Wednesday May 23, 2018
Latest Updates

‘കാത്തിരിപ്പ്…(വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍)

‘കാത്തിരിപ്പ്…(വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍)

കാത്തിരിപ്പ്..
അതിനു പല തരം വികാരങ്ങള്‍ ഉണ്ടെന്നു തോന്നിയിട്ടില്ലേ?
വേദന..സന്തോഷം..അങ്കലാപ്പു ..ദേഷ്യം..സ്‌നേഹം..അങ്ങന..അങ്ങനെ..
അതില്‍ ഏറ്റവും തീവ്രമായത് കാത്തിരിപ്പിന്റെ വേദന ആണെന്ന് തോന്നിയിട്ടുണ്ട്.

വേദനിക്കുന്ന കാത്തിരിപ്പിന് കാരണങ്ങളുണ്ടാകാം.ഒരു പക്ഷെ നാം കാത്തിരിക്കുന്ന ആള്‍ ഒരിക്കലും വരില്ല എന്നറിഞ്ഞിട്ടും..
ഹൃദയത്തിലെ എല്ലാ വാതിലുകളും തുറന്നിട്ട്..കണ്ണെത്താ ദൂരത്തോളം മനസിനെ പറത്തി വിട്ട്..വെറുതെ..വെറുതെ ഉള്ള ഒരു കാത്തിരുപ്പ്..!!

ഒരു പക്ഷെ സ്വന്തം അവസ്ഥ അല്ലെങ്ങില്‍ കൂടിയും..
നമ്മുടെ പ്രിയപ്പെട്ടവര്‍ ആ ഒരു അവസ്ഥയിലാണെന്ന് അറിയുമ്പോള്‍ അറിയാതെ ഞാനും തേങ്ങി പോകാറുണ്ട്..
***************************************
ഇന്ന് ഇച്ചിരി നേരെത്തെ എണീറ്റു.
ഈ വിറങ്ങലിച്ചു നില്ക്കുന്ന പ്രഭാതത്തിലേക്ക് നോക്കി ഇല പൊഴിഞ്ഞുകൊണ്ടിരിക്കുന്ന ആ മരങ്ങളിലേക്ക് വെറുതെ നോക്കി നില്‍ക്കുമ്പോള്‍…
എന്തൊക്കെയോ ഒരു നൊമ്പരം എന്നെ വന്നു പൊതിയുന്നത് അറിയാനാവുന്നുണ്ട്… ഈ മരങ്ങള്‍ക്ക് പോലും ഒരു തരം നിസ്സംഗത ..!!
പക്ഷേ അവക്കൊരു പ്രതീക്ഷയുണ്ട്..
അത്ര ദൂരത്തല്ലാത്ത ഒരു വസന്തം..!!
പുതിയ തളിരും പൂക്കളും കനിയും വന്നു നിറയുന്ന ഒരു വസന്തം..

ഈ മരങ്ങള്‍ക്കിപ്പോ സങ്ങടമായിരിക്കുമോ..??
അതോ സന്തോഷമായിരിക്കുമോ?

ഈ കാത്തിരിപ്പിന്റെ മരങ്ങള്‍ എന്തൊക്കെയോ ഓര്‍മ്മപ്പെടുത്തുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പോലെ തോന്നിപ്പിച്ചു..

എല്ലാ കാത്തിരിപ്പുകളും ഇത് പോലെ പൂവണിഞ്ഞിരുന്നെങ്ങില്‍ എന്ന് ഞാന്‍ ആശിച്ചു..
കാരണം..
ആ ബ്ലാക്ക് ആന്റ് വൈറ്റ് ഫ്രെമില്‍ അപ്പോള്‍ ഞാന്‍ കണ്ടത് എന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരിയുടെ മുഖമാണ്..

