Thursday November 23, 2017
Latest Updates

അയര്‍ലണ്ടില്‍ പ്രസവാവധി ഒരു വര്‍ഷമാക്കുന്ന പ്രഖ്യാപനം ഇന്നുണ്ടായേക്കും ,ചൈല്‍ഡ് കെയര്‍ സബ്‌സീഡിയിലും വര്‍ധനവ്

അയര്‍ലണ്ടില്‍ പ്രസവാവധി ഒരു വര്‍ഷമാക്കുന്ന പ്രഖ്യാപനം ഇന്നുണ്ടായേക്കും ,ചൈല്‍ഡ് കെയര്‍ സബ്‌സീഡിയിലും വര്‍ധനവ്

 ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ശിശുക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കാന്‍ ഭരണമുന്നണി തയാറാക്കിയ പദ്ധതിയ്ക്ക് അന്തിമരൂപമായി.ഇതനുസരിച്ച് ഇടത്തരം വരുമാനക്കാരായ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് കൂടി ചൈല്‍ഡ് കെയര്‍ സബ്‌സിഡി ബാധകമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.നിലവില്‍ സോഷ്യല്‍ വെല്‍ഫയര്‍ ബെനഫിറ്റ് വാങ്ങുന്നവര്‍ക്ക് മാത്രമായി പരിമിതിപ്പെടുത്തിയ ഈ ആനുകൂല്യം കൂടുതല്‍ വ്യാപിപ്പിക്കുന്നതോടെ ചെറിയ കുട്ടികളുള്ള അയര്‍ലണ്ടിലെ ബഹു ഭൂരിപക്ഷം മാതാപിതാക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ഉപ പ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ വ്യക്തമാക്കി.

ഇന്ന് സ്ലൈഗോയില്‍ ചേരുന്ന യോഗത്തില്‍ ശിശു ക്ഷേമമന്ത്രി ജോണ്‍ റൈലി ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും.പ്രസവാവധിയും,പേരന്റല്‍ ബെനഫിറ്റും അടക്കമുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കാനിരിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനവും ഇതോടൊപ്പം ഉണ്ടാവും.

എത്ര സബ്‌സിഡിയാണ് ചൈല്‍ഡ് കെയര്‍ പദ്ധതികള്‍ക്കായി അനുവദിക്കുന്നതെന്നും ആര്‍ക്കൊക്കെയാണ് ഇത് ബാധകമാവുകയെന്നും ഇതേ വരെ സൂചനകള്‍ ഒന്നും സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല.പ്രസവാനന്തരം അമ്മമാര്‍ക്ക് ലഭിക്കുന്ന അവധി അച്ഛന്‍മാരുമായി പങ്കു വെയ്ക്കാന്‍ അനുവദിച്ചുകൊടുക്കണമെന്ന് വിദഗ്ദ്ധ സമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി ആകെ ഒരുവര്‍ഷം അവധി അനുവദിക്കണം എന്നാണ്‌സമിതിയുടെ ശിപാര്‍ശ.സമിതിയുടെ റിപ്പോര്‍ട്ടുപ്രകാരം ആദ്യത്തെ ആറു മാസത്തെ അവധി അമ്മയ്ക്കു തന്നെ ഉള്ളതാണ്. എന്നാല്‍ ആറുമാസം കഴിഞ്ഞാല്‍ രക്ഷിതാക്കളില്‍ ആര് തുടര്‍ന്ന് അവധിയെടുക്കണമെന്ന് അവര്‍ക്കുതന്നെ തീരുമാനിക്കാം.

പ്രസവാവധിയായി ഇപ്പോള്‍ അമ്മമാര്‍ക്ക് ആറുമാസത്തെ ശമ്പളത്തോടുകൂടിയ അവധിയും മൂന്നരമാസത്തെ സാധാരണ അവധിയും നല്‍കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പല അമ്മമാരും ആറുമാസത്തെ അവധിക്കു ശേഷം ജോലിയിലേക്ക് പ്രവേശിക്കുന്നതായാണ് കണ്ടെത്തിയത്.എങ്കിലും കുഞ്ഞിന്റെ ആരോഗ്യകരമായ ജീവിത ക്രമം ഉറപ്പു വരുത്തുന്നത്ര കാലാവധിയോ പരമാവധി ഒരു വര്‍ഷം വരെയോ മാതാവിനും പിതാവിനും അവധി വീതിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ശിശുവിന്റെ ജനനവുമായി ബന്ധപ്പെട്ട് അച്ഛനുകൂടി രണ്ടാഴ്ച്ചത്തെ പെയ്ഡ് ലീവ് അനുവദിക്കാന്‍ പദ്ധതി ആവശ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ പിതാവിന് ലീവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നിയമസാധുതകള്‍ ഒന്നും ഇല്ല.

പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുന്നതോടെ ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ ക്ഷേമം മാതാപിതാക്കളുടെ സംരക്ഷണത്തില്‍ തന്നെ ഉറപ്പുവരുത്താനാവുമെന്നും സര്‍ക്കാര്‍ കരുതുന്നു.ഒരു വര്‍ഷത്തെ അവധിയാക്കുന്നതോടെ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സാധിക്കുമെന്നാണ് ഭരണമുന്നണി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.എന്നാല്‍ അമ്മയ്ക്ക് നിശ്ചിത കാലാവധിയ്ക്ക് മുമ്പേ പാട്ണറെ/ ഭര്‍ത്താവിനെ ചുമതലയേല്‍പ്പിച്ച് ജോലിയ്ക്ക് മടങ്ങേണ്ടി വന്നാല്‍ അതിന് പരിഹാരമായി പകരം അവധി ക്രമപ്പെടുത്തി നല്‍കണം എന്നും നിര്‍ദേശമുണ്ട്.ഫലത്തില്‍ ഒരു വര്‍ഷത്തില്‍ അധികമായി പ്രസവാവധി നീളുമെന്നാണ് സൂചന.

ഫാമിലി ലീവ് ബില്‍ നിയമമാകുന്നതോടെ പുരുഷന്‍മാര്‍ക്ക് പറ്റേണിറ്റി ലീവ് ലഭിക്കും.ബില്‍ നിയമമാകുന്നതോടെ മറ്റേണിറ്റി ലീവും ദത്തെടുക്കുന്ന രക്ഷിതാക്കള്‍ക്കുള്ള ലീവും എല്ലാം ഒരു നിയമത്തിന്‍െ്‌റ കീഴിലാകും.പുരുഷന്‍മാര്‍ക്ക് പറ്റേണിറ്റി ലീവ് അനുവദിക്കുന്ന കാര്യത്തില്‍ അയര്‍ലണ്ട് ഏറെ പിന്നോക്കമാണെന്ന് ആര്‍.ടി.ഇ റേഡിയോയുടെ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് ഇക്വാളിറ്റി മന്ത്രി പറഞ്ഞിരുന്നു. 

ഏര്‍ളി ചൈല്‍ഡ് ഹുഡ് അയര്‍ലണ്ട് എന്ന പുതിയ പദ്ധതിയുടെ ഭാഗമായുള്ള നിര്‍ദേശങ്ങളില്‍ കുട്ടികള്‍ക്ക് വേണ്ടി വിപ്ലവകരമായ പല പദ്ധതികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ചെറിയ കുട്ടികള്‍ക്കുള്ള ഡേ കെയര്‍ സൗകര്യം ചെലവ് കുറഞ്ഞ രീതിയിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബാധകമാക്കിയും നടപ്പാക്കാനുള്ള പദ്ധതി ഈ വര്‍ഷം അവസാനത്തോടെ ആരംഭിച്ചേക്കുമെന്ന് സൂചനകള്‍. ആഫ്റ്റര്‍ സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ക്കു ലഭിക്കുന്ന സംരക്ഷണത്തിനായി രക്ഷിതാക്കള്‍ അടയ്‌ക്കേണ്ട ഫീസിന് വമ്പന്‍ സബ്‌സിഡി അനുവദിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.കുറഞ്ഞ വരുമാനം മാത്രമുള്ള രക്ഷിതാക്കള്‍ക്ക് വരുമാനത്തിന് അനുസരിച്ച് ഫീസ് മാത്രം അടച്ച് ഈ സൗകര്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇതോടൊപ്പം മറ്റനേകം ആനുകൂല്യങ്ങള്‍ കുട്ടികളുടെ ക്ഷേമത്തിനായി പ്രഖ്യാപിക്കും എന്നാണ് സൂചനകള്‍.പെറ്റെണിറ്റി ബെനഫിറ്റ് അടക്കമുള്ള കൂടുതല്‍ ആനുകൂല്യങ്ങളും ഈ വര്‍ഷം അവസാനം മുതല്‍ ലഭിച്ചു തുടങ്ങുമെങ്കിലും അടുത്ത 10 വര്‍ഷത്തേയ്ക്കുള്ള ബൃഹത്തായ പദ്ധതിയായിരിക്കും റിപ്പോര്‍ട്ട് വഴി പുറത്തു വിടുന്നത്.Scroll To Top