Monday December 05, 2016
Latest Updates

നേപ്പാളില്‍ വീണ്ടും ശക്തമായ ഭൂചലനം,ഉത്തരേന്ത്യയിലും ഭൂകമ്പം നാശം വിതച്ചു 

നേപ്പാളില്‍ വീണ്ടും ശക്തമായ ഭൂചലനം,ഉത്തരേന്ത്യയിലും ഭൂകമ്പം നാശം വിതച്ചു 

ന്യൂഡല്‍ഹി: നേപ്പാളില്‍ അരമണിക്കൂര്‍ വ്യത്യാസത്തിലുണ്ടായ രണ്ട് ശക്തമായ ഭൂചലനങ്ങളില്‍ നാല് പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 7.3, 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഉച്ചക്ക് 12.30, 1മണി എന്നീ സമയങ്ങിലാണ് അനുഭവപ്പെട്ടത്. ഏഴു തുടര്‍ചലനങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂചനലത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പല ഭാഗത്തും അനുഭവപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലും രണ്ടാം ഭൂചലനം കോഥാരിയിലുമാണെന്നാണ് യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കുന്നത്.

അസം, ഒഡീഷ, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നിവടങ്ങളിലും ചലനം അനുഭവപ്പെട്ടു. വന്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതിനെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി ഇറങ്ങിയോടി. ഡല്‍ഹി മെട്രോ കുറച്ച് നേരത്തേക്ക് നിറുത്തിവെച്ചു. അതേസമയം കൊച്ചിയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പനമ്പിള്ളി നഗറിലെ വിവിധ സ്ഥലങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. പലരും ഓഫീസുകളില്‍ നിന്ന് ഇറങ്ങിയോടി. ഭൂകമ്പത്തിന്റെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആഭ്യന്തരമന്ത്രാലയം ശേഖരിച്ച് വരികയാണ്. കഴിഞ്ഞ ഏപ്രില്‍ 25ന് നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ 10,000 ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. കനത്ത നാശനഷ്ടം രേഖപ്പെടുത്തിയ നേപ്പാള്‍, ദുരന്തത്തില്‍ നിന്ന് കരകയറുന്നതിനിടെയാണ് വീണ്ടും ഭൂചലനം.

Scroll To Top