Wednesday August 23, 2017
Latest Updates

ഒക്‌റ്റോബറിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്കും വോട്ടു ചെയ്യാനായേക്കും,അന്തിമ തീരുമാനം ഒരാഴ്ച്ചയ്ക്കകം

ഒക്‌റ്റോബറിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്കും വോട്ടു ചെയ്യാനായേക്കും,അന്തിമ തീരുമാനം ഒരാഴ്ച്ചയ്ക്കകം

തിരുവനന്തപുരം :അയര്‍ലണ്ടിലെയടക്കം ഏതു രാജ്യത്തെയും പ്രവാസികള്‍ക്ക് വിദേശത്തിരുന്നു തന്നെ സ്വന്തം വാര്‍ഡില്‍ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള അവസരം ലഭ്യമാക്കാന്‍ കേരളത്തിലെ രാഷ്ട്രീയകക്ഷികളുടെ യോഗത്തില്‍ ധാരണയായി.ഏതു രീതി വഴി വോട്ടു ചെയ്യണം എന്നത് സംബന്ധിച്ച് കക്ഷികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും പ്രവാസി മലയാളികള്‍ക്ക് വിദേശത്തിരുന്നു കൊണ്ട് തന്നെ ഒക്‌റ്റോബറില്‍ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അവസരം ഒരുങ്ങുമെന്നാണ് സൂചനകള്‍ 

പ്രോക്‌സി വോട്ടുരീതി വേണ്ടെന്നും ഇ–വോട്ടിങ് നടപ്പാക്കണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇ–വോട്ടിങിന്റെ ദുരുപയോഗസാധ്യതകളും സാങ്കേതികവശങ്ങളും പരിശോധിക്കാന്‍ ഒരാഴ്ചത്തെ സമയം വേണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു. ഇത് സംബന്ധിച്ച് അന്തിമ നിലപാട് അടുത്ത ബുധനാഴ്ച്ചയോടെ അറിഞ്ഞ ശേഷമാവും സര്‍ക്കാര്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

ഇടതുനിലപാടു കൂടി അനുകൂലമായാല്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ക്കായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനു നിര്‍ദേശം നല്‍കും. പ്രവാസികള്‍ക്കു വോട്ടവകാശം സുപ്രിംകോടതിയും കേന്ദ്രസര്‍ക്കാരും അംഗീകരിച്ചിട്ടുണ്ടെങ്കിലും ഏതുരീതിയില്‍ വോട്ടവകാശം നല്‍കണമെന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍, തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കു വോട്ടവകാശം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

25 ലക്ഷത്തോളം പ്രവാസികളുള്ള കേരളം ഇക്കാര്യത്തില്‍ രാജ്യത്തിനു വഴികാട്ടണമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് തപാല്‍ വോട്ടിങ് ഏര്‍പ്പെടുത്താനാണു കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണു സൂചന. പല വിദേശരാജ്യങ്ങളിലും ഓണ്‍ലൈന്‍ വഴി വോട്ടു ചെയ്യുന്ന സംവിധാനം നിലവിലുണ്ട്. ഇ–വോട്ടിന് സര്‍വകക്ഷിയോഗത്തിന്റെ അംഗീകാരം ലഭിച്ചാല്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ തയാറാണെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചതായി മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. മന്ത്രിമാരായ എം.കെ. മുനീര്‍, മഞ്ഞളാംകുഴി അലി എന്നിവര്‍ക്കൊപ്പം കമ്മിഷനുമായി ഇക്കാര്യത്തുല്‍ പ്രാഥമിക സംഭാഷണം നടത്തിയെന്നും അദ്ദേഹം അറിയിച്ചു.

ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള പ്രവാസികള്‍ നേരിട്ടെത്തി വോട്ടുചെയ്യണമെന്ന നിലപാടാണ് എല്‍ഡിഎഫ് നേതാക്കളായ എ.കെ. ബാലന്‍, മാത്യു.ടി. തോമസ് എന്നിവര്‍ സ്വീകരിച്ചത്. ഇ–വോട്ടും പ്രോക്‌സി വോട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ഇവ രണ്ടും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വോട്ടറുടെ അറിവോടെയല്ലാതെ ഇ–വോട്ട് ദുരുപയോഗം ചെയ്യാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. പോളിങ് ബൂത്തിലെത്തി വോട്ടുചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും പ്രവാസികള്‍ക്കു പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
ഗള്‍ഫിലും മറ്റും താഴേക്കിടയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ ആയി ഇ–വോട്ടിനുള്ള സാഹചര്യമുണ്ടാകില്ലെന്ന ആശങ്കയും യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍, മൊബൈല്‍ ഫോണ്‍ വഴി വോട്ടുരേഖപ്പെടുത്താനുള്ള സാങ്കേതികവിദ്യ ലഭ്യമാണെന്നു മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. 

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍, മന്ത്രി കെ.പി. മോഹനന്‍, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, കെ. മുഹമ്മദുണ്ണി ഹാജി എംഎല്‍എ, വിവിധ രാഷ്ട്രീയകക്ഷിനേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇ–വോട്ടിനു സര്‍വകക്ഷിയോഗം അംഗീകാരം നല്‍കിയാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കും. പ്രവാസികള്‍ക്കു വോട്ടവകാശം നല്‍കുന്നതിനായി തദ്ദേശസ്ഥാപന ആക്ട് ഭേദഗതി ചെയ്തുകഴിഞ്ഞു. ഇനി റൂളുകളില്‍ ഭേദഗതി വരുത്തണം. പ്രവാസികള്‍ക്കു പാസ്‌പോര്‍ട്ട് അടിസ്ഥാനരേഖയാക്കി ഓണ്‍ലൈന്‍ ആയി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരം നല്‍കും
പരിശോധനകള്‍ക്കു ശേഷം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പ്രവാസികള്‍ക്കു തിരഞ്ഞെടുപ്പു കമ്മിഷന്‍ കോഡ് നമ്പര്‍ നല്‍കും. തദ്ദേശതിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റില്‍ ഈ കോഡ് നമ്പര്‍ ഉപയോഗിച്ചു പ്രവേശിച്ചു വോട്ടുരേഖപ്പെടുത്താം. കോഡ് നമ്പരിന്റെ അടിസ്ഥാനത്തില്‍ അതതു വാര്‍ഡുകളിലെ ബാലറ്റ് യൂണിറ്റ് ലഭിക്കും. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ ലോകത്തെവിടെ നിന്നും ഓണ്‍ലൈന്‍ ആയി വോട്ടുചെയ്യാം. തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കിയാലും കേന്ദ്രസര്‍ക്കാരിന്റെ അംഗികാരം ലഭിച്ചാല്‍ മാത്രമെ അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഇ വോട്ടവകാശം വിനിയോഗിക്കാനാകൂ.

Scroll To Top