Wednesday January 24, 2018
Latest Updates

ഡബ്ലിനില്‍ കൊടും കുറ്റവാളികളും മയക്കുമരുന്നുകാരും ചേര്‍ന്ന് അക്രമം അഴിച്ചു വിടുന്നു:സ്ത്രീകളെ ലക്ഷ്യമാക്കി റേപ്പ് ഗാംഗ് !

ഡബ്ലിനില്‍ കൊടും കുറ്റവാളികളും മയക്കുമരുന്നുകാരും ചേര്‍ന്ന് അക്രമം അഴിച്ചു വിടുന്നു:സ്ത്രീകളെ ലക്ഷ്യമാക്കി റേപ്പ് ഗാംഗ് !

ഡബ്ലിന്‍:ഡബ്ലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്ന ലൈംഗീക ആക്രമണസംഭവങ്ങള്‍ സാധാരണക്കാരുടെ സ്വസ്ഥത കെടുത്തുന്നു.പത്തു വര്‍ഷം മുമ്പ് വരെ പൊതു നിരത്തില്‍ നിന്നും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് അത്യപൂര്‍വ്വമായ ഒരു രാജ്യത്ത് ഇപ്പോള്‍ ഓരോ ദിവസവും സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ടുകളുണ്ട് .

ഒറ്റയ്ക്കും ഗ്രൂപ്പായും എത്തുന്ന സാമൂഹ്യ വിരുദ്ധരാണ് സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്നത് പതിവാക്കിയിരിക്കുന്നത്.വിന്ററായാതോടെ ഇത്തരം സംഭവങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച ടാലയില്‍ പലസ്ഥലത്തും ലൈംഗീക ആക്രമണം ഉണ്ടായതായി ഗാര്‍ഡ സ്ഥിരീകരിക്കുന്നു.14 വയസുകാരിയായ പഠന വൈകല്യമുള്ള കുട്ടിയെ തട്ടി കൊണ്ടുപോയി കുക്ക്‌സ് ടൌണ്‍ റോഡിലെ സെന്റ് മാര്‍ക്‌സ് ജി എ എ ക്ലബ്ബിന് എതിര്‍വശത്തുള്ള ആഷ് ഗ്രോവ് അപ്പാര്‍ട്ട്‌മെന്റിന്റെ പരിസരത്ത് വെച്ചാണ് പീഡിപ്പിച്ചത്.ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയാണ് ഉണ്ടായതെന്ന് പെണ്‍കുട്ടി മൊഴി നല്കിയിട്ടുണ്ട്.

സ്പ്രിംഗ് ഫീല്‍ഡിലെ മേപ്പില്‍സ് വുഡ് ഡ്രൈവിലെ ഷോപ്പില്‍ നിന്നും വീട്ടിലേയ്ക്ക് നടന്നു വരുകയായിരുന്ന സഹോദരങ്ങളായ രണ്ടു യുവതികളെ ഇതേ ദിവസം തന്നെയാണ് ആറംഗ സംഘം പിടികൂടി ലൈംഗീക ആക്രമണത്തിന് വിധേയമാക്കിയത്.വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

ടാലയിലെ രണ്ടു സംഭവങ്ങളിലും ഉള്‍പെട്ട അക്രമികളെ ഗാര്‍ഡ തിരിച്ചറിഞ്ഞതയാണ് ലഭ്യമായ വിവരം.മേഖലയിലെ സി സി ടി വികള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ഇപ്പോള്‍.രണ്ടു വ്യത്യസ്ഥ സംഘങ്ങളാണ് സംഭവത്തില്‍ പ്രതികളാവാന്‍ സാധ്യതയെന്ന് ഗാര്‍ഡ കരുതുന്നു.

ഷെങ്കലില്‍ നടന്നുപോയ ഒരു സ്ത്രീയെ വീടിനു തൊട്ടടുത്തു വെച്ച് ഒരാള്‍ ലൈംഗീകമായി ആക്രമിച്ചസംഭവം അവര്‍ ഫേസ്ബുക്കിലൂടെ വിവരിച്ചത് ആരെയും അമ്പരപ്പിക്കുന്ന വിധമാണ്.ഇതേ സ്ഥലത്ത് വെച്ചു തന്നെ മറ്റൊരു ലൈംഗീക ആക്രമണവും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.കാബ്ര,റാനില,സിറ്റി സെന്റര്‍ എന്നി പ്രദേശങ്ങളില്‍ നിന്നും കഴിഞ്ഞ ആഴ്ച്ച സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗീക ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.എല്ലായിടത്തും ഇരുട്ടിന്റെ മറവില്‍ സ്ത്രീകളെ തട്ടി കൊണ്ട് പോയി ബലാത്സംഗത്തിന് വിധേയരാക്കുകയായിരുന്നു.

