Thursday December 08, 2016
Latest Updates

ഭൂകമ്പം ഉത്തരേന്ത്യയിലും നേപ്പാളിലുമായി നൂറുകണക്കിന് പേര്‍ മരിച്ചു,യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം

ഭൂകമ്പം ഉത്തരേന്ത്യയിലും നേപ്പാളിലുമായി നൂറുകണക്കിന് പേര്‍ മരിച്ചു,യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം

കൊല്‍കൊത്ത:ഉത്തരേന്ത്യയിലും നേപ്പാളിലും ഇന്ന് രാവിലെയുണ്ടായ ഭൂചലനത്തില്‍ നൂറുകണക്കിന് പേര്‍ മരണപ്പെടതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഇതേ വരെ 35   പേര്‍  ഭൂചലനത്തില്‍ മരിച്ചു.നേപ്പാളില്‍ മരണ സംഖ്യ 950 കടന്നതായാണ് റിപ്പോര്‍ട്ട്. 27 മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ഉള്‍ഗ്രാമങ്ങളില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി കൊണ്ടിരിക്കുന്നതെയുള്ളൂ.മരണ സംഖ്യ ഇനിയും കൂടുമെന്നാണ് സൂചനകള്‍ 

നേപ്പാളിലെ കാഠ്മണ്ഡുവില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.നേപ്പാളിലും പരിസരപ്രദേശങ്ങളിലും റിക്ടര്‍ സ്‌കെയിലില്‍ 7.4 ശക്തി രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 5 ന് മുകളില്‍ ശക്തി രേഖപ്പെടുത്തി.

രാവിലെ 11.42നാണ് നേപ്പാളില്‍ ഭൂചലനം അനുഭവപ്പെട്ടത്. 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് തുടര്‍ച്ചയായി 12.15ന് രണ്ടാം ചലനവുമുണ്ടായി. 20 സെക്കന്‍ഡ് നീണ്ടു നിന്ന ആദ്യ ചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളിലെ പൊഖ്‌റയാണെന്നാണ് റിപ്പോര്‍ട്ട്. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡു, ലളിത്പൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ബഹുനില മന്ദിരങ്ങള്‍ തകര്‍ന്നടിഞ്ഞു. പത്തൊന്‍പതാം നുറ്റാണ്ടില്‍ പണികഴിപ്പിച്ച ധരാഹര സ്തൂപവും ത്രിഭുവന്‍ വിമാനത്താവളവും തകര്‍ന്നു. വാര്‍ത്താ വിനിമയ സംവിധാനവും തകരാറിലായി. ഭൂചലനത്തെ തുടര്‍ന്ന് എവറസ്റ്റില്‍ ഹിമപാതമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പര്‍വതാരോഹകര്‍ അടക്കം നിരവധി പേര്‍ എവറസ്റ്റില്‍ കുടുങ്ങിക്കിടക്കുകയാണ്.

മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. 125 ഇന്ത്യക്കാര്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നേപ്പാളില്‍ നിന്നും ട്വിട്ടര്‍ ചിത്രം

നേപ്പാളില്‍ നിന്നും ട്വിട്ടര്‍ ചിത്രം

ഇന്ത്യന്‍ സമയം 11.44നായിരുന്നു ഭൂകമ്പം ഉണ്ടായത്. ഡല്‍ഹി നഗരത്തിലുള്ള പല കെട്ടിടങ്ങളിലും വലിയ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നേപ്പാളിനോട് ചേര്‍ന്ന് കിടക്കുന്ന സംസ്ഥാനങ്ങളില്‍ ഭൂകമ്പത്തിന്‍റെ തീവ്രത കൂടുതലായിരുന്നു. 30 സെക്കന്‍ഡോളം ഭൂകമ്പം നീണ്ടുനിന്നു.

തുടര്‍ ചലനങ്ങളുണ്ടായേക്കുമെന്ന ഭീതിയെ തുടര്‍ന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ താത്ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചു. എന്നാല്‍ പിന്നീട് സര്‍വീസ് പുനരാരംഭിച്ചു.

കേരളത്തിലെ എറണാകുളത്ത് കടവന്ത്രയിലും കലൂരിലും പനമ്പള്ളി നഗറിലും ചെറിയ ചലനം അനുഭവപ്പെട്ടു. ബഹുനില ഫ്‌ളാറ്റ് സമുച്ചയങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്.

Scroll To Top