ശിശിരം മാത്രം കൂട്ടായ ഉണ്ടായിരുന്ന ഒരു സുഹൃത്ത്..
ജീവിതത്തിലെ നല്ല നല്ല ഓര്‍മ്മകള്‍..ഇല പൊഴിയും പോലെ അടര്‍ന്നു പോയ് വേദനയുടെ അസ്ഥികള്‍ മാത്രം പേറിക്കൊണ്ടു നില്ക്കുന്ന …ഇലകളും പൂക്കളും ഇല്ലാത്ത മരക്കൊമ്പുകള്‍ പോലെ ജീവിക്കുന്ന ഒരാള്‍…

ഇപ്പോഴും എന്തൊക്കെയോ പ്രതീക്ഷകളുമായി പിരിഞ്ഞുപോയ ഭര്‍ത്താവിനെയും കാത്തിരിക്കുന്നവളാണ് എന്റെ കൂട്ടുകാരി.

നീണ്ട പ്രണയവര്‍ഷങ്ങള്‍..!!
പ്രണയത്തിന്റെ എല്ലാ ഋതുഭേദങ്ങളും വര്‍ണ്ണപ്പൊലിമയോടെ തന്നെ ആഘോഷിച്ചു തീര്‍ത്തവര്‍..
വിവാഹം കഴിഞ്ഞു..
അപ്പോഴേക്കും സ്വരച്ചേര്‍ച്ചയില്ലായ്മയുടെ
അപശ്രുതികള്‍ കേട്ടുതുടങ്ങിയിരുന്നു..
നല്ല പാതി വേറെ ഇണയെത്തേടി പോവുകയാണെന്ന് മനസിലാക്കിയപ്പോഴേക്കും ആകെ തളര്‍ന്നിരുന്നു..!
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസിലാക്കാന്‍ കഴിയാതെ പോയൊരു ആണ്‍ മനസ്..!
വെറുക്കാന്‍ കഴിയുന്നില്ല..

തിരിച്ചു വരുമെന്ന് തന്നെ അവള്‍ വിശ്വസിക്കുന്നു..

ഭൂമിയുടെ മറ്റരറ്റത്തു സ്വയം ന്യായീകരിക്കാന്‍ നൂറു നൂറു കാരണങ്ങള്‍ കണ്ടു പിടിച്ചു അവളുടെ നല്ല പാതി ആയിരുന്നവന്‍ കൂടും കൂട്ടും കണ്ടു പിടിച്ചു കഴിഞ്ഞിരിക്കുന്നു..!!
അതറിഞ്ഞിട്ടും അവള്‍ കാത്തിരിപ്പ് തുടരുന്നു..

ഈയിടെയായി ഞാനവളെ വിളിക്കാറില്ല.. പുറമേ ശാന്തമായ ഒരു കടല്‍ പോലെ അവളിരിക്കുന്നു..
ആഴങ്ങളില്‍ നിര്‍ത്താതെ അലയടിക്കുന്ന അഗ്‌നിപര്‍വതങ്ങള്‍ ഒളിപ്പിച്ചു വച്ചു കൊണ്ട്…
അതറിഞ്ഞു വച്ചു കൊണ്ട് ആശ്വാസത്തിന്റെ ഒരു കുഞ്ഞു വാക്ക് പോലും പറയാനാകുന്നില്ല..

അവളുടെ രാത്രികള്‍ കണ്ണീരില്‍ കുതിര്ന്നു കിടക്കുന്നു..
പകലുകള്‍ മുഴുവന്‍ കരയാനുള്ള ഊര്ജ്ജം തേടലും..!!

അതൊരു ശീലമായിട്ടു കാലങ്ങളായിരിക്കുന്നു.
ഒരു പക്ഷെ അവള്‍ക്കു ഭ്രാന്ത് പിടുക്കുമോ എന്ന് പോലും ഭയപ്പെടുന്നു..