ഡബ്ലിന്‍ നഗരത്തില്‍ മുമ്പെന്നത്തെക്കാള്‍ അക്രമ സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ് എന്ന് ഗാര്‍ഡ അധികൃതരും സമ്മതിക്കുന്നു.കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞെന്ന മന്ത്രി ഫിറ്റ്‌സ് ജറാള്‍ഡിന്റെ പ്രസ്താവനയ്‌ക്കെതിരെ ഗാര്‍ഡ ഫോഴ്‌സ് വൃത്തങ്ങള്‍ തന്നെ വിമര്‍ശനവുമായി വന്നിരുന്നു.നഗരത്തിലെ എല്ലാ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും മയക്ക് മരുന്ന് ലോബിയുടെ കൈയ്യുള്ളതായും പറയപ്പെടുന്നു.

അടുത്തിടെ കില്‍ഡയറില്‍ അംഗവിച്ഛേദം നടത്തി കൊലപ്പെടുത്തി കനാലില്‍ താഴ്ത്തിയ കെന്നത് ഓ ബ്രിയാന്‍ എന്നയാള്‍ സമാനമായ രീതിയില്‍ കൊലചെയ്യപ്പെടുന്ന നാലാമത്തെയാളാണ് എന്ന് സമ്മതിക്കുമ്പോഴും പ്രതികളെ കുറിച്ച് ഗാര്‍ഡ സൂചനകള്‍ നല്കുന്നില്ല.

അതേസമയം ഇത്തരം കൊലകള്‍ക്ക് പിന്നില്‍ ആരാണെന്ന് എല്ലാ ഐറിഷ് പത്രങ്ങളും കൃത്യമായ സൂചനകള്‍ നല്‍കുന്നുമുണ്ട്.കഴിഞ്ഞ വര്‍ഷം വേസ്റ്റ് ബിന്നിനുള്ളില്‍ കണ്ടെത്തിയ ഡണ്‍ ലേരി സ്വദേശിയുടെ ശരീര ഭാഗങ്ങളും മാഫിയ സംഘം കൊത്തിയരിഞ്ഞതാണെന്ന് ഏവര്‍ക്കും അറിവുള്ളതാണ്.

ഡബ്ലിനിലെ അറിയപ്പെടുന്ന ഹീറോയിന്‍ വില്‍പ്പനക്കാരനായിരുന്ന ക്രിസ്റ്റഫര്‍ ഗാഫ്‌നിയുടെ മരണത്തിനു പിന്നിലും,ഇതേ സംഘത്തിന്റെ കയ്യുണ്ടായിരുന്നു എന്ന് സംശയിക്കുന്ന ഗാര്‍ഡ മൂന്നു വര്‍ഷത്തിന് ശേഷവും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തത് ദുരൂഹമാണ്.

‘ചോപ്പര്‍ ‘എന്ന വിളിപ്പേരുള്ള വെസ്റ്റ് ഡബ്ലിനിലെ മാഫിയ തലവനാണ് കൊത്തിയരിഞ്ഞു കൊലപ്പെടുത്തുന്ന ഭീകരനെന്ന് ഗാര്‍ഡ ഉറപ്പിച്ചിട്ടുണ്ട്.എന്നാല്‍ ഇയാളുടെ അറസ്റ്റിനു താമസം ഉണ്ടാവാന്‍ കാരണം എന്താണെന്ന് ആരും വെളിപ്പെടുത്തുന്നില്ല.

ഡബ്ലിന്‍ നഗരത്തെ അടക്കി വാഴുകയാണ് മയക്കു മരുന്ന് മാഫിയ.ഇക്വാളിറ്റി റഫറണ്ടം മുതല്‍ സോഫ്റ്റ് ഡ്രിങ്ക്കളിലെ ലഹരി സാന്നിധ്യം വരെ ഇവരുടെ പിന്‍ബലത്തിലാണ് തീരുമാനിക്കപ്പെട്ടത് എന്നാണ് വാര്‍ത്തകള്‍.ഇപ്പോള്‍ പുതിയതായി ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ എല്ലാവരും തന്നെ മയക്കുമരുന്നിന് അടിമകളായവര്‍ ആണെന്ന് ഗാര്‍ഡ സ്ഥിരീകരിക്കുന്നുണ്ട്.മാഫിയയുമായി ഇത്തരക്കാര്‍ക്കുള്ള ബന്ധമാണ് പ്രതികള്‍ രക്ഷപ്പെടാനും കാരണമാവുന്നത്.

Scroll To Top