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതു പിന്നെയും വര്‍ദ്ധിച്ചു. മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലും എല്‍.എഡി.എഫിനാണ് ഭൂരിപക്ഷം. അതുകൊണ്ട് തന്നെ വിഎസിന്റെ തോല്‍വി വെള്ളാപ്പള്ളി സ്വപ്‌നം കാണുന്നത് പോലെ അത്ര എളുപ്പമല്ല.

Scroll To Top