Wednesday December 07, 2016
Latest Updates

ടണലിലെ തീ: ഡബ്ലിന്‍ ഭയന്ന് പോയ നിമിഷങ്ങള്‍…

ടണലിലെ തീ: ഡബ്ലിന്‍ ഭയന്ന് പോയ നിമിഷങ്ങള്‍…

ഡബ്ലിന്‍:ഡബ്ലിനിലെ പോര്‍ട്ട് ടണലില്‍ ട്രക്കിന് തീപിടിച്ചത് ഡബ്ലിനെ അക്ഷരാര്‍ഥത്തില്‍ ഭീതിയിലാക്കി.എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയെടുക്കാന്‍ തന്നെ മിനുട്ടുകള്‍ എടുത്തു.പിന്നെ അതിവേഗത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍. പുലര്‍ച്ചെ ഏഴുമണിയോടെയാണ് ടണലിലൂടെ വടക്കോട്ട് പോവുകയായിരുന്ന ട്രക്കിന് തീപിടിച്ചത്. തങ്ങള്‍ കണ്ടിട്ടുളളതില്‍ വെച്ച് ഏറ്റവും ഭീതിജനകമായ കാഴ്ച എന്നാണ് തീപിടുത്തത്തെക്കുറിച്ച്, ദൃക്‌സാക്ഷികളായ ചില യാത്രക്കാര്‍ പറഞ്ഞത്.

തീ അനിയന്ത്രിതമായിരുന്നെന്നും മറുവശത്തേക്ക് പുക ആഞ്ഞടിക്കുകയായിരുന്നു എന്നും ട്രക്കിനു പിന്നാലെ ഉണ്ടായിരുന്ന വാഹങ്ങളുടെ ഡ്രൈവര്‍മാര്‍ ഓര്‍ക്കുന്നു. ഇവര്‍ക്ക് പുക നിറഞ്ഞ ടണലില്‍ നിന്നു രക്ഷപെടാനായി രണ്ട് കിലോമീറ്ററോളം വാഹങ്ങള്‍ പിന്നോട്ട് ഓടിക്കേണ്ടി വന്നു. ടണലിലെ സ്പീക്കറിലൂടെ ജനങ്ങള്‍ എത്രയും വേഗം ടണലിനു പുറത്തേക്ക് പോകണം എന്ന അറിയിപ്പ് മുഴങ്ങുന്നുണ്ടായിരുന്നു.

ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന്റെ 10 യൂണിറ്റുകളെങ്കിലും എത്തിയാണ് തീ അണച്ചത്. ഇതെത്തുടര്‍ന്ന് ടണലിന്റെ രണ്ട് വശത്തേക്കുമുള്ള വാതിലുകള്‍ അടച്ചെങ്കിലും തെക്ക് ഭാഗം രാവിലെ 10.30 നും വടക്ക് ഭാഗത്തേത് ഉച്ചയോടെയും തുറന്നു. തീ വേഗം അണയ്ക്കാന്‍ പറ്റിയെങ്കിലും ഇത്രയും സമയം സിറ്റിയുടെ വടക്ക് ഭാഗത്തെ ഗതാഗതം നിലച്ചു.

സമീപ റോഡുകളിലെല്ലാം മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

Scroll To Top