Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലും യൂ കെ യിലും ഏജന്‍സി നഴ്‌സുമാര്‍ക്ക് ചാകരക്കാലം!ജോലിയോടൊപ്പം ഏജന്‍സികളില്‍ കൂടി രജിസ്റ്റര്‍ ചെയ്യാന്‍ മടിയ്‌ക്കേണ്ട!

അയര്‍ലണ്ടിലും യൂ കെ യിലും ഏജന്‍സി നഴ്‌സുമാര്‍ക്ക് ചാകരക്കാലം!ജോലിയോടൊപ്പം ഏജന്‍സികളില്‍ കൂടി രജിസ്റ്റര്‍ ചെയ്യാന്‍ മടിയ്‌ക്കേണ്ട!

ഡബ്ലിന്‍: ബ്രിട്ടണിലും അയര്‍ലണ്ടിലും നഴ്‌സുമാരുടെ ദൗര്‍ലഭ്യം രൂക്ഷമാവുന്നതോടെ ഏജന്‍സികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന നഴ്‌സുമാരുടെ വരുമാനം വര്‍ദ്ധിക്കുന്നതായി കണ്ടെത്തല്‍.അയര്‍ലണ്ടില്‍ എച്ച് എസ് ഇ ലേയ്ക്കും,ബ്രിട്ടനില്‍ എന്‍ എച്ച് എസിലേയ്ക്കും അടുത്തയിടെയും ഊര്‍ജിതമായ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ ഇപ്പോഴും ആവശ്യത്തിന് നഴ്‌സുമാരില്ല.

ഇതേ തുടര്‍ന്നാണ് ഏജന്‍സി നഴ്‌സുമാര്‍ക്ക് ചാകര കൊയ്ത്തായത്.അയര്‍ലണ്ടില്‍ 18 മുതല്‍ 21 യൂറോ വരെ മണിക്കൂറിന് ഏജന്‍സി നഴ്‌സുമാര്‍ക്ക് ലഭിക്കുമ്പോള്‍ യൂ കെ യില്‍ നിയമാനുസൃത വേതനത്തില്‍ നിന്നും വളരെ കൂടുതലാണ് നഴ്‌സുമാര്‍ക്ക് ലഭിക്കുന്നത്.

അവധി ദിനങ്ങളില്‍ ബെല്‍ഫാസ്റ്റില്‍ നിന്നും നഴ്‌സുമാരെ യൂ കെ യിലെ മറ്റ് നഗരങ്ങളിലെത്തിച്ച് ഏജന്‍സി ജോലി തരപ്പെടുത്തി കൊടുക്കുന്ന ഏജന്‍സികള്‍തന്നെ പ്രവര്‍ത്തനം ആരംഭിച്ചതായി ഇന്നലെ ഐറിഷ് ഡൈലി മെയില്‍  റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് സാധാരണ ജോലി കഴിഞ്ഞ് ടാക്‌സിയില്‍ എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന നഴ്‌സുമാരെ അടുത്ത ഫ്‌ലൈറ്റിനു യൂ കെ യിലെ ലക്ഷ്വറി ഹോട്ടലുകളിലെത്തിക്കും.ശനി,ഞായര്‍ ദിവസങ്ങളില്‍ മീല്‍സ് അലവന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കി ജോലി ചെയ്തതിന് ശേഷം ഞായറാഴ്ച്ച രാത്രി വിമാനത്തില്‍ ബെല്‍ഫാസ്റ്റില്‍ എത്തിക്കുന്നതടക്കമാണ് ഇതിനായുള്ള പാക്കേജ്.ലണ്ടന്‍,ബര്‍മിംഗ് ഹാം,റ്റൈന്‍സൈഡ് എന്നിവിടങ്ങളിലാണ് ബെല്‍ഫാസ്റ്റ് നഴ്‌സുമാര്‍ ജോലിക്കെത്തുന്നതെന്ന് പത്രം പറയുന്നു.

സാധാരണഗതിയില്‍ പരമാവധി 14.75 പൗണ്ട് മണിക്കൂര്‍ ശമ്പളം ലഭിക്കുന്ന സ്ഥാനത്ത് സുന്ദര്‍ലാന്‍ഡ് റോയല്‍ ഹോസ്പിറ്റല്‍ അടക്കമുള്ള ചില ആശുപത്രികളില്‍ 40 പൗണ്ട് വരെ ഏജന്‍സി നഴ്‌സുമാര്‍ക്ക് ഞായറാഴ്ചകളില്‍ ശമ്പളം ലഭിക്കുന്നുണ്ട്.

