Saturday August 19, 2017
Latest Updates

ഈ ബ്രേക്കാരന്‍ പയ്യന്‍ അയര്‍ലണ്ടിലേയ്ക്ക് ലോകകപ്പ് വിജയം കൊണ്ട് വരുമോ ?

ഈ ബ്രേക്കാരന്‍ പയ്യന്‍ അയര്‍ലണ്ടിലേയ്ക്ക് ലോകകപ്പ് വിജയം കൊണ്ട് വരുമോ ?

ഡബ്ലിന്‍:2015 ലോകകപ്പിനെത്തിയിരിക്കുന്ന അയര്‍ലണ്ട് ടീമില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന താരം ആരാണ്? ആരും സംശയിക്കേണ്ട അത് എഡ് ജോയിസ് തന്നെയാണ്.ഇന്ന് യൂ ഇ ഇ യുമായുള്ള മാച്ചില്‍ ഭാഗ്യദേവത എഡ് ജോയിസിന്റെ കൈയ്യിലും ബാറ്റിലും മാത്രമല്ല സ്റ്റമ്പിലും ബെയ്ല്‍സിലും പോലും കൂടെ നിന്നു.ക്രിക്കറ്റ് ചരിത്രത്തില്‍ ഇതേ വരെ ഉണ്ടായിട്ടില്ലാത്ത അപൂര്‍വ കാഴ്ച്ചയാണ് ഭാഗ്യവും എഡ് ജോയിസും കൂടി ഇന്ന് കാഴ്ച്ച വെച്ചതെന്ന് ആരും പറയും.

പത്താം ഓവറില്‍ യു എ ഇ.യുടെ അംജദ് ജാവേദ് എറിഞ്ഞ മനോഹരമായ യോര്‍ക്കര്‍ എഡ് ജോയ്‌സിന്റെ ഓഫ് സ്റ്റമ്പിലിടിച്ച് ബെയ്ല്‍ തെറിച്ചു. പിന്നാലെ പന്തിടിച്ചത് അറിയിച്ചുകൊണ്ട് ബെയ്ല്‍സില്‍ ഘടിപ്പിച്ച എല്‍.ഇ.ഡി ലൈറ്റ് മിന്നി. എന്നാല്‍ എല്ലാ ക്രിക്കറ്റ് കാണികളേയും ഞെട്ടിച്ചുകൊണ്ട് ഉയര്‍ന്ന് പൊങ്ങിയ ബെയ്ല്‍സ് തിരികെ സ്റ്റമ്പിന് മുകളില്‍ അതേ സ്ഥാനത്തിരുന്നു.ഇതോടെ എഡ് ജോയിസ് നോട്ടൌട്ട്. ബെയ്ല്‍സ് സ്റ്റംപില്‍ നിന്നും തെറിച്ച് താഴെ വീഴണം എന്ന നിയമമാണ് ജോയിസിന് തുണയായത്.

യു എ ഇയുടെ 279 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന അയര്‍ലന്‍ഡ് ഒന്നിന് 35 റണ്‍ എന്ന നിലയില്‍ നില്‍ക്കെയാണ് ജോയിസിനെ ഭാഗ്യം തുണച്ചത്. എഡ് ജോയിസിന്റെ സ്‌കോര്‍ അപ്പോള്‍ 16 റണ്‍സായിരുന്നു. എന്തായാലും അടുത്ത പന്ത് ബൗണ്ടറിയി അടിച്ചാണ് ജോയ്‌സ് ബെയ്ല്‍സിലൂടെ വന്ന ഭാഗ്യം ആഘോഷിച്ചത്. എന്നാല്‍ 49 പന്തില്‍ നിന്നും 37 റണ്‍സെടുത്ത് നില്‍ക്കെ അംജദ് ജാവേദ് തന്നെയാണ് എഡ് ജോയ്‌സിനെ പുറത്താക്കിയത്. ജോയ്‌സ് എഡ്ജ് ചെയ്യാന്‍ ശ്രമിച്ച പന്ത് കീപ്പര്‍ പാട്ടിലിന്റെ കൈയിലൊതുങ്ങുകയായിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരെ കഴിഞ്ഞ ദിവസത്തെ അയര്‍ലണ്ടിന്റെ കളിയിലും അയര്‍ലണ്ട് വിജയിക്കാന്‍ നേടിയ 307 റണ്‍സില്‍ 87 റണ്‍സും അടിച്ചെടുത്തത് എഡ് ജോയിസ് തന്നെയായിരുന്നു.ഭാഗ്യം മാത്രമൊന്നുമല്ല ഈ ബ്രേക്കാരന്റെ കൈകരുത്തും കൂടിയാണ് അന്ന് അയര്‍ലണ്ടിനെ അട്ടിമറി വിജയം നേടാന്‍ സഹായിച്ചത്.പത്ത് ഫോറും രണ്ട് സിക്‌സറും അടങ്ങിയതായിരുന്നു എഡ് ജോയ്‌സിന്റെ ഇന്നിംഗ്‌സ്.

