Saturday December 10, 2016
Latest Updates

തീവ്രവാദികള്‍ ഇസ്ലാം മത വിശ്വാസം ഹൈജാക്ക് ചെയ്യുന്നുവെന്ന് ഡബ്ലിന്‍ ഇമാം

തീവ്രവാദികള്‍ ഇസ്ലാം മത വിശ്വാസം ഹൈജാക്ക് ചെയ്യുന്നുവെന്ന് ഡബ്ലിന്‍ ഇമാം

ഡബ്ലിന്‍: തീവ്രവാദികള്‍ ഇസ്ലാം മത വിശ്വാസം ഹൈജാക്ക് ചെയ്യുന്നുവെന്ന്ഡബ്ലിന്‍ ഇമാം ഷെയ്ക്ക് മുഹമ്മദ് ഉമര്‍ അല്‍ ഖദ്രി. വിശ്വാസികള്‍ ഇത്തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാരീസ് ആക്രമണം ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡബ്ലിന്‍ ഇമാം ഇസ്ലാം മത മൗലികവാദികളെ തള്ളിപ്പറഞ്ഞത്. തന്റെ പേരില്‍ നിരപരാധികളെ കൊല്ലുന്നവരോട് പ്രവാചകന്‍ ഒരിക്കലും ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

1400 വര്‍ഷം മുമ്പ് താന്‍ ജീവിച്ചിരുന്ന കാലത്ത് പ്രവാചകന്‍ തന്നെ മതമൗലികവാദികളെ തുറന്നു കാട്ടിയിരുന്നതായും ഇമാം പറഞ്ഞു. ഇസ്ലാം
തീവ്രവാദത്തിന്റെ ഏറ്റവും വലിയ ഇരകള്‍ മുസ്ലീങ്ങള്‍ തന്നെയാണെന്നും ഇമാംപറഞ്ഞു. പാക്കിസ്ഥാനിലെ പെഷവാര്‍ ഭീകരാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 140 പേര്‍ കൊല്ലപ്പെട്ടത് മുഴുവന്‍ മുസ്ലീങ്ങളായിരുന്നു. നൈജീരിയയിലെ ബോക്കോഹാറം തീവ്രവാദികള്‍ കൊലപ്പെടുത്തിയതും മുസ്ലീങ്ങളെയായിരുന്നു. പാരീസിലെ മാധ്യമ സ്ഥാപനത്തിന് നേരെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസുകാരനും മുസ്ലീമായിരുന്നു.

ഇത്തരത്തില്‍ തീവ്രവാദത്തിന്റെ ഇരകളാകുന്ന നല്ലൊരു ശതമാനം പേരും മുസ്ലീങ്ങള്‍ തന്നെയാണ്. തീവ്രവാസികള്‍ ഇസ്ലാമിനെ ഹൈജാക്ക് ചെയ്യുന്നുവെന്ന യാഥാര്‍ത്ഥ്യം ഇസ്ലാം മത വിശ്വാസികള്‍ തിരിച്ചറിയണം. ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദം, നൈജീരിയയിലെ ബോക്കോ ഹാറം, താലിബാന്‍, അല്‍ ഖൊയ്ദ തുടങ്ങിയ സംഘനകള്‍ ഉയര്‍ത്തുന്ന ഭീഷണി യാഥാര്‍ത്ഥ്യമാണെന്ന് തിരിച്ചറിയണം. ഏറ്റവും വലിയ ദൈവനിന്ദ നടത്തുന്നതും ഇസ്ലാം വിരുദ്ധരും ഈ തീവ്രവാദികള്‍ തന്നെയാണെന്നും ഡബ്ലിന്‍ ഇമാം പറഞ്ഞു.

Scroll To Top