Friday May 25, 2018
Latest Updates

യൂ ഡി എഫ് വരും,എല്ലാം ശരിയാവും! ….കേരളം കാത്തിരിക്കുന്നു

യൂ ഡി എഫ് വരും,എല്ലാം ശരിയാവും! ….കേരളം കാത്തിരിക്കുന്നു

രാവും കേരളത്തില്‍ ഇത്തവണ അധികാരത്തില്‍ വരുക ?സ്വന്തമായ രാഷ്ട്രീയ താത്പര്യങ്ങള്‍ ഇല്ലാത്ത തിരഞ്ഞെടുപ്പ് വിദഗ്ദര്‍ അഭിപ്രായം പറയുമ്പോഴേ അത് ശരിയായ ഒരു വിലയിരുത്തലാവുകയുള്ളൂ.

എക്‌സിറ്റ് പോളുകള്‍ നടത്തിയ മിക്ക ചാനലുകളും നിലവിലുള്ള രാഷ്ട്രീയ ചരിത്രം വിലയിരുത്തി മാത്രമാണ് പോള്‍ റിസല്‍ട്ട് രൂപപ്പെടുത്തിയത് എന്നതാണ് ഒറ്റനോട്ടത്തില്‍ തോന്നുക.കേരളത്തില്‍ രൂപപ്പെട്ടു വരുന്ന എന്‍ ഡി എ മുന്നണിയുടെ രാഷ്ട്രീയ മുന്നേറ്റം കാണാതെയാണ് സര്‍വേകള്‍ എന്ന പേരിലുള്ള വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിട്ടുള്ളത് എന്ന് മെയ് 19 ന് ഏവര്‍ക്കും മനസിലാകും എന്നാണ് അത്തരം തിരഞ്ഞെടുപ്പ് വിദഗ്ദരുടെ അഭിമതം.

അരുവിക്കരയില്‍ നിന്നും മെയ് 16 ലേയ്ക്ക് ഉണ്ടായിരുന്ന അകലത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടാകാന്‍ ഇടയില്ല.2011 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ ഐക്യമുന്നണി സ്ഥാനാര്‍ഥിയായിരുന്ന ജി കാര്‍ത്തികേയനു ലഭിച്ചത് 56796 വോട്ടാണ്.എതിര്‍ സ്ഥാനാര്‍ഥി ആര്‍ എസ് പി യിലെ ശ്രീധരന്‍ നായര്‍ക്ക് 46123 വോട്ടു ലഭിച്ചപ്പോള്‍ ബി ജെ പി സ്ഥാനാര്‍ഥിയ്ക്ക് വെറും 7694 വോട്ട്.10674 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കാര്‍ത്തികേയന്‍ ജയിച്ചു..

2015 ലെ ഉപതിരഞ്ഞെടുപ്പില്‍ യൂ ഡി എഫിന്റെ ശബരിനാഥന്‍ 56,448 വോട്ട് നേടിയപ്പോള്‍ എല്‍ ഡി എഫിന്റെ വിജയകുമാറിന് 46,320 വോട്ടും ലഭിച്ചപ്പോള്‍ ഒ രാജഗോപാല്‍ ബി ജെ പി യ്ക്ക് 34,145 നേടി കൊടുത്തു.

മുന്നണി വോട്ടുകള്‍ക്ക് കാര്യമായ വ്യത്യാസം രണ്ടു തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ ഉണ്ടായില്ല.പക്ഷെ ബി ജെ പി വോട്ട് നാലിരട്ടിയില്‍ അധികമാക്കി വര്‍ദ്ധിപ്പിച്ചു.

ഇതേ അനുഭവം തന്നെയാവും നാളെ പെട്ടി തുറക്കുമ്പോഴും ഉണ്ടാകാന്‍ പോകുന്നത് എന്ന് കരുതുന്നവര്‍ ഏറെയാണ്.എസ് എന്‍ ഡി പി പ്രവര്‍ത്തകര്‍ പൊതുവെ ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നവരായിരുന്നു എന്നതിനാല്‍ ആ വോട്ടു ചോര്‍ച്ച ഇടതുപക്ഷത്തെ തന്നെയാവും ബാധിക്കുക.വര്‍ഗീയതയെ തോല്‍പ്പിക്കാന്‍ ഇടതു പക്ഷത്തിന്റെ കൂടെ ചേരണം എന്ന് കരുതിയിരുന്ന ക്രൈസ്തവ മുസ്ലീം സമുദായത്തിലെ ഒരു വിഭാഗമെങ്കിലും അവസാനനിമിഷങ്ങളില്‍ മാറിചിന്തിക്കാന്‍ ഇടയായെങ്കില്‍ അതിനു കാരണം ധാര്‍ഷ്ട്യം തുടിയ്ക്കുന്ന സി പി എമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പിണറായി വിജയന്‍ മാത്രമാവും.

