Saturday December 10, 2016
Latest Updates

വീരേന്ദ്രകുമാറിനെതിരെ മുഖപ്രസംഗമെഴുതുന്നത് സര്‍ക്കാറിനെ താഴെയിറക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസുകാരെന്ന് ജെഡിയു

വീരേന്ദ്രകുമാറിനെതിരെ മുഖപ്രസംഗമെഴുതുന്നത് സര്‍ക്കാറിനെ താഴെയിറക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസുകാരെന്ന് ജെഡിയു

ജെഡിയു നേതാവ് എം.പി. വീരേന്ദ്രകുമാറിനെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ വന്ന ലേഖനത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ജെഡിയു നേതാക്കള്‍ രംഗത്ത്. വീരേന്ദ്രകുമാര്‍ നന്ദിയില്ലാത്ത നേതാവാണെന്നും, തിരിച്ചു കുത്തുന്നവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ലെന്നും പറഞ്ഞായിരുന്നു മുഖപ്രസംഗം.

ബ്രൂട്ടസിനും യൂദാസിനും ഒപ്പമായിരിക്കും വഞ്ചിക്കുന്നവരുടെ സ്ഥാനം. അന്തിയുറങ്ങുന്നവര്‍ കൂരക്ക് തീകൊളുത്തി ഇറങ്ങി പോകുന്നത് വഞ്ചനയാണെന്നും നന്ദികെട്ടവരും ഹൃദയശൂന്യരുമാണ് ഇങ്ങനെ ചെയ്യുന്നതെന്നും ‘ഇത് ചെമ്പരത്തി പൂവല്ല സ്പന്ദിക്കുന്ന ഹൃദയമാണ്’ എന്ന തലക്കെട്ടിലെഴുതി മുഖപ്രസംഗത്തില്‍ പറയുന്നു.

ജെഡിയുവിന് എല്‍ഡിഎഫിലേക്ക് വരാന്‍ തടസ്സങ്ങളൊന്നുമില്ലെന്ന് ഇന്നലെ സംസ്ഥാന സമിതി വ്യക്തമാക്കുകയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീരേന്ദ്രകുമാറിനെ സന്ദര്‍ശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുഖപ്രസംഗം. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍നിന്ന് ജെഡിയു വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു.

അതിനിടെ മുഖപ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജെഡിയു നേതാവ് ഷേക്ക് പി ഹാരിസ് രംഗത്തെത്തി. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഈ മുഖപ്രസംഗം ഉപകരിക്കൂവെന്നും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ജെഡിയുവിന്റെ ശക്തമായ പ്രതിഷേധം മുഖ്യമന്ത്രിയേയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനെയും അറിയിക്കുമെന്നും ഹാരിസ് പറഞ്ഞു.

Scroll To Top