Saturday December 10, 2016
Latest Updates

പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അയര്‍ലണ്ടില്‍ സ്വതന്ത്രന്മാരുടെ മുന്നേറ്റം,പുതിയ സഖ്യം രൂപീകരിക്കും 

പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അയര്‍ലണ്ടില്‍ സ്വതന്ത്രന്മാരുടെ മുന്നേറ്റം,പുതിയ സഖ്യം രൂപീകരിക്കും 

ഡബ്ലിന്‍:പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ അയര്‍ലണ്ടില്‍ സ്വതന്ത്രന്മാരുടെ മുന്നേറ്റം. കക്ഷിരഹിതരായ ടിഡിമാര്‍ ഒന്നിക്കുന്നു. സ്വതന്ത്രായി മത്സരിച്ച് വിജയിച്ച മൈക്കല്‍ ഫിറ്റ്‌സ്‌മോറെ(റോസ് കോമണ്‍)  ഷെയ്ന്‍ റോസ്( ഡബ്ലിന്‍ സൗത്ത് )എന്നിവരുടെ നേതൃത്വത്തിലാണ് അടുത്തവര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാന്‍ സ്വതന്ത്രന്‍മാര്‍ ഒന്നിക്കുന്നത്. ആര്‍.ടി.ഇയുടെ പ്രൈം ടൈമില്‍ അതിഥികളായി എത്തിയപ്പോഴാണ് ഇരുവരും ഇക്കാര്യം വെളിപ്പെടുത്തിയത്. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇരുവരും ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചു. രാജ്യത്തിന്റെ പ്രതിസന്ധിയ്ക്ക് ഉത്തരവാദികളായ എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും തൂത്തെറിയുമെന്നാണ് സ്വതന്ത്ര കൂട്ടായ്മ അവകാശപ്പെടുന്നത് 

ഇരു നേതാക്കളുടെയും നേതൃത്വത്തില്‍ ഇതിനകം നിരവധി സ്വതന്ത്ര ടിഡിമാരെ ഒരു കുടക്കീഴില്‍ അണിനിരത്തിയ സ്വതന്ത്ര മുന്നണി ഒരു രാഷ്ട്രീയ ശക്തിയായി മാറാന്‍ പോകുകയാണെന്ന് ഷെയ്ന്‍ റോസ് പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ സഖ്യം ഐറിഷ് രാഷ്ട്രീയം മാറ്റി മറിക്കുമെന്നും ഷെയ്ന്‍ റോസ് അവകാശപ്പെട്ടു. സ്വതന്ത്രന്‍മാരുടെ സഖ്യത്തെ താനോ ഫിറ്റ്‌സ്‌മോറെയോ ആര് നയിക്കുന്നു എന്നത് പ്രസക്തമല്ല. ഒറ്റക്കെട്ടായി സഖ്യം മുന്നോട്ട് പോകുമെന്നും ഷെയ്ന്‍ റോസ് പറഞ്ഞു. ഷെയ്ന്‍ റോസിന്റെ കൂടെ സഹകരണത്തോടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഫിറ്റ്‌സ്‌മോറെ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. 

സ്വതന്ത്ര രാഷ്ട്രീയ കക്ഷിയുടെ കീഴില്‍ അണിനിരന്ന് വരുന്ന പൊതുതെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് 12 ഓളം ടിഡിമാര്‍ ഇതിനകം സമ്മതം അറിയിച്ചിട്ടുണ്ടെന്ന് ഫിറ്റ്‌സ്‌മോറെ വ്യക്തമാക്കി. ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്കും സ്വതന്ത്രന്മാരുടെ സഖ്യത്തില്‍ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. ഫിറ്റ്‌സ്‌മോറെയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്വതന്ത്രന്മാരായ സ്റ്റീഫന്‍ ഡോനെലി, ഫിനിയന്‍ മഗ്രാത്ത്, മാറ്റി മഗ്രാത്ത്, ജോണ്‍ ഹാലിഗന്‍, നോയല്‍ ഗ്രെലിഷ്, ടോം ഫ്‌ലെമിംഗ്, മുന്‍ ഫിനഗേല്‍ ടിഡി കൂടിയായ ഡെനിസ് നോട്ടന്‍ തുടങ്ങിയവരും സഖ്യത്തില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Scroll To Top