ബ്രേയിലെ എഡ് ജോയിസിന്റെ കുടുംബം ഒരു ക്രിക്കറ്റ് കുടുംബമായി ആണ് അറിയപ്പെടുന്നത്.സഹോദരന്മാരായ ജസ്സും,ഡൊമിനിക്കും ദേശീയ ക്രിക്കറ്റില്‍ സജീവമായുണ്ട്.സഹോദരിമാര്‍ രണ്ടു പേരും ഇസബെല്ലും സിസിലിയും ഐറിഷ് വനിതാ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ദശകത്തില്‍ മുതലേ പതിനിധീകരിക്കുന്നവര്‍.ഇവരുടെ അമ്മ മോറിനും ചില്ലറക്കാരിയൊന്നുമല്ല.ന്യൂസിലണ്ടിനെതിരെ 2002ല്‍ നടന്ന ഓ ഡി ഐ മാച്ചിലെ രണ്ടു കളികളില്‍ സ്‌കോറര്‍ ആയിരുന്നു മോറിന്‍.

അയര്‍ലണ്ടിന് വേണ്ടി തുടിയ്ക്കുന്ന ഒരു ഹൃദയമാണ് എഡ് ജോയിസിന്റെത്.ഹര്‍ലിംഗിനെക്കാള്‍ ക്രിക്കറ്റാണ് അയര്‍ലണ്ടിന് യോജ്യമായ കളി എന്ന് ഉത്തമബോധ്യമുള്ളയാളാണ് എഡ് ജോയിസ്.അത് കൊണ്ടാണ് 2005 ല്‍ ഇംഗ്ലണ്ടില്‍ പോയി ക്രിക്കറ്റ് ശാസ്ത്രീയമായി പഠിക്കാന്‍ തീരുമാനിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്.അതിന് മുമ്പേ അയര്‍ലണ്ടില്‍ കാട്ടിയ മികവും പരിചയവും തുണയായതിനാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ശ്രീലങ്കയ്‌ക്കെതിരെയുള്ള ടീമില്‍ എഡ് ജോയിസിന് ഇടം കിട്ടി.

തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങള്‍ എഡ് ജോയിസ് കരുത്തു തെളിയിച്ച കാലമായിരുന്നു.ലോകകപ്പ് മത്സരങ്ങളില്‍ ഇംഗ്ലണ്ട് ടീമിന്റെ അവിഭാജ്യ ഘടകമായി ഈ ഐറിഷ് പയ്യന്‍.2007 ലെ ലോകകപ്പില്‍ കാനഡയ്ക്കും കെനിയയ്ക്കുമെതിരെ അര്‍ദ്ധ സെഞ്ച്വറി നേടിയ ഏഡ് ജോയിസ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായി.

ഇംഗ്ലണ്ട് ടീമില്‍ കത്തിജ്വലിച്ച് സൂപ്പര്‍ താരമായി വളരുന്നതിനിടെ ഇനി തന്റെ മാതൃരാജ്യത്തിന് വേണ്ടി കളിയ്‌ക്കേണ്ട കാലമായി എന്ന് എഡ് ജോയിസ് തിരിച്ചറിഞ്ഞു.ഒരിക്കല്‍ എഡ്‌ജോയിസ് ഉള്‍പ്പെട്ട ഇംഗ്ലണ്ടിനോട് അയര്‍ലണ്ട് ടീം തോറ്റപ്പോള്‍ ബ്രേയിലെ ക്രിക്കറ്റ് പ്രേമികള്‍ എഡ്‌ജോയിസിന്റെ വീടിനു നേരെ കല്ലെറിഞ്ഞാണ് പ്രതിഷേധിച്ചത്.bry

