Wednesday December 07, 2016
Latest Updates

ഭരണപക്ഷം ആഹ്ലാദത്തിമര്‍പ്പില്‍,പൊതു തിരഞ്ഞെടുപ്പ് നേരത്തെയാകാന്‍ സാധ്യതയെന്ന് നിരീക്ഷകര്‍ 

ഭരണപക്ഷം ആഹ്ലാദത്തിമര്‍പ്പില്‍,പൊതു തിരഞ്ഞെടുപ്പ് നേരത്തെയാകാന്‍ സാധ്യതയെന്ന് നിരീക്ഷകര്‍ 

ഡബ്ലിന്‍:പ്രധാനമന്ത്രി എന്‍ഡാ കെന്നിയും ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനും ആവേശതിമിര്‍പ്പിലാണ്.ഡബ്ലിന്‍ കാസിലില്‍ ഹിതപരിശോധനാ ഫലം തേടിയെത്തിയ ഇരുവരമടക്കം എല്ലാ മന്ത്രിസഭാംഗങ്ങള്‍ക്കും ലഭിച്ചത് ഊഷ്മളമായ വരവേല്‍പ്പാണ്. കുറച്ചു കാലം മുന്‍പ് കാര്യങ്ങള്‍ ഇത്ര ശുഭകരമായിരുന്നില്ല. വാട്ടര്‍ ബില്ലിലെ നിലപാടുകളെ തുടര്‍ന്ന് ബര്‍ട്ടനെ പ്രതിഷേധക്കാര്‍ തെരുവില്‍ തടഞ്ഞതും, എന്‍ഡ കെന്നിയെ പത്രക്കാര്‍ പോകുന്നിടത്തെല്ലാം ഇതേ വിഷയത്തില്‍ ചോദ്യം ചെയ്തിരുന്നതും കുറച്ചു
നാളുകള്‍ക്കു മുന്‍പ് മാത്രമാണ്.

എന്നാല്‍ ഇപ്പോള്‍ ഫിനഗേല്‍ പാര്‍ട്ടിക്കും ലേബര്‍ പാര്‍ട്ടിക്കും മാധ്യമങ്ങള്‍ക്കിടയില്‍ മികച്ച ജനപ്രീതിയാണുള്ളത്. സ്വവര്‍ഗ്ഗ വിവാഹ ഹിതപരിശോധനയിലെ നിലപാടുകളിലൂടെ രാജ്യത്തെ ഒരു വിഭാഗം ന്യൂനപക്ഷത്തിന്റെ അവകാശം സംരക്ഷിക്കാനായി എന്നതു
മാത്രമല്ല, മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയും, പലിശ നിരക്കുകള്‍ കുറക്കാനായതും, അടുത്ത ബഡ്ജറ്റോടെ കൂടുതല്‍ നികുതിയിളവുകള്‍
പ്രഖ്യാപിക്കാനാവുമെന്നതും സര്‍ക്കാറിന് നേട്ടമായാണ് പറയപ്പെടുന്നത്.. കാര്യങ്ങള്‍ അനുകൂലമായതോടെ തിരഞ്ഞെടുപ്പ് നേരത്തെയാക്കന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത വര്‍ഷംഫെബ്രുവരിയോടെയാണ് തിരഞ്ഞെടുപ്പുകള്‍ നടക്കേണ്ടത്. എന്നാല്‍ ഒക്ടോബറിലെ ബഡ്ജറ്റിനു ശേഷം ഉടനെ തന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ പ്രധാനമന്ത്രി തയ്യാറായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തേ തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ ഹിതപരിശോധനക്ക് ലഭിച്ച വലിയ പ്രചാരവും സര്‍ക്കാറിന്റെ ജനപ്രീതിയും മുതലെടുക്കാനാവുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ
പ്രതീക്ഷ. സ്വവര്‍ഗ്ഗ പ്രണയിനികള്‍ മാത്രമല്ല, എല്ലാതരം രാഷ്ട്രീയ നിലപാടുകളിലും പെട്ട യുവജനങ്ങളും പ്രചരണങ്ങളില്‍ വലിയ തോതില്‍ സജീവമായിരുന്നു.
ഹിതപരിശോധനയിലെ വിജയം ഫിന ഗേലിലെയും,ലേബര്‍ പാര്‍ട്ടിയിലേയും പല മന്ത്രിമാര്‍ക്കും താരപരിവേഷം നല്‍കിയിട്ടുണ്ട്. ലിയോ വരാദ്കര്‍, ജോണ്‍ ലിയോണ്‍സ് എന്നിവര്‍ അക്കൂട്ടത്തില്‍ പ്രധാനികളാണ്. ഇതും തിരഞ്ഞെടുപ്പ് നേരത്തെയാക്കിയാല്‍ സര്‍ക്കാറിന് മറികടക്കാനാവാത്ത മുന്‍തൂക്കം നല്‍കുമെന്നാണ് കണക്കുകൂട്ടല്‍.എന്തായാലും സര്‍ക്കാര്‍ ആവശത്തിമര്‍പ്പില്‍ എടുത്തു ചാടാന്‍ ഒരുങ്ങുന്നുവെന്നാണ് ഡബ്ലിനിലെ പൊതുനിഗമനം. 

Scroll To Top