Tuesday December 06, 2016
Latest Updates

രക്ഷിതാക്കള്‍ക്ക് ആശ്വാസം; വിദ്യാര്‍ഥികളുടെ വാര്‍ഷിക ചിലവുകള്‍ കുറയ്ക്കാനുള്ള പദ്ധതിയായി

രക്ഷിതാക്കള്‍ക്ക് ആശ്വാസം; വിദ്യാര്‍ഥികളുടെ വാര്‍ഷിക ചിലവുകള്‍ കുറയ്ക്കാനുള്ള പദ്ധതിയായി

ഡബ്ലിന്‍:സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോമിന്റെ വില കുറയ്ക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് രക്ഷിതാക്കള്‍ക്ക് ആശ്വാസം പകരുന്ന പദ്ധതിയുമായി സര്‍ക്കാര്‍. പ്രധാനമന്ത്രി എന്‍ഡ കെന്നി, വിദ്യാഭ്യാസമന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍, ജൂനിയര്‍ മന്ത്രി ജോണ്‍ ഹല്ലിഗന്‍ എന്നിവര്‍ വ്യാഴാഴ്ച ഡബ്ലിനിലെ സെന്റ് ബ്രിജിഡ്സ് സ്‌കൂളില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ മാസം പുറത്തുവന്ന ഒരു സര്‍വേ ഫലമനുസരിച്ച് കുട്ടികളുടെ യൂണിഫോമുകള്‍ക്കും മറ്റുമായി വലിയ തുക രക്ഷിതാക്കള്‍ ചെലവിടേണ്ടി വരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്‌കൂളിന്റെ പേര്‍ തുന്നിച്ചേര്‍ത്ത ബ്രാന്‍ഡഡ്(ക്രെസ്റ്റ്) യൂണിഫോമാണ് ഭൂരിപക്ഷം രക്ഷിതാക്കളും കുട്ടികള്‍ക്ക് വാങ്ങിനല്‍കുന്നത്.ബ്രാന്‍ഡഡ് യൂണിഫോം തന്നെ ധരിക്കണമെന്ന് മിക്ക സ്‌കൂളുകളും നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നു.ഇവയുടെ നിര്‍മ്മാണമാവട്ടെ ചില കുത്തകകള്‍ കൈയ്യടക്കിയിരിക്കുന്നതിനാല്‍ കൊള്ളവിലയാണ് ഈടാക്കപ്പെടുന്നത്.ഇതേ തുടര്‍ന്ന് വ്യാപക പരാതി ഉയര്‍ന്നതിനാലാണ് സര്‍ക്കാര്‍ പുതിയ നയം രൂപപ്പെടുത്തിയത്.ഇത് മുഖേനെ വിപണിയില്‍ ലഭ്യമാകുന്ന കുറഞ്ഞ വിലയുള്ള,ഗുണമേന്മയുള്ള ഏത് തരം തുണിയും യൂണിഫോമിനായി ഉപയോഗിക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

സെക്കന്‍ഡറി സ്‌കൂളില്‍ ഒരു വിദ്യാര്‍ത്ഥിക്കു വേണ്ടി ആദ്യ വര്‍ഷം ഓരോ രക്ഷിതാവും 800 യൂറോയും, ജൂനിയര്‍ ഇന്‍ഫാന്റ്സ് ക്ലാസുകളില്‍ പോകുന്നവര്‍ക്ക് 300 യൂറോയുമാണ് ശരാശരി ചെലവിടേണ്ടിവരുന്നത്.

യൂണിഫോം വില കുറയ്ക്കുന്നതിനു പുറമെ പുസ്തകങ്ങളുടെ വിലയും കുറയ്ക്കാന്‍ പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്.പുസ്തക വില കുറയ്ക്കാനുള്ള പ്രത്യേക ഫണ്ടിംഗും പദ്ധതിയും ഒക്ടോബറിലെ ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് വകുപ്പ് അധികൃതര്‍ സൂചന നല്‍കി.

Scroll To Top