ഐറിഷ് ത്രിവര്‍ണ്ണപതാകയാണ് തന്റെ ജീവന്‍ എന്ന് പ്രഖ്യാപിച്ച് ഡബ്ലിനിലേയ്ക്ക് തിരിച്ചു പോരുമ്പോള്‍ എഡ് ജോയിസ് മാധ്യമങ്ങളോട് പറഞ്ഞു.’ഞാന്‍ ക്രിക്കറ്റ് കൂടുതല്‍ പഠിക്കാന്‍ വേണ്ടി മാത്രമാണ് ഇംഗ്ലണ്ടിലേയ്ക്ക് വന്നത്.ഇപ്പോള്‍ തിരിച്ചു പോകാനുള്ള സമയമായി.ഞാന്‍ അയര്‍ലണ്ടിന് വേണ്ടി കളിക്കാനാണ് എന്റെ മാതൃരാജ്യം എന്നെ പോറ്റിവളര്‍ത്തിയത് !.ഇപ്പോള്‍ ഒട്ടേറെ നേട്ടങ്ങളുമായാണ് ഞാന്‍ മടങ്ങുന്നത്.എന്റെ പ്രവര്‍ത്തനങ്ങള്‍ ഇനി എന്റെ മാതൃ രാജ്യത്തിനാണ് വേണ്ടത് എന്ന് എനിക്കുറപ്പാണ്.ക്രിക്കറ്റിന് ശോഭനമായ ഒരു ഭാവിയാണ് അയര്‍ലണ്ടില്‍ ഉള്ളത്..ലോകോത്തര നിലവാരത്തിലേയ്ക്ക് എന്റെ രാജ്യത്തെ ക്രിക്കറ്റിനെ എത്തിക്കുന്നതില്‍ ഇനി ഞാന്‍ പ്രതിജ്ഞാബദ്ധനായിരിക്കും.’

അക്ഷരം പ്രതി വാക്ക് പാലിക്കുന്ന ഒരു കളിക്കാരനായാണ് പിന്നീട് അയര്‍ലണ്ടിന്റെ കളിക്കളത്തില്‍ എഡ് ജോയിസ് കാണപ്പെട്ടത്.2011 ലെ ലോകകപ്പിലും പിന്നീട് ഇതുവരെ നടന്ന ഓരോ മാച്ചുകളിലും തന്റെ പ്രതിഞ്ജ ഊട്ടിയുറപ്പിക്കാന്‍ എഡ് ജോയിസിന് സാധിച്ചു.

കഴിഞ്ഞ ആഴ്ച ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൌണ്‍സില്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കാനുള്ള യോഗ്യതാ ടീമുകളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ അയര്‍ലണ്ട് ടീമിന് വേണ്ടി അതിനെതിരെ സിംഹഗര്‍ജനം നടത്തിയ എഡ് ജോയിസ് ലോകോത്തര ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ അയര്‍ലണ്ടിന് വേണ്ടി കാമ്പയിനിംഗ് നടത്തി.

തിളയ്ക്കുന്ന ഐറിഷ് യുവത്വത്തിന്റെ പ്രതീകമാണ് ഈ 36 വയസുകാരന്‍.ടീമിനെ ഒന്നിച്ചു നിര്‍ത്താനും,ഒന്നിച്ചു പൊരുതാനും ഏതു പ്രതിസന്ധിയിലും 
മുമ്പില്‍ നില്‍ക്കുന്നവന്‍.അത് കൊണ്ട് തന്നെ അയര്‍ലണ്ട് ഏറ്റവും അധികം പ്രതീക്ഷവെയ്ക്കുന്ന ക്രിക്കറ്റ് താരവുമാണ് എഡ് ജോയിസ്. അയര്‍ലണ്ടിന് വരും ദശകങ്ങളില്‍ എന്നെങ്കിലും ഒരു ലോകകപ്പ് കിരീടം ലഭിക്കുന്നുവെങ്കില്‍ അതില്‍ എഡ്‌ജോയ്‌സിന്റെ മാന്ത്രികസ്പര്‍ശം ഉണ്ടാകുമെന്ന് ഉറപ്പാണ്. 

റെജി സി ജേക്കബ്

Scroll To Top