അഴിമതിയുടെ കൂത്തരങ്ങിലാണ് ഉമ്മന്‍ ചാണ്ടി മുങ്ങിനില്ക്കുന്നതെങ്കിലും ജനങ്ങളോടുള്ള ബഹുമാനത്തിലും സമീപനത്തിലും അദ്ദേഹം പുലര്‍ത്തുന്ന മാന്യത തമ്മില്‍ ഭേദമെന്ന് വിചാരിക്കുന്നവര്‍ ഇടതു മുന്നണിയ്ക്ക് വോട്ടു ചെയ്തിരിക്കാന്‍ ഇടയില്ല.യൂ ഡി എഫിന്റെ ഭരണത്തില്‍ നടപ്പാക്കിയ വികസനപദ്ധതികളെ കുറച്ചു കാണുന്നവര്‍ മുന്‍കാല സര്‍ക്കാരുകളെ കുറിച്ചു ശരിയായ പഠനം നടത്താത്തവരാണ് .കോണ്‍ഗ്രസില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല സി പി എമ്മിലെ ഗ്രൂപ്പ് വഴക്കുകള്‍ എന്നത് സാധാരണക്കാര്‍ക്ക് പോലും ഇപ്പോള്‍ അറിയാം.ഇക്കാരണങ്ങള്‍ എല്ലാം എക്‌സിറ്റ് പോള്‍ എന്ന നിലയില്‍ പുറത്തു വിട്ട കണക്കുകള്‍ക്ക് വിപരീതമായി ഭവിക്കാം.

പി സി ജോര്‍ജിനെ ഒഴിവാക്കി ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ കൂടെ കൂട്ടിയത് കൊണ്ട് പ്രത്യേകിച്ചു ഗുണം ഒന്നും എല്‍ ഡി എഫിന് ഉണ്ടാകില്ല.പക്ഷേ പൂഞ്ഞാര്‍,കാഞ്ഞിരപ്പള്ളി,ഏറ്റുമാനൂര്‍,ഇടുക്കി,ചങ്ങനാശ്ശേരി,പാലാ മണ്ഡലങ്ങള്‍ എല്‍ ഡി എഫിന് നഷ്ടപ്പെടാന്‍ ആ തീരുമാനം മാത്രം മതിയായേക്കും.ചില സര്‍വേകള്‍ അനുസരിച്ച് വളരെ കുറഞ്ഞ വ്യത്യാസമാവും ഇരു മുന്നണികള്‍ തമ്മിലുണ്ടാവുക.പിണറായിയുടെ പിടിവാശികള്‍ക്കും വ്യക്തി വൈരാഗ്യത്തിനും പകരമായി ഇടതുപക്ഷ മുന്നണിയ്ക്ക് അധികാരം കപ്പിനും ചുണ്ടിനും ഇടയ്ക്ക് നഷ്ടപെട്ടാല്‍ അതിശയിക്കേണ്ടതില്ല.

സരിത പോലെയുള്ള മാരണങ്ങളില്‍ അവസാനം വരെ പ്രത്യാശയര്‍പ്പിച്ച ഇടതുപക്ഷ മുന്നണി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വയം അപഹാസ്യരാവുന്നത് പല തവണ കണ്ടിട്ടും ഇത്തവണ വീണ്ടും പോളിംഗ് ബൂത്തില്‍ ജനം അവര്‍ക്ക് വോട്ടു ചെയ്തു എന്ന രീതിയിലുള്ള സര്‍വേ ഫലങ്ങള്‍ അതുകൊണ്ട് തന്നെ ആരെയും അമ്പരപ്പിക്കുന്നതാണ്.

അഴിമതിയുടെ ഗുണഭോക്താക്കളില്‍ ഇടതുപക്ഷമുന്നണിക്കാര്‍ ഇല്ലെന്നു ചങ്കില്‍ കൈവെച്ചു ആര്‍ക്കെങ്കിലും പറയാനാവുന്ന ചരിത്രം ഒന്നുമില്ല.പക്ഷെ അഴിമതി ഉയര്‍ത്തികാട്ടുന്നതില്‍ അവര്‍ എപ്പോഴും മുമ്പിലാണ് എന്ന് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്ന തിരഞ്ഞെടുപ്പ് കൂടിയായിരുന്നു കഴിഞ്ഞത്.പക്ഷേ ആ ഓട്ടത്തില്‍ അവര്‍ ജയിച്ചാല്‍ ആം ആദ്മി പാര്‍ട്ടി പോലെയുള്ള മുന്നേറ്റങ്ങള്‍ക്ക് കേരളത്തില്‍ യാതൊരു പ്രസക്തിയും ഇല്ലെന്നു തെളിയിക്കുന്നത് കൂടിയാവും നാളത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍.

 

Scroll To Top