Sunday June 24, 2018
Latest Updates

ഡിസ്നി ലാന്റിനെ വെല്ലുന്ന തീം പാര്‍ക്ക് ഡബ്ലിനില്‍ ?,നിലച്ചു പോയ പദ്ധതിയ്ക്ക് ജീവന്‍ കൊടുക്കാന്‍ വീണ്ടും പരിശ്രമങ്ങള്‍

ഡിസ്നി ലാന്റിനെ വെല്ലുന്ന തീം പാര്‍ക്ക് ഡബ്ലിനില്‍ ?,നിലച്ചു പോയ പദ്ധതിയ്ക്ക് ജീവന്‍ കൊടുക്കാന്‍ വീണ്ടും പരിശ്രമങ്ങള്‍

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ മോഹനവാഗ്ദാനങ്ങള്‍ ഉയര്‍ത്തുന്ന
ഫണ്‍സിറ്റി യാഥാര്‍ഥ്യമാക്കാന്‍ വീണ്ടും പ്രയത്‌നങ്ങള്‍ എന്ന് വാര്‍ത്തകള്‍.
ആര്‍നോട്ട്സിന്റെ 750 മില്ല്യണിന്റെ സ്വപ്ന പദ്ധതിയെ എതിരേല്‍ക്കാന്‍ വീണ്ടും ലസ്‌ക് പട്ടണത്തിനു ഭാഗ്യമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ഡബ്ലിന്‍ നിവാസികള്‍.

സ്വപ്ന പദ്ധതി ഇങ്ങനെ…
ഡബ്ലിന്റെ വാണിജ്യരംഗത്ത് വന്‍ മാറ്റങ്ങള്‍ക്കിടയാക്കുന്നതാണ് പദ്ധതി.ഡബ്ലിന്‍ എയര്‍പോര്‍ടില്‍ നിന്നും 10 കി.മീ ദൂരെ 2000 ഏക്കറിലാണ് ഈ ഭീമന്‍ പാര്‍ക്കിന് പദ്ധതിയിട്ടിരുന്നത്.മാഗ്വെയര്‍ ജൂനിയര്‍ അധ്യക്ഷനായ കണ്‍സോര്‍ഷ്യമാണ് പദ്ധതിയുമായി ഫിംഗല്‍ കൗണ്ടി കൗണ്‍സിലിനെ സമീപിച്ചത്.

പാരീസിലെ ഡിസ്നി ലാന്റിനെപ്പോലും പിന്നിലാക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ തീം പാര്‍ക്കായാണ് ഇതിനെ വിഭാവനം ചെയ്തത്.ഡിസ്നി ലാന്റ് മാതൃകയില്‍ രൂപകല്‍പ്പന ചെയ്യുന്ന പാര്‍ക്കില്‍ സഫാരി പാര്‍ക്ക്,വിവിധയിനം റൈഡുകള്‍,വലിയൊരു തടാകവും ജലകേളികളുമെല്ലാം ഇതില്‍ ഇടം പിടിക്കും.14 ഹോട്ടലുകള്‍,10,000 അപാര്‍ട്മെന്റുകള്‍, കൂറ്റന്‍ കോണ്‍ഫ്രറന്‍സ്ഹാള്‍, ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ മോണോറെയിലുമെല്ലാം ഉള്‍പ്പെടുന്നതായിരുന്നു ഈ സിറ്റിയുടെ പ്ലാനിംഗ്.

25000 പേര്‍ക്ക് തൊഴില്‍ അവസരമുണ്ടാകുന്ന ഇവിടേക്ക് വര്‍ഷം തോറും ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നായി 34മില്ല്യണ്‍ ടൂറിസ്റ്റുകളെത്തുമെന്നു കണകാക്കപ്പെട്ടു.പത്തുവര്‍ഷം കൊണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ഈ പ്രോജക്ട് റിപ്പബ്ലിക്കിലെ ഏറ്റവും വലിയ പദ്ധതിയാകുമെന്നും കരുതുന്നു.അന്താരാഷ്ട്ര നിക്ഷേപകരടക്കം ഈ സംരംഭത്തിനു പിന്തുണ നല്‍കുമെന്ന് അറിയിച്ചിരുന്നു.

