Tuesday April 25, 2017
Latest Updates

ഐറിഷ് മലയാളി-ഓസ്‌കാര്‍ ട്രാവല്‍സ് ഇലക്ഷന്‍ ഫലപ്രവചന മത്സരത്തില്‍ 19 മണ്ഡലങ്ങളിലെ വിജയികളെ പ്രവചിച്ച് അമ്പിളി ചന്ദ്രന്‍ ഒന്നാമതെത്തി 

ഐറിഷ് മലയാളി-ഓസ്‌കാര്‍ ട്രാവല്‍സ് ഇലക്ഷന്‍ ഫലപ്രവചന മത്സരത്തില്‍ 19 മണ്ഡലങ്ങളിലെ വിജയികളെ പ്രവചിച്ച് അമ്പിളി ചന്ദ്രന്‍ ഒന്നാമതെത്തി 

എന്റെ ഇന്ത്യ ..എന്റെ കേരളം ,എന്റെ സ്ഥാനാര്‍ഥി’

ഡബ്ലിന്‍ :ഐറിഷ് മലയാളിയും ,ഓസ്‌കാര്‍ ട്രാവല്‍സും ചേര്‍ന്ന് പ്രവാസികള്‍ക്കായി  സംഘടിപ്പിച്ച ഇലക്ഷന്‍ ഫലപ്രവചന മത്സരത്തില്‍ കേരളത്തിലെ 20 നിയോജക മണ്ഡലങ്ങളിലേയും വിജയികളെ കൃത്യമായി പ്രവചിക്കാന്‍ ഒരാള്‍ക്ക് പോലുമായില്ല.കേരളത്തിലെ ജനങ്ങളും ,രാഷ്ട്രീയ പാര്‍ട്ടികളും ഒരേ പോലെ പുലര്‍ത്തിയ നിര്‍വചാതീതമായ സന്നിഗ്ധാവസ്ഥ ഈ ഫലപ്രവചന മത്സരത്തിലും പ്രതിഫലിച്ചു.

ഇരുപതില്‍ 19 എണ്ണത്തിലും ശരി ഉത്തരം രേഖപ്പെടുത്തിയ ഡബ്ലിന്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സ് അമ്പിളി ചന്ദ്രന്‍(കോട്ടയം മണ്ഡലം ) ഏറ്റവും കൂടുതല്‍ ഉത്തരം പ്രവചിച്ച് പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അര്‍ഹയായി.ഒരാള്‍ മാത്രമാണ് 19 ഉത്തരവും ശരിയാക്കിയത്.

വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള മനു ഗോപാലകൃഷ്ണന്‍(മാവേലിക്കര മണ്ഡലം ) ,സെന്റ് വിന്‍സന്റ്‌സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സ് വിധു സോജിന്‍ (കോട്ടയം മണ്ഡലം ),ഡബ്ലിന്‍ സിറ്റി സെന്ററിലെ എം ബി എ വിദ്യാര്‍ഥി ജെറിന്‍ കോശി വര്‍ഗീസ് (പത്തനംതിട്ട മണ്ഡലം )ലൂക്കന്‍ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥി തോബിയാസ് രാജു കുന്നക്കാട്ട് (കോട്ടയം മണ്ഡലം )ഫിംഗ്ലസില്‍ നിന്നുള്ള സിജു ദേവസി (എറണാകുളം മണ്ഡലം )എന്നിവരും കൂടുതല്‍ ഉത്തരങ്ങള്‍ ശരിയായി പ്രവചിച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിജയികളായി.ഇവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കപ്പെടും.

കണ്ണൂര്‍ ,ചാലക്കുടി മണ്ഡലങ്ങളാണ് മത്സരത്തില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം പേര്‍ക്കും തെറ്റിയത്.മത്സരത്തിന്റെ അവസാന ദിവസങ്ങളില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും തിരുവനന്തപുരത്ത് ഓ രാജഗോപാല്‍ വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.

പാലക്കാട് എം പി വീരേന്ദ്രകുമാര്‍ പരാജയപ്പെടുമെന്ന് 67 % പ്രവാസി വോട്ടര്‍മാരും കരുതിയത് അക്ഷരാര്‍ഥത്തില്‍ ശരിയായി.എന്നാല്‍ ചാലക്കുടിയില്‍ ഇന്നസന്റ് തോല്‍ക്കുമെന്ന 75 % പ്രവാസി വായനക്കാരുടെ അഭിപ്രായം അമ്പേ പാളി.ആകെ 13884 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച ഇന്നസന്റിനു 13,230 വോട്ടുകളുടെ ഭൂരിപക്ഷമാണ് കൈപ്പമംഗലം മണ്ഡലം മാത്രം സമ്മാനിച്ചത്.കൈപ്പമംഗലം അടക്കമുള്ള ഭാഗങ്ങളുടെ ജനവികാരം പ്രവാസി വോട്ടില്‍ പ്രതിഫലിച്ചതേയില്ല.

19 മണ്ഡലങ്ങള്‍ ശരിയായി പ്രവചിച്ച അമ്പിളി ചന്ദ്രനെ സൂപ്പര്‍ ബംബര്‍ സമ്മാനം നേടുന്നതില്‍ നിന്നും തടഞ്ഞത് കോഴിക്കോട് മണ്ഡലമാണ്.രാഷ്ട്രീയ രംഗത്തെ ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കാറുണ്ടെന്ന് അമ്പിളി ചന്ദ്രന്‍ ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.പി സി ചാക്കോ മണ്ഡലം മാറിയെന്നറിഞ്ഞപ്പോഴേ യൂ ഡി എഫിന് രണ്ടു മണ്ഡലങ്ങള്‍ നഷ്ട്ടപ്പെടുമെന്ന് ഉറപ്പിച്ചിരുന്നു.കര്‍ഷകരുടെ മനസ് നോവിച്ചതിനാല്‍ ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പച്ച തൊടില്ലെന്നു കരുതിയതും ശരിയായി.’അമ്പിളി പറഞ്ഞു.ഹാരോള്‍ഡ് ക്രോസില്‍ താമസിക്കുന്ന അമ്പിളി ചന്ദ്രന്റെ ഭര്‍ത്താവ് കലാപ്രവര്‍ത്തകനായ ഷാജു ജോസാണ്.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജൂണ്‍ 7 ന് ലൂക്കന്‍ വില്ലേജില്‍ വെച്ചു നടത്തപ്പെടുന്ന കേരളാ ഹൗസ് കാര്‍ണിവല്‍ വേദിയില്‍ വിതരണം ചെയ്യും.കൃത്യമായ സമയക്രമം വിജയികളെ അറിയിക്കുന്നതാണ്.

ഇലക്ഷന്‍ പ്രവചന മത്സരത്തില്‍ പങ്കെടുത്ത എല്ലാവരെയും ,വിജയികളെ പ്രത്യേകമായും ഓസ്‌കാര്‍ ട്രാവല്‍സ് മാനേജ്‌മെന്റും ,ഐറിഷ് മലയാളി പത്രാധിപ സമിതിയും അഭിനന്ദനം അറിയിച്ചു.

Scroll To Top