Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ എയര്‍ കോം,വോഡഫോണ്‍ കമ്പനികളുടെ തട്ടിപ്പിന് ഇരയാകുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ പെരുകുന്നു 

അയര്‍ലണ്ടില്‍ എയര്‍ കോം,വോഡഫോണ്‍ കമ്പനികളുടെ തട്ടിപ്പിന് ഇരയാകുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ പെരുകുന്നു 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ടെലികോം/ ബ്രോഡ് ബാന്‍ഡ് കമ്പനികളുടെ തട്ടിപ്പിന് ഇരയാകുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ വര്‍ദ്ധിക്കുന്നു. ബ്രോഡ്ബാന്‍ഡ് കോണ്‍ട്രാക്റ്റിന്റെ വിശദാംശങ്ങള്‍ മറച്ചു വച്ചാണ് കമ്പനികള്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്നത് . ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് കമ്പനിയുമായി ഒരു വര്‍ഷത്തെ കോണ്‍ട്രാക്റ്റ് ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്പനികള്‍ നോട്ടീസ് അയച്ചു ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്നത്.എന്നാല്‍ ഈ കരാര്‍ സംബന്ധിച്ച രേഖകള്‍ എന്തെങ്കിലും നല്‍കാന്‍ കമ്പനികള്‍ തയ്യാറാകുന്നില്ല. ഉപഭോക്താക്കള്‍ സേവനം അവസാനിപ്പിക്കുമ്പോള്‍ 150 യൂറോ മുതല്‍ 550 യൂറോ വരെ ക്യാന്‍സലേഷന്‍ ചാര്‍ജ് അടയ്ക്കണമെന്ന് ഇവര്‍ നിഷ്‌കര്‍ഷിക്കുകയാണ് 

ഒരു വര്‍ഷത്തെ കോണ്‍ട്രാക്റ്റ് സംബന്ധിച്ച് ഒരു രേഖയും ഉപഭോക്താവിന് നല്കാതെയാണ് കമ്പനികള്‍ ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കുന്നത്. എയര്‍ കോം,വോഡഫോണ്‍, യുപിസി തുടങ്ങിയ സേവന ദാതാക്കളാണ് ഇപ്രകാരം ഉപഭോക്താക്കളെ ഇരകളാക്കുന്നതില്‍ മുന്നില്‍ നില്ക്കുന്നത്. നിലവിലുള്ള കാലാവധി തീരുന്നതിന് മാസങ്ങള്‍ മുമ്പേ ബ്രോഡ് ബാന്‍ഡ് കമ്പനിയുടെ പ്രതിനിധി കസ്റ്റമറെ ഫോണില്‍ വിളിയ്ക്കുന്നതോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്.കാലാവധി അവസാനിക്കാന്‍ പോകുകയാണെന്നും ,കമ്പനിയുടെ പുതിയ ഓഫറുകള്‍ അറിയിക്കാമെന്നുമുള്ള സുന്ദര വാഗ്ദാനത്തോടെയാണ് പ്രതിനിധിയുടെ വിളി വരുക.

ഓഫറുകള്‍ കേട്ടുകഴിയുമ്പോള്‍ അതിലെ ഏതെങ്കിലും പാക്കേജ് തിരഞ്ഞെടുക്കാനോ അഥവാ നിലവിലുള്ള പാക്കേജ് തന്നെ തുടരാനോ പ്രതിനിധി ഉപദേശിക്കും.അഞ്ചോ ആറോ മിനുട്ട് നീളുന്ന സംഭാഷണത്തിലൂടെ സ്ഥാപിച്ചെടുത്ത ചെറിയ സൗഹൃദം കൂടിയാവുമ്പോള്‍ കൂടുതല്‍ ഉപഭോക്താക്കളും കൂടുതല്‍ ആലോചിക്കാതെ തന്നെ കരാര്‍ തുടരാന്‍ ഫോണിലൂടെ തന്നെ മറുപടിയും നല്‍കും.