അയര്‍ലണ്ടിലാവട്ടെ നഗരപ്രദേശങ്ങളിലെ പ്രൈവറ്റ് ആശുപത്രികളെക്കാള്‍ ഉള്‍കൌണ്ടികളിലുള്ള നഴ്‌സിംഗ് ഹോമുകളാണ് നഴ്‌സുമാര്‍ക്ക് വേണ്ടി കാത്തിരിക്കുന്നത്.നിയമാനുസൃതമായുള്ള ശമ്പളം രേഖാമൂലം ലഭിക്കുമ്പോള്‍ മോനിട്ടറി ബെനഫിറ്റ് അടക്കമുള്ള മറ്റ് നിരവധി ആനുകൂല്യങ്ങളും ഇവര്‍ നഴ്‌സുമാര്‍ക്ക് നല്കാന്‍ തയ്യാറാണ്.സ്ഥിരം ജോലി ചെയ്യുന്ന ആശുപത്രികളെക്കാള്‍ 30 ശതമാനം വരെ കൂടുതല്‍ ശമ്പളമാണ് അവധി ദിവസങ്ങളില്‍ ചില തൊഴിലുടമകള്‍ വാഗ്ദാനം ചെയ്യുന്നത്.എന്നിട്ടും ആവശ്യത്തിനു ജോലി ചെയ്യാന്‍ നഴ്‌സുമാരെ ലഭിക്കുന്നില്ലെന്നാണ് നഴ്‌സിംഗ് ഹോം ഉടമകളുടെ പരിദേവനം.

യൂ കെ യില്‍ 47,500 നഴ്‌സുമാരുടെ കുറവാണ് ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാവുകയെന്ന് സെന്റര്‍ വര്‍ക്ക് ഫോഴ്‌സ് ഇന്റലിജന്‍സ് വ്യക്തമാക്കുമ്പോള്‍ 2009 നെ അപേക്ഷിച്ച് 4500 നഴ്‌സുമാരുടെ കുറവാണ് അയര്‍ലണ്ടില്‍ നിലവിലുള്ളതെന്ന് നഴ്‌സുമാരുടെ സംഘടനയായ ഐ എന്‍ എം ഓ പറയുന്നു.

പ്രൈവറ്റ് നഴ്‌സിംഗ് ഹോമുകളില്‍ നിന്നും എന്‍ എച്ച് എസ്സിലേയ്ക്കും,എച്ച് എസ് ഇ യിലേയ്ക്കും ജോലി മാറുന്ന പ്രവണത വര്‍ദ്ധിക്കുന്നതിനനുസരിച്ച് പ്രൈവറ്റ് മേഖലയിലാണ് നഴ്‌സുമാരുടെ ജോലിയ്ക്ക് വ്യാപകമായ ഒഴിവുകളുള്ളത്.ഇരു രാജ്യങ്ങളിലും പുതിയതായി ജോലിയ്ക്ക് യോഗ്യത നേടിയെത്തുന്നവരും സര്‍ക്കാര്‍ ജോലിയ്ക്ക് മുന്‍ഗണന കൊടുക്കുന്നതിനാല്‍ ജോലിക്കാരെ നിലനിര്‍ത്താനായി പ്രൈവറ്റ് നഴ്‌സിംഗ് ഹോമുകള്‍ കൂടുതല്‍ ശമ്പളം നല്‍കാന്‍ തയാറായിട്ടുണ്ട്.

വരുംമാസങ്ങളില്‍ അയര്‍ലണ്ടിലും ബ്രിട്ടണിലും ഏജന്‍സി നഴ്‌സുമാര്‍ക്ക് ഡിമാന്‍ഡിനനുസരിച്ച് കൂടുതല്‍ ശമ്പളം ലഭിക്കുന്ന അവസ്ഥയാണ് സംജാതമാകാന്‍ സാധ്യതയെന്ന് റിക്രൂട്ട്‌മെന്റ് രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു

ഐറിഷ് മലയാളി ന്യൂസ്

Scroll To Top