പക്ഷെ പിന്നെടെപ്പോഴെക്കെയോ അവളോട് സംസാരിച്ചപ്പോഴാണ് മനസിപ്പോഴും കൈവിട്ടിട്ടില്ല എന്ന് മനസിലാക്കുന്നത്..
അവള്‍ പറഞ്ഞതു ഇപ്പോഴും ഓര്‍മ ഉണ്ട്..

‘കാത്തിരുപ്പിന്റെ വേദന..
അതെനിക്ക് ഇന്ന് ജീവിച്ചിരിക്കാനുള്ള മരുന്നാണ്.. മരുഭൂമിയില്‍ ഒരു പൂക്കാലമില്ലന്നെനിക്കറിയാം.. (ഇങ്ങനെയൊക്കെ അവള്‍ക്കു സംസരിക്കാനറിയാമോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു.)
എങ്കിലും എന്റെ പ്രതീക്ഷയുടെ വിത്തുകളെ ഞാന്‍ നട്ടു നനച്ചു കൊണ്ടേയിരിക്കും… ഒരിക്കലെങ്ങിലും എന്റെ വേദനകളുടെ കൊടും ചൂടിനെ തണുപ്പിച്ചു കൊണ്ട് അവ മുളക്കുകയും..തളിര്‍ക്കുകയും.. ചെയ്യും. അങ്ങനെ ഒരു പൂക്കാലം വരിക തന്നെ ചെയ്യും..

അത് പറയുമ്പോള്‍ ഞാനവളുടെ കണ്ണുകളില്‍ നോക്കി നില്ക്കുകയായിരുന്നു..
ജലം വന്നു നിറഞ്ഞു തുടങ്ങിയ കണ്ണുകളില്‍ പ്രതീക്ഷകളെക്കാള്‍.. ഞാന്‍ കണ്ടത് വേദനയുടെ നിസ്സംഗത ആയിരുന്നു..

എങ്കിലും സഖീ…
ഞാനും ആശിക്കുന്നു.. നിന്റെ കാത്തിരിപ്പ് സഫലമാകട്ടെ എന്ന്..

ഭര്‍ത്താവു വൈകി വീട്ടിലെത്തിയാല്‍ കലഹിക്കുന്ന നൂറു നൂറു പെണ്ണുങ്ങളെയും.. ഒരുങ്ങി ഇറങ്ങാന്‍ ഇച്ചിരി വൈകിയാല്‍ കയര്‍ക്കുന്ന ആണുങ്ങളെയും ഞാന്‍ ഓര്‍ത്തു പോകുന്നു..
അത്ര പോലും കാത്തിരിപ്പിനെ മടുക്കുന്നവര്‍..

അങ്ങനെയുള്ള ഈ ലോകത്ത് നീ മാത്രം എന്തെ ഇങ്ങനെ എന്ന് ഞാന്‍ ചിന്തിച്ചു പോകുന്നു..

നിന്റെ ഈ കാത്തിരിപ്പ് എനിക്ക് സമ്മാനിക്കുന്നത് ഒത്തിരി എറെ നൊമ്പരങ്ങളാണ്..!!
ചെറിയ..വലിയ… നൊമ്പരങ്ങള്‍..!!

എന്റെ ചെറിയ ജനാലയിലൂടെ ഞാന്‍ കാണുന്ന ഈ ഇല പൊഴിഞ്ഞ മരങ്ങള്‍..
ആ കാഴ്ച പതുക്കെ മങ്ങുന്നു..
കുറെ കുഞ്ഞു തുള്ളികള്‍..
എന്റെ കണ്ണുകളെ നിറച്ചിരിക്കുന്നു..!! അതിലൂടെ എനിക്ക് ഒന്നും…
ശിശിരവും…വസന്തവും..
ഒന്നും..കാണാനാകുന്നില്ല..!!
divyaഒരു മഴക്കാലം മാത്രം..
നിന്റെ..
നിന്റെ മാത്രമായ ആ കണ്ണീര്‍ മഴക്കാലം..!!
ദിവ്യാ ജോസ്

Scroll To Top