Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ വൃദ്ധജനങ്ങള്‍ ക്രൂരമായ അവഗണനയില്‍ എന്ന് പഠനങ്ങള്‍,നഴ്‌സുമാര്‍ക്കെതിരെ പരാതികള്‍ വര്‍ദ്ധിക്കുന്നു 

അയര്‍ലണ്ടിലെ വൃദ്ധജനങ്ങള്‍ ക്രൂരമായ അവഗണനയില്‍ എന്ന് പഠനങ്ങള്‍,നഴ്‌സുമാര്‍ക്കെതിരെ പരാതികള്‍ വര്‍ദ്ധിക്കുന്നു 

ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രായമായവരില്‍ ഭൂരിപക്ഷം പേരും ഏതെങ്കിലും വിധത്തില്‍ അധിക്ഷേപിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍.ഇത് സംബന്ധിച്ചു പഠനം നടത്തിയ ഏജ് ആക്ഷന്‍ അടക്കമുള്ള സന്നദ്ധ സംഘടനകള്‍ക്കെല്ലാം ഒരേ രീതിയിലുള്ള പരാതികളാണ് ലഭിച്ചിട്ടുള്ളത്.മുന്‍ ദശകങ്ങളെ അപേക്ഷിച്ച് വൃദ്ധരായവരെ കൂടുതല്‍ അവഗണിക്കുന്ന ശുശ്രൂഷകരുടെയും,ചെറുപ്പക്കാരുടെയും എണ്ണം വര്‍ദ്ധിക്കുന്നതായും പഠനങ്ങള്‍ വിലയിരുത്തുന്നു.
പ്രായമായവര്‍ അധിക്ഷേപിക്കപ്പെടുന്നതു സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2,500 പരാതികളാണെന്ന് ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.2007ല്‍ രാജ്യം പരാതികള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതു മുതലുള്ള ഏറ്റവും ഉയര്‍ന്ന കണക്കുകളാണിത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പരാതികളില്‍ 5% വര്‍ദ്ധനവുണ്ടായി. ആകെ ലഭിച്ച 2,592 പരാതികളില്‍ 29% മാനസിക പീഡനത്തെ കുറിച്ചും, 21% സാമ്പത്തികം, 15% അശ്രദ്ധ, 12% ശാരീരികപീഡനം എന്നീ ഗണത്തിലുള്ളതാണ്. കൂടുതല്‍ പരാതികളും പബ്‌ളിക് ഹെല്‍ത്ത് നഴ്‌സുമാരില്‍ നിന്നുള്ളതാണ്.ആശുപത്രികളും, കുടുംബാംഗങ്ങളുമാണ് തൊട്ടുപിന്നില്‍. എന്നാല്‍ സ്വയം പരാതി നല്‍കുന്ന വൃദ്ധരുടെ എണ്ണം 2013ലെ 19%ല്‍ നിന്നും 2104ല്‍ 26% ആയി ഉയര്‍ന്നതായും എച്ച് എസ് ഇ ചൂണ്ടിക്കാട്ടുന്നു.
നഴ്‌സുമാര്‍,ആരോഗ്യപ്രവര്‍ത്തകര്‍,നഴ്‌സിംഗ് ഹോമുകള്‍ എന്നിവയ്‌ക്കെതിരെ കോടതിയെ പോലും സമീപിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു 
എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന സംഭവങ്ങളുടെ എണ്ണം ഇതിലും എത്രയോ അധികമാണെന്ന് എച്ച് എസ് ഇ യിലെ പാസ്‌ക്കല്‍ മൊനിഹാന്‍ പറയുന്നു. കഴിഞ്ഞ 12 മാസങ്ങളായി 250ലധികം പരാതികളാണ് ബാങ്ക് ജീവനക്കാര്‍ പ്രായമായ ആള്‍ക്കാരെ സാമ്പത്തികമായി കബളിപ്പിക്കുകയാണെന്ന് രീതിയില്‍ ലഭിച്ചതെന്ന് ഏജ് ആക്ഷന്‍ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. രാജ്യത്ത് 10,000 വൃദ്ധജനങ്ങള്‍ വിവിധതരത്തില്‍ പീഡിപ്പിക്കപ്പെടുന്നതായി യൂണിവേഴ്‌സിറ്റി കോളേജ് ഡബ്‌ളിന്‍ നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു.

65 മുതല്‍ 79 വരെ പ്രായമുള്ളവരേക്കാല്‍ നാലുമടങ്ങ് കൂടുതല്‍ അധിക്ഷേപങ്ങളേല്‍ക്കേണ്ടി വരുന്നത് 80നു മുകളില്‍ പ്രായമുള്ളവരാണെന്ന് എച്ച് എസ് ഇ വ്യക്തമാക്കുന്നു. സ്വന്തം മക്കളില്‍ നിന്നാണ് ഏറ്റവുമധികം പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നത്. ദാമ്പത്യ പങ്കാളികളാല്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളും ചെറുതല്ല

Scroll To Top