Sunday December 17, 2017
Latest Updates

കുട്ടികളോട് വിവേചനം പാടില്ല:മാമ്മോദീസാ മുങ്ങിയവര്‍ക്ക് സ്‌കൂള്‍ പ്രവേശനത്തില്‍ മുന്‍ഗണനയില്ലാതാക്കുന്ന ബില്‍ ഇന്ന്

കുട്ടികളോട് വിവേചനം പാടില്ല:മാമ്മോദീസാ മുങ്ങിയവര്‍ക്ക് സ്‌കൂള്‍ പ്രവേശനത്തില്‍ മുന്‍ഗണനയില്ലാതാക്കുന്ന ബില്‍ ഇന്ന്

ഡബ്ലിന്‍ :സ്‌കൂള്‍ പ്രവേശനത്തില്‍ മാമ്മോദീസാ മുങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കുന്ന ആനുകൂല്യം നീക്കം ചെയ്യുന്നു. ഈ മുന്‍ഗണന എടുത്തുകളയുന്ന പുതിയ ബില്‍ ഇന്നവതരിപ്പിക്കും.തുല്യപങ്കാളിത്ത ഐക്യദാര്‍ഢ്യ ബില്‍(സോളിഡാരിറ്റി ഈക്വല്‍ പാര്‍ടിസിപ്പേഷന്‍) മതത്തിന്റെ അടിസ്ഥാനത്തലല്ല സ്‌കൂള്‍ പ്രവേശനമെന്ന് ഉറപ്പുവരുത്തുന്നതിനുള്ളതാണ്.

നികുതി ദായകന്‍ നല്‍കുന്ന പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഇത്തരം വിവേചനങ്ങള്‍ ഇപ്പോഴും തുടരുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നാണ് സോളിഡാരിറ്റി പാര്‍ടിയുടെ നിലപാട്. നഗരങ്ങളിലും മറ്റും ഈ സമീപനം പ്രശ്നമുണ്ടാക്കുന്നതാണെന്ന് പാര്‍ടിയുടെ ടിഡി റൂത്ത് കോപ്പിംഗര്‍ പറഞ്ഞു.

മാമ്മോദീസ മുങ്ങിയിട്ടില്ലാത്ത കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സ്‌കൂളിനെ സമീപിക്കാനാവാത്ത സ്ഥിതിയുണ്ട്.ഭൂരിപക്ഷ സമുദായാംഗമല്ലെങ്കിലും തുല്യപ്രാധാന്യം ലഭിക്കണം, സമാനമായ സമീപനവും ബഹുമാനവും അവകാശമാണ്,അതിന് മതം വിഷയമേയല്ല-ടി ഡി പറഞ്ഞു.എല്ലാ കുട്ടികളെയയും തുല്യരായി കാണണം.നികുതിദായകരുടെ പണംകൊണ്ടു പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ഒരു തരത്തിലുള്ള വിവേചനവും അനുവദിക്കാന്‍ പാടില്ല’ റൂത്ത് നിലപാട് വ്യക്തമാക്കി.

മലയാളിയായ രൂപേഷ് കുമാര്‍ പണിക്കരുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ഇതേ ആവശ്യമുന്നയിച്ചു പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.നിരവധി മലയാളികള്‍ ഉള്‍പ്പെടെ ഇതേ വിഷയത്തില്‍ അനുകൂല സമീപനം വേണമെന്ന് ആവശ്യപ്പെട്ട് ഐറിഷ് പാര്‍ലമെന്റിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.വര്‍ഷങ്ങളായി ഇതേ ആവശ്യം നിലവിലുണ്ടായിരുന്നെങ്കിലും രൂപേഷ് കുമാറിന്റെ മകള്‍ ഈവയ്ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ച സംഭവം അയര്‍ലണ്ടിലെ മാധ്യമങ്ങള്‍ ആറു മാസത്തോളം തുടര്‍ച്ചയായി ചര്‍ച്ച ചെയ്തിരുന്നു.തുടര്‍ന്ന് അത് പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് എത്തുകയായിരുന്നു.

ബില്‍ പാസാകാനുള്ള സാധ്യത കുറവാണെന്ന് നിരീക്ഷകര്‍ പറയുന്നത്.അയര്‍ലണ്ടിലെ സ്‌കൂളുകളുടെ 95 ശതമാനവും കൈയാളുന്ന കത്തോലിക്കാ സഭയുടെ എതിര്‍പ്പുകളെ അവഗണിക്കാന്‍ ഭരണത്തെ പിന്തുണയ്ക്കുന്ന ഫിനഗേലും,ഫിയന്ന ഫാളും തയാറായേക്കില്ല.പകരം പക്ഷേ സമുചിതമായ മറ്റു നീക്കങ്ങള്‍ വഴി എല്ലാവര്‍ക്കും തുല്യത ഉറപ്പു വരുത്താനാണ് സര്‍ക്കാര്‍ പക്ഷത്തിന്റെ നീക്കം.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top