പദ്ധതിക്ക് സംഭവിച്ചത്…
2003ല്‍തന്നെ ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞിരുന്നു.ഭൂമി സംബന്ധമായ ഇടപാടുകള്‍ക്കും സാധ്യത തെളിഞ്ഞിരുന്നു.സമീപത്തുള്ള 2000 ഏക്കര്‍ ഭൂമി ഏക്കര്‍ ഒന്നിന് 115,000 യൂറോ വിലയിട്ട് നല്‍കാന്‍ സംരംഭകര്‍ തയാറായിരുന്നു.കണ്‍സോര്‍ഷ്യത്തിനായി പ്രാദേശിക ഫിംഗല്‍ കൗണ്‍സില്‍ യോഗവും ചേര്‍ന്നു.2.5 ബില്ല്യണ്‍ അതിനകം തന്നെ പദ്ധതിക്കു കണ്ടെത്തിയതായി കണ്‍സോര്‍ഷ്യം വെളുപ്പെടുത്തി.

എന്നാല്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും പദ്ധതിയോട് അതൃപ്തി അറിയിച്ചു.കൗണ്‍സില്‍ പ്ലാനിങ് ഡയറക്ടര്‍ ഒ കോണോര്‍ നമ്മുടെ രാജ്യത്തിനു ഇതിനെ ഉള്‍ക്കൊള്ളാന്‍ ആവില്ലെന്നു സംശയം പ്രകടിപ്പിച്ചു.അതിനെ ബലപ്പെടുത്തുന്ന വസ്തുതകളും അദ്ദേഹം നിരത്തി.ഇതേത്തുടര്‍ന്നു ഈ പ്രോജക്ട് കൗണ്‍സില്‍ നിരസിച്ചു.വെഗാസിറ്റി ഗുരുതരമായ ഗതാഗത പ്രശ്നമാകുമെന്നും നിലവിലുള്ള വികസന പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്നും പ്ലാനിങ് അധികൃതരും വിധിയെഴുതിയതോടെ ഫണ്‍ സിറ്റി അനിശ്ചിതത്വത്തിലായി.

പിന്നീട്…
സ്വപ്ന പദ്ധതി നിരാകരിക്കപ്പെട്ടതോടെ പ്രമുഖ സ്പോണ്‍സേഴ്സ് ആയിരുന്ന ഒ കല്ലഗാന്‍ ഗ്രൂപ്പ് കോര്‍ക്സ് മാഹോന്‍ ഷോപ്പിങ് സെന്റര്‍ പോലുള്ള വമ്പന്‍ നിര്‍മാണ പദ്ധതിയുമായി മുന്നോട്ടുപോയി.
മാഗൈ്വയര്‍ യുനൈറ്റഡ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി ചീഫ് മോണ്ടെനെഗ്രിനിലെ ഹോട്ടല്‍ പ്രോജക്ടിനുള്ള തയ്യാറെടുപ്പിലാണ്. ഡബ്ലിന്‍ വിമാനത്താവളത്തിന്റെ 1.5 ബില്ല്യണിന്റെ റണ്‍വെ ഡവലപ് ചെയ്യാനുള്ള പ്രയത്നത്തിലാണ് ഈ ധനികനായ ഐറീഷ് ബിസിനസ്സുകാരന്‍.

എന്നാല്‍ നിശ്ചിത സ്ഥലത്തിന് തൊട്ടടുത്ത് ഉദ്ദേശിച്ച എല്ലാ പദ്ധതികളും നിരാകരിക്കപ്പെട്ടപ്പോഴും ഫണ്‍സിറ്റിയ്ക്കായി കണ്ടെത്തിയിരുന്ന ഭൂമി ഇപ്പോഴും കാര്യമായ ചോര്‍ച്ചയൊന്നും ഇല്ലാതെ ലസ്‌കിലുണ്ട്.ഫീനിക്‌സ് പാര്‍ക്കിനെക്കാള്‍ കൂടുതല്‍ വിസ്തൃതിയുള്ള ഈ സ്ഥലത്ത് ഫണ്‍ സിറ്റിയുടെ പ്രവര്‍ത്തന പദ്ധതി പുനരാരംഭിക്കാന്‍ ചില വമ്പന്‍മാര്‍ വീണ്ടും ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടപ്പായാല്‍ അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ ജോലി അവസരങ്ങളും,വരുമാനാവുമുള്ള പദ്ധതിയായി ഇത് മാറിയേക്കാമെന്നാണ് പറയപ്പെടുന്നത്.

Scroll To Top