കരാര്‍ എന്നത് ഒരു പേപ്പര്‍ രേഖ മുഖേനെയെ സൃഷ്ട്ടിക്കപ്പെടുകയുള്ളൂ എന്ന് വിചാരിക്കുന്ന ഭൂരിഭാഗം ഉപഭോക്താക്കളെയും കബളിപ്പിച്ചു കൊണ്ട് എയര്‍ കോം ,വഡോഫോണ്‍ തുടങ്ങിയ കമ്പനികള്‍ ഈ ടെലിഫോണ്‍ സംഭാഷണം റിക്കാര്‍ഡ് ചെയ്തു രേഖയാക്കും.സര്‍വീസ് മറ്റൊരു പ്രൊവൈഡറിലേയ്ക്ക് മാറ്റാന്‍ കാലാവധിക്ക് മുന്‍പേ ഉപഭോക്താവ് തീരുമാനിച്ചാല്‍ കാന്‍സലേഷന്‍ ചാര്‍ജ് ,ടെര്‍മിനേഷന്‍ ചാര്‍ജ് തുടങ്ങിയ ഇനങ്ങളിലായി വലിയൊരു തുകയ്ക്ക് ഉടന്‍ നോട്ടിസ് വരും.ഉപഭോക്താവ് ഈ നോട്ടിസ് അവഗണിച്ചു മുന്‍പോട്ടു പോയാല്‍ ‘കുടിശിഖ പിരിച്ചെടുക്കുന്നതു മാത്രം തൊഴിലാക്കിയ’ കമ്പനികള്‍ക്ക് പണം പിരിച്ചെടുക്കാനുള്ള ചുമതല കൈമാറും.രണ്ടാം ഘട്ടത്തില്‍ ഇവരാണ് ഫോണിലൂടെയും,നേരിട്ടും ഉപഭോക്താവിനെ ഭീഷണിപ്പെടുത്തി കുടിശിഖ പിരിക്കാനെത്തുന്നത്.

എന്നിട്ടും പരാജയപ്പെടുകയാണെങ്കിലാണ് നിയമ നടപടിയ്ക്കുള്ള നോട്ടിസ് അയയ്ക്കുന്നത്.മിക്കവാറും നോട്ടിസുകളില്‍, കരാര്‍ പുതുക്കുന്നതിന് ഉപഭോക്താവ് സമ്മതിച്ചതായുള്ള വോയിസ് റിക്കോര്‍ഡര്‍ കമ്പനിയുടെ കൈവശം ഉണ്ടെന്നത് രേഖപ്പെടുത്തിയിരിക്കും 

അതേസമയം അന്യായമായ ആരോപണം ഉന്നയിക്കുന്ന കമ്പനികള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചാല്‍ കോടതി ചെലവിനു വന്‍ തുക മുടക്കേണ്ടി വരുമെന്ന് ഭയന്നാണ് ഒട്ടേറെ ഉപഭോക്താക്കള്‍ ഈ ഘട്ടത്തില്‍ ക്യാന്‍സലേഷന്‍ ചാര്‍ജ് അടച്ച് കമ്പനികളുടെ സേവനം അവസാനിപ്പിക്കുന്നത്.കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഡബ്ലിനില്‍ മാത്രം പത്തോളം പേര്‍ക്ക് ഇത്തരത്തില്‍ പണം നഷ്ട്ടപ്പെട്ടതായി ‘ഐറിഷ് മലയാളി’നടത്തിയ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു.ടെല്‍കോം അതോറിട്ടിയായ കൊമ്രെജ്  (http://www.comreg.ie/)മുഖേനെ ഇതിനെതിരെ പരാതി നല്‍കിയാല്‍ സാധാരണഗതിയില്‍ അടിയന്തര നടപടിയുണ്ടാകുന്നുണ്ട്.

എന്നാല്‍ ഈ അന്യായ ക്യാന്‍സലേഷന്‍ ചാര്‍ജിനെതിരെ നിയമ നടപടി സ്വീകരിക്കാനും വെറും മുപ്പതു യൂറോയില്‍ താഴെ മാത്രമേ ചെലവാകൂ, കൂടാതെ കാര്യമില്ലാതെ ബുദ്ധിമുട്ടിപ്പിച്ചതിനു കമ്പനികളില്‍ നിന്ന് 2000 യൂറോ വരെ നഷ്ടപരിഹാരം ആവശ്യപ്പെടാനും ഉപഭോക്താവിന് അവകാശമുണ്ട്. എന്നാല്‍ ഭൂരിപക്ഷം ഉപഭോക്താക്കള്‍ക്കും ഇക്കാര്യം അറിയില്ല. ഉപഭോക്താക്കളുടെ ഈ അറിവില്ലായ്മയാണ് കമ്പനികള്‍ മുതലെടുക്കുന്നത്.


Scroll To Top