Saturday April 21, 2018
Latest Updates

തിരുനാളുകളുടെ തിരുനാള്‍

തിരുനാളുകളുടെ തിരുനാള്‍

രക്ഷകനായ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പ് തിരുനാളിന്റെ വേറൊരു പേരാണ് ഈസ്റ്റര്‍ ഞായര്‍.. ഈസ്റ്റര്‍ ‘ എന്ന വാക്ക് eastre എന്ന ഒരു പഴയ ഇംഗ്ലീഷ് പദത്തില്‍ നിന്നാണ് വന്നതെന്നാണ് വിവക്ഷ. രാവ്- പകല്‍ സമയം കൃത്യം സമയമായി വരുന്ന ദിവസം (eqinox) estre എന്ന ജര്‍മ്മന്‍ ദേവദയുടെ തിരുനാളായി പണ്ടു കാലത്ത് ഘോഷിച്ചിരുന്നു.

അതൊരു പുതിയ വര്‍ഷാരംഭത്തിന്റെ ഓര്‍മ്മയെ കുറിക്കുന്നതുമായിരുന്നു. കിഴക്കുദിക്കുന്ന- east- സൂര്യപ്രകാശത്തെയും, പുതുമയെയും, പുതുജീവിതത്തെയും ഓര്‍മ്മിപ്പിക്കുന്നതായി ഈസ്റ്റര്‍ അങ്ങിനെ ആചരിക്കുവാന്‍ തുടങ്ങി.എന്നാല്‍ മരണത്തെ ജയിച്ച് പുതുജീവനോടെ ഉയര്‍ത്തെഴുന്നേറ്റ പ്രഭാപൂരിത നിത്യസൂര്യനായ യേശുക്രിസ്തുവിന്റെ ഓര്‍മ്മ ആചരിക്കുന്ന ഏറ്റവും വലിയ തിരുനാളായി ക്രിസ്തീയ ലോകം ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനവും അണിക്കല്ലുമായി കരുതുന്ന യേശുവിന്റെ ഉയിര്‍പ്പ് തിരുനാളിനെ ‘തിരുനാളുകളുടെ തിരുനാള്‍ ‘ (feast of all feasts) എന്ന രീതിയില്‍ ആദിമ കാലം തൊട്ട് തിരുസഭയില്‍ ആഘോഷപൂര്‍വ്വം ആചരിച്ചുവരുന്നു.

തന്റെ ജീവിതവും, സഹനവും, മരണവും, ഉദ്ധാനവും വഴി, ദൈവവും മനുഷ്യനുമായ യേശു മനുഷ്യകുലത്തിന്റെ രക്ഷ സാധിച്ചു. ആ രക്ഷാകരമായ അനുഗ്രഹങ്ങള്‍ ഇനി ഓരോരുത്തരും തങ്ങളുടെ ജീവിതത്തില്‍ സാക്ഷാത്കരിച്ചെടുക്കണം. നല്ല മനഃസാക്ഷിയോടെ സത്യം, നീതി, സ്നേഹസേവനം നിലനിര്‍ത്തിയുള്ള മാതൃകാപരമായ ജീവിതം വഴിയാണ് അതു സാധ്യമാക്കുക. അതിനുള്ള ഉണര്‍വ്വും നവചൈതന്യവും പ്രാപിക്കുന്നതിനുള്ള ഒരു വലിയ അവസരമാണ് പെസഹവ്യാഴം, ദുഃഖവെള്ളി, വലിയ ശനി, ഉയിര്‍പ്പ് ഞായര്‍ എന്നീ ദിവസങ്ങളിലെ തിരുകര്‍മ്മ പങ്കുകൊള്ളല്‍ വഴി ക്രൈസ്തവജനതയ്ക്ക് ലഭ്യമാകുന്നത്.

ഈസ്റ്റര്‍ ഘോഷക്കാലവും തീയതിയും ഒരു വര്‍ഷത്തിലെ ഏതു മാസത്തിലും, തീയതിയിലുമാണ് ഈസ്റ്റര്‍ ഘോഷിക്കേണ്ടത് എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള ഒരു അന്തിമതീരുമാനം ചെയ്തത് എഡി. 325ല്‍ നിഖ്യായിലെ പൊതു സുന്നഹദോസില്‍ വെച്ചാണ്. അതു പ്രകാരം മാര്‍ച്ച് 21നോ, അതിനു ശേഷമോ വരുന്ന പൂര്‍ണ്ണചന്ദ്രന്റെ (full moon) ദിവസം കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ചയാണ് ഈസ്റ്റര്‍ ദിനമായി അംഗീകരിച്ചിരിക്കുന്നത്. ഈ കണക്കുകൂട്ടല്‍ പ്രകാരം ഈസ്റ്റര്‍ ഘോഷം മാര്‍ച്ച് 22നും, ഏപ്രില്‍ 25നും ഇടയ്ക്കുള്ള ഒരു ഞായറാഴ്ചയായിരിക്കും. ഇതിനിടക്കുള്ള ഒരു ദിവസമായിരിക്കും ദിനരാത്ര സമയം തുല്യതയില്‍ വരുന്നത്.

