Thursday December 08, 2016
Latest Updates

അഭിപ്രായ വോട്ടെടുപ്പുകളില്‍ ഫിയനാ ഫാളിന് മുന്നേറ്റം :ഐറിഷ് വാട്ടര്‍ നിര്‍ത്തലാക്കുമെന്ന പ്രഖ്യാപനവുമായി പ്രകടനപത്രിക 

അഭിപ്രായ വോട്ടെടുപ്പുകളില്‍ ഫിയനാ ഫാളിന് മുന്നേറ്റം :ഐറിഷ് വാട്ടര്‍ നിര്‍ത്തലാക്കുമെന്ന പ്രഖ്യാപനവുമായി പ്രകടനപത്രിക 

ഡബ്ലിന്‍:ഐറിഷ് പാര്‍ലമെന്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള അവസാനവട്ട ഇലക്ഷന്‍ സര്‍വേകളില്‍ മുഖ്യപ്രതിപക്ഷ കക്ഷിയായ ഫിയനാ ഫാളിന് മുന്നേറ്റം.

എങ്കിലും മുന്‍ പോളുകളെ പോലെ ഭരണ കക്ഷി ഇപ്പോഴും 11 പോയിന്റുകള്‍ക്ക് മുന്നിട്ട് നില്ക്കുകയാണ്.

റെഡ് സീ ബിസിനസ് പോസ്റ്റ് വോട്ടെടുപ്പ് അനുസരിച്ച് 19 ശതമാനം പിന്തുണയുണ്ടായിരുന്ന ഫിയനാ ഫാള്‍ 2 ശതമാനം വോട്ട് വര്‍ദ്ധിപ്പിച്ച് 21 ശതമാനത്തില്‍ എത്തിയപ്പോള്‍ എന്‍ഡ കെന്നിയുടെ പാര്‍ട്ടിയായ ഫിനഗേലിനാണ് അത്രയും വോട്ട് കുറഞ്ഞത്.അയര്‍ലണ്ടില്‍ ഏറ്റവും അധികം കാലം ഭരണം നടത്തിയ ഫിയനാ ഫാള്‍ 2011 ലെ തിരഞ്ഞെടുപ്പിലാണ് വികലമായ സാമ്പത്തിക നയങ്ങള്‍ രാജ്യത്തിന് വരുത്തിവെച്ച കെടുതിയുടെ ജനരോഷാഗ്‌നിയില്‍ എരിഞ്ഞടങ്ങിയത്.

ഇന്നലെ ഫിയനാ ഫാള്‍ അവരുടെ പുതിയ ഇലക്ഷന്‍ പത്രികയും പുറത്തിറക്കി.ഒരിക്കല്‍ പറ്റിപോയ അബദ്ധങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പോടെ ആരംഭിക്കുന്ന പ്രകടന പത്രിക നല്കുന്ന ഏറ്റവും ആകര്‍ഷക വാഗ്ദാനം വെള്ളത്തിനു കെന്നി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഐറിഷ് വാട്ടറിന്റെ വിലയും പിന്‍വലിക്കുമെന്നാണ്.പുതിയതായി ഭവനം വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ പദ്ധതികള്‍ രൂപീകരിക്കുമെന്നും വാഗ്ദാനമുണ്ട്.പുതിയ തൊഴിലവസരങ്ങളും മെച്ചപ്പെട്ട വേതന വ്യവസ്ഥകളും പാര്‍ട്ടി ഉറപ്പു നല്കുന്നു.

പുതിയ സാമ്പത്തിക രാഷ്ട്രീയ വാഗ്ദനങ്ങളില്‍ മുഖം മിനുക്കി കോര്‍ക്കില്‍ നിന്നുള്ള മൈക്കില്‍ മാര്‍ട്ടിന്‍ എന്ന നേതാവിനെ മുമ്പില്‍ നിര്‍ത്തി പ്രത്യക്ഷപ്പെടുന്ന ഫിയനാ ഫാളിന്റെ പിന്തുണക്കാരെ സന്തോഷിപ്പിക്കുന്നതാണ് പുതിയ സര്‍വേ ഫലങ്ങള്‍.

ലേബര്‍ പാര്‍ട്ടി മുമ്പുണ്ടായിരുന്ന 9 ശതമാനം നില നിര്‍ത്തിയപ്പോള്‍ മറ്റൊരു പ്രതിപക്ഷ കക്ഷിയായ സിന്‍ ഫിന്നിനും പിന്തുണ വര്‍ദ്ധിച്ചിട്ടുണ്ട്.അതേ സമയം സിന്‍ ഫിനുമായി യാതൊരു കൂട്ടുകെട്ടിനും തയാറല്ലെന്നാണ് ഫിയന ഫാള്‍ നിലപാട്.

എന്‍ഡ കെന്നിയുടെ നയങ്ങളോടുള്ള എതിര്‍പ്പില്‍ ഉപരി ഫിയനാ ഫാളിനോടുള്ള ജനങ്ങളുടെ ആഴമായ അനുകൂല സമീപനമാവും ഇലക്ഷനില്‍ പ്രതിഫലിക്കുക

ഫെബ്രുവരി 2 ന് ഇലക്ഷന്‍ പ്രഖ്യാപിച്ച് 26 ന് രാജ്യം പുതിയ നേതാക്കളെ തിരഞ്ഞെടുക്കേണ്ട തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുമെന്നാണ് സൂചനകള്‍ 

Scroll To Top