Friday December 09, 2016
Latest Updates

ഡബ്ലിന്‍ മാരത്തോണിന് ഒരുക്കങ്ങളായി 

ഡബ്ലിന്‍ മാരത്തോണിന് ഒരുക്കങ്ങളായി 

ഡബ്ലിന്‍: ഡബ്ലിന്‍ മാരത്തോണിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 27 തിങ്കളാഴ്ചയാണ് ഈ വര്‍ഷത്തെ ഡബ്ലിന്‍ മാരത്തോണ്‍ നടക്കുന്നത്. മുപ്പത്തഞ്ചാമത് ഡബ്ലിന്‍ മാരത്തോണാണ് ഈ വര്‍ഷം നടക്കുന്നത്. 26.2 മെയില്‍ ദൂരമാണ് മാരത്തോണില്‍ പങ്കെടുക്കുന്നവര്‍ ഓടേണ്ടത്. ഇത്രയും ദൂരം ഒറ്റ ലാപ്പില്‍ ഓടി തീര്‍ക്കണം. ഡബ്ലിന്‍ സിറ്റി സെന്ററില്‍ തുടങ്ങി സിറ്റി സെന്ററില്‍ അവസാനിക്കുന്ന വിധമാണ് മാരത്തോണിന്റെ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8.50 ന് മത്സരം ആരംഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ റേസ് നമ്പരുകള്‍ ബാല്‍സ്ബ്രിഡ്ജിലെ ആര്‍ഡിഎസിലെ ഡബ്ലിന്‍ മാരത്തോണ്‍ എക്‌സ്‌പോയില്‍ നിന്ന് ലഭിക്കും. 

ഒക്ടോബര്‍ 25, 26 എന്നീ ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 6 വരെ റേസ് നമ്പരുകള്‍ ലഭിക്കും. റേസ് നമ്പര്‍ വാങ്ങാന്‍ ആര്‍ഡിഎസില്‍ എത്തുന്നവര്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് കരുതേണ്ടതാണ്. ആര്‍ഡിഎസില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന റേസ് പാക്കില്‍ ബിബ് നമ്പര്‍, പിന്‍, മാരത്തോണിന്റെ റൂട്ട് മാപ്പ്, നമ്പരിട്ട സ്റ്റിക്കര്‍ തുടങ്ങിയവ ഉണ്ടായിരിക്കും. ഓരോ മത്സരാര്‍ത്ഥിക്കും ലഭിക്കുന്ന റേസ് നമ്പരിനു പിന്നില്‍ ഒരു ചിപ്പ് കൂടി ഉള്‍പ്പെടുന്നു ഓരോരുത്തരുടെയും ഓട്ടത്തിന്റെ സമയം രേഖപ്പെടുത്തുന്നത് ഈ ചിപ്പ് മുഖേനയാണ്. അതുകൊണ്ട് തന്നെ ചിപ്പ് നീക്കം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ചിപ്പ് ധരിക്കാതെയുള്ള ഓട്ടം പാഴാകുമെന്ന് സംഘാടകര്‍ മുന്നറിയിപ്പ് നല്‍കി. 

ഫിറ്റ്‌സ്വില്യംസ് സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച് മെറിയോണ്‍ സ്‌ക്വയറിലാണ് മത്സരം സമാപിക്കുന്നത്. റേസ് പാക്കി ലഭിക്കുന്ന റൂട്ട് മാപ്പില്‍ നിന്ന് മത്സര സ്ഥലത്തെക്കുറിച്ച് കൃത്യമായി മനസിലാക്കാം. അന്നേ ദിവസം ഡബ്ലിന്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ് വാഹനം പാര്‍ക്ക് ചെയ്യേണ്ടവര്‍ നേരത്തെ എത്തണമെന്നും സംഘാടകര്‍ മുന്നറിയിപ്പ് നല്‍കി. ലീസന്‍ സ്ട്രീറ്റില്‍ താരതമ്യേന തിരക്ക് കുറവായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. 

Scroll To Top