പഴയ നിയമകാലത്തെ യൂദന്‍മാരുടെ പെസഹാ തിരുന്നാള്‍ (feast of panover) ഈജിപ്റ്റില്‍ നിന്നുള്ള അടിമത്ത മോചനത്തിന്റെ ഓര്‍മ്മ ആചരണമായിരുന്നു. എന്നാല്‍ പുതിയ നിയമത്തിലെ പെസഹ പാപത്തിന്റെ അടിമത്തത്തിലും അന്ധകാരത്തിലും നിന്നുള്ള യേശുക്രിസ്തു വഴിയുള്ള പൂര്‍ണ്ണമോചനത്തിന്റെയും രക്ഷാകര അനുഗ്രഹത്തിന്റെയും ആചരണവും, അനുസ്മരണവുമാണ്. ആകയാല്‍ ഈസ്റ്ററിന്റെ പ്രധാന ചിന്തയും ശ്രദ്ധയും ഉയിര്‍ത്തേഴുന്നേറ്റ യേശുക്രിസ്തുവിന്റെ രക്ഷാകരസംഭവം മകുടമണിഞ്ഞ ദിനമോര്‍ത്ത് ആചരിക്കുകയെന്നതാണ്. ദുഃഖവെള്ളിയാഴ്ച മരണമടഞ്ഞ്, ആഴ്ചയുടെ ആദ്യ ദിവസമായ ഞായറാഴ്ച യേശു പാപത്തെയും, മരണത്തെയും ജയിച്ച് പ്രഭാപൂരിതനായി, അക്ഷയം, ലഘുത്വം, ദീപ്തി എന്നീ ഗുണങ്ങളോടെ ഉയിര്‍ത്തെഴുന്നേറ്റുവെന്ന് മഹാസംഭവ സ്മരണ ഒരു അനുഭവമാക്കി തീര്‍ക്കേണ്ട ദിവസമാണ് ഈസ്റ്റര്‍ ദിനം.

അതു കൊണ്ടാണ് പെസഹാ കാലത്ത് വിശ്വാസികള്‍ പാപമോചന കൂദാശ സ്വീകരിച്ച് പരിശുദ്ധകുര്‍ബ്ബാന ഉള്‍ക്കൊണ്ട് ആത്മവിശുദ്ധീകരണം പ്രാപിക്കണമെന്ന് തിരുസഭാമാതാവ് കല്‍പ്പിക്കുന്നത്. ഈസ്റ്റര്‍ വിരുന്നില്‍ – ജാഗരണം ഈസ്റ്ററിന്റെ- ഉയിര്‍പ്പിന്റെ ഒരുക്കമെന്നാണ് തലേദിവസമായ ദുഃഖശനിയാഴ്ച അഥവാ വലിയ ശനിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് ഭാഗങ്ങളുണ്ട്. 1) പ്രകാശ ശുശ്രൂഷ ഉയിര്‍ത്തേഴുന്നേറ്റ യേശുവാണ് ലോകത്തിന്റെയും നമ്മുടെയും പ്രകാശമായി നിലകൊള്ളേണ്ടത് എന്ന സത്യം ഓര്‍മ്മിപ്പിക്കുന്നു. അതിന്റെ സൂചനയായിട്ടാണ് വലിയ പെസഹാ തിരി കത്തിക്കുകയും, പുതിയ തീ വെഞ്ചരിക്കുകയും, ദേവാലയം വിളക്കുകള്‍ തെളിച്ച് പ്രകാശപൂരിതമാക്കുകയും ചെയ്യുന്നത്. 3) പരസ്നേഹ കല്‍പ്പന ദൃഢതരമാക്കല്‍ യേശുനാഥന്‍ നല്‍കിയ പരമപ്രധാനമായ പരസ്നേഹ കല്‍പ്പന കൂടുതല്‍ ദൃഢതയില്‍ അഭ്യസിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. ക്ഷമിക്കുന്ന സ്നേഹം അഭ്യസിച്ച്, പരസ്പര ധാരണയിലും ഐക്യത്തിലും സ്നേഹ സേവനത്തിലും ജീവിച്ച് യേശുവിന്റെ ഉത്തമശിഷ്യരായി ഇന്നത്തെ ലോകത്തില്‍ ജീവിക്കാന്‍ നമ്മെ ആഹ്വാനം ചെയ്യുകയാണ്. ഇങ്ങനെയെല്ലാം ഉയിര്‍പ്പ് തിരുനാളോട് കൂടി കൂടുതല്‍ പ്രകാശിതരായി

സ്നേഹത്തിന്റെ കല്‍പ്പനാനുവര്‍ത്തികളായി, ഉത്ഥിതനായ മിശിഹായില്‍ ഒരു പുതിയ നവീകരണ, സ്നേഹ സേവനം നയിക്കുവാന്‍ ഈ ഈസ്റ്റര്‍ അവസരം നമുക്കെല്ലാം കൂടുതല്‍ ഉപകാരപ്രദമായിരിക്കട്ടെ.

രഞ്ജി വെച്ചൂച്ചിറ

Scroll To Top