Sunday December 11, 2016
Latest Updates

ഇലക്ഷന്‍ ചൂട് അയര്‍ലണ്ടിലും:പൂഞ്ഞാര്‍ ആശാന് വേണ്ടി പന്തയതുക ഒരു ലക്ഷം രൂപ!

ഇലക്ഷന്‍ ചൂട് അയര്‍ലണ്ടിലും:പൂഞ്ഞാര്‍ ആശാന് വേണ്ടി പന്തയതുക ഒരു ലക്ഷം രൂപ!

ഡബ്ലിന്‍:ഇലക്ഷന്‍ ചൂട് പിടിയ്ക്കുമ്പോള്‍ അയര്‍ലണ്ടിലും പ്രവാസി മലയാളികള്‍ തങ്ങളുടെ സ്വന്തം സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി സജീവമായി രംഗത്ത്.അയര്‍ലണ്ടിലെ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുന്ന കേരളത്തിലെ മണ്ഡലങ്ങളില്‍ ഇരു പക്ഷങ്ങള്‍ക്ക് വേണ്ടിയും വാദിക്കാന്‍ ചേരി തിരിഞ്ഞു തന്നെ രാഷ്ട്രീയപ്രവര്‍ത്തകരുണ്ട്.

അങ്കമാലി,പൂഞ്ഞാര്‍,പാലാ,ഇരിക്കൂര്‍ എന്നീ വിവാദമണ്ഡലങ്ങള്‍ കഴിഞ്ഞാല്‍ പിറവം,കുന്നത്ത്നാട്, തൊടുപുഴ,ചങ്ങനാശ്ശേരി,കോതമംഗലം,തിരുവാമ്പാടി,കാഞ്ഞിരപ്പള്ളി,തിരുവല്ല,കടുത്തുരുത്തി,ഏറ്റുമാനൂര്‍,മൂവാറ്റുപുഴ,ഇടുക്കി,കൊട്ടാരക്കര മണ്ഡലങ്ങളില്‍ നിന്നുള്ളവരാണ് അയര്‍ലണ്ടിലെ മലയാളികളില്‍ കൂടുതലും.ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളി, പീരുമേട്, റാന്നി, ഉടുമ്പന്‍ചോല,പേരാമ്പ്ര,പേരാവൂര്‍,കുട്ടനാട് മണ്ഡലങ്ങളില്‍ നിന്നും താരതമ്യേനെ നല്ല തോതില്‍ മലയാളികള്‍ അയര്‍ലണ്ടിലുണ്ട്.

അങ്കമാലിക്കാരിലെ ഇരുപക്ഷവുമാണ് ഏറ്റവും വാശിയോടെ നിലയുറപ്പിച്ചിരിക്കുന്നത്. അയര്‍ലണ്ടിലെ മുന്‍ താമസക്കാരനായ ബെന്നി മൂഞ്ഞേലിയുടെ പ്രചാരണത്തിനായി ബുധനാഴ്ച്ച ഡബ്ലിനില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ ചേരുന്നുണ്ട്.ഒട്ടേറെ പേര്‍ മൂഞ്ഞേലിയുടെ പ്രചാരണത്തിനായി അയര്‍ലണ്ടില്‍ നിന്നും അങ്കമാലിയില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ ഐക്യമുന്നണിയുടെ കോട്ടയായ അങ്കമാലിയെ ഇടതുമുന്നണിയ്ക്ക് വിട്ടുകൊടുക്കില്ലെന്ന ശുഭപ്രതീക്ഷയോടെ റോജി എം ജോണിനായി ഒളിഞ്ഞും തെളിഞ്ഞും ഒട്ടേറെ പേര്‍ സജീവമായുണ്ട്.ബെന്നി മൂഞ്ഞേലിയുമായുള്ള സൗഹൃദമൊന്നും ഐക്യജനാധിപത്യ മുന്നണിയുടെ പരാജയത്തിന് വേണ്ടിയുള്ള വോട്ടാക്കി മാറ്റാന്‍ ആരും വിനിയോഗിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണവര്‍.

