Thursday December 08, 2016
Latest Updates

ബെല്‍ഫാസ്റ്റില്‍ എബോള ലക്ഷണങ്ങളോടെ ഒരാള്‍ നിരീക്ഷണത്തില്‍ 

ബെല്‍ഫാസ്റ്റില്‍ എബോള ലക്ഷണങ്ങളോടെ ഒരാള്‍ നിരീക്ഷണത്തില്‍ 

ബെല്‍ഫാസ്റ്റ്: എബോള ബാധയെന്ന് സംശയത്തെ തുടര്‍ന്ന് ബെല്‍ഫാസ്റ്റില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെല്‍ഫാസ്റ്റിലെ റോയല്‍ വിക്ടോറിയ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ഇയാളില്‍ എബോള ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രത്യേക തയ്യാറാക്കിയ ഐസോലേഷന്‍ വാര്‍ഡില്‍ ഇയാളെ നിരീക്ഷിച്ച് വരികയാണ്. 2 മുതല്‍ 21 ദിവസം വരെയാണ് എബോള രോഗലക്ഷണമുള്ളവരെ പ്രത്യേക വാര്‍ഡില്‍ നിരീക്ഷിക്കുന്നത്. എബോള ലക്ഷണങ്ങള്‍ക്ക് പുറമേ ഇദ്ദേഹത്തിന് മലേറിയ ബാധയുമുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

ഇദ്ദേഹത്തിന്റെ രക്തസാമ്പിളുകള്‍ പരിശോധിച്ച് വരികയാണ്. ഇന്ന് ഉച്ച തിരിഞ്ഞ് പരിശോധനാ ഫലം പുറത്ത് വരുമെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ഹെല്‍ത്ത് ട്രസ്റ്റുകള്‍ എല്ലാം തന്നെ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജരായിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ എബോള സാധ്യത കുറവാണ്. എങ്കിലും ഒരാള്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലായെന്ന വാര്‍ത്ത ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തിയിട്ടുണ്ട്. 

നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ നിന്ന് പുറത്തേക്കും തിരിച്ചും വരുന്നവരില്‍ എബോള പരിശോധന കര്‍ക്കശമാക്കണമെന്ന് ബെല്‍ഫാസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളും അവരുടെ ബന്ധുക്കളും ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും അവര്‍ പറയുന്നു. എബോള നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പര്യാപ്തമല്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 4500 കവിഞ്ഞിരിക്കുകയാണ്.

Scroll To Top