പാലാ മണ്ഡലത്തില്‍ നിന്നും അയര്‍ലണ്ടില്‍ നൂറുകണക്കിന് പേരാണ് അയര്‍ലണ്ടിലുള്ളത്.നാട്ടില്‍ വോട്ടില്ലെങ്കിലും ഇലക്ഷന്‍ കഴിയുമ്പോള്‍ കെ എം മാണിയുടെ അവസ്ഥ എന്താകും എന്ന ആകാംഷയിലാണവര്‍.എങ്കിലും കെ എം മാണി ചെറിയ വോട്ടുകള്‍ക്ക് എങ്കിലും ജയിച്ചു കയറുമെന്ന വിശ്വാസമാണ് അവരില്‍ കൂടുതലും പേര്‍ക്കുള്ളത്.

ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ പൊതുവെ പ്രകടിപ്പിക്കുന്ന കെ സി വിരുദ്ധമനോഭാവം അയര്‍ലണ്ടിലെ ഇരിക്കൂര്‍കാരും വെച്ചു പുലര്‍ത്തുന്നുണ്ട് എന്നതും ശ്രദ്ധേയമായി.ഇരിക്കൂര്‍ മണ്ഡലത്തിലെ കെ സി വിരുദ്ധവോട്ടുകള്‍ വിഭജിച്ചു പോകുന്നത് ഇടതുപക്ഷ സ്ഥാനാര്‍ഥിയ്ക്ക് അനുകൂലം ആവുമെന്നാണ് ഇവര്‍ പറയുന്നത്.

കേരളത്തിലെ ഗ്ലാമര്‍ പോരാട്ടം നടക്കുന്ന പൂഞ്ഞാറിലെ മത്സരത്തെ ചൊല്ലിയാണ് അയര്‍ലണ്ടിലും രാഷ്ട്രീയപ്രവര്‍ത്തകര്‍ പ്രധാനമായും ഏറ്റുമുട്ടുന്നത്.പൂഞ്ഞാറുകാര്‍ മാത്രമല്ല മറ്റു മണ്ഡലത്തില്‍ നിന്നുള്ളവരും പൂഞ്ഞാറിനെയാണ് ഏറ്റവും താരമൂല്യമുള്ള മണ്ഡലമായി കണക്കാക്കുന്നത്.ഏറ്റവും കൂടുതല്‍ പന്തയങ്ങള്‍ നടക്കുന്നതും പൂഞ്ഞാറിലെ തിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയാണ്.

പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രവാസിയായ തിടനാട് കുരിശുപള്ളിയ്ക്ക് സമീപം വീടുള്ള ഡബ്ലിന്‍ ബ്ലാക്ക് റോക്കുകാരന്‍ ഒരു ലക്ഷം രൂപയുടെ പന്തയമാണ് പി സി ജോര്‍ജിന് വേണ്ടി വാക്കുറപ്പിച്ചിരിക്കുന്നത്.ഒരു വോട്ടിനെങ്കിലും പി സി.ജോര്‍ജ് ജയിക്കും എന്ന പക്ഷക്കാരാണ് ഇദ്ദേഹം.ഇടുക്കി മണ്ഡലത്തില്‍ നിന്നുള്ള അയല്‍ക്കാരനാണ് തിടനാട്കാരനെതിരെ മറുപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നത്.എന്തായാലും മൂന്നാം കക്ഷിയുടെ കൈവശം പന്തയപണമേല്‍പ്പിച്ച് കാത്തിരിക്കുകയാണ് ഇവര്‍ രണ്ടു പേരും.19 ന് പെട്ടി തുറന്നു ഫലം വരെയും ആവേശം മുറുകുമെന്നുറപ്പ്.

Scroll To Top