Monday December 05, 2016
Latest Updates

ഭര്‍ത്താവ് വിദേശത്ത് ജീവിച്ചിരിക്കെ സിംഗിള്‍ പേരന്റിനുള്ള ആനുകൂല്യം വാങ്ങിയ പ്രവാസി യുവതിയ്ക്ക് ഡബ്ലിന്‍ കോടതി പിഴശിക്ഷ വിധിച്ചു 

ഭര്‍ത്താവ് വിദേശത്ത് ജീവിച്ചിരിക്കെ സിംഗിള്‍ പേരന്റിനുള്ള ആനുകൂല്യം വാങ്ങിയ പ്രവാസി യുവതിയ്ക്ക് ഡബ്ലിന്‍ കോടതി പിഴശിക്ഷ വിധിച്ചു 

ഡബ്ലിന്‍ :ഭര്‍ത്താവ് വിദേശത്ത്  ജീവിച്ചിരിക്കെ സിംഗിള്‍ പേരന്റിനുള്ള സോഷ്യല്‍ പ്രൊട്ടക്ഷന്‍ ക്ലയിം വാങ്ങിയ യുവതിക്ക് ഡബ്ലിന്‍ കോടതി 
500 യൂറോ പിഴ ചുമത്തി മറ്റു ശിക്ഷയില്‍ നിന്നും ഒഴിവാക്കി.ഡബ്ലിന്‍ നാവന്‍ റോഡിനു സമീപം മുല്‍ഹുഡാര്‍ട്ടില്‍ വിലാസത്തില്‍ താമസിക്കുന്ന ഐറീന്‍ അഡേഗ്ബി എന്ന 43 കാരിയെയാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. ഹെല്‍ത്ത് കെയര്‍ വര്‍ക്കറായി ജോലി ചെയ്യുന്ന യുവതിയുടെ ഭര്‍ത്താവ്നൈജീരിയയിലാണ്.

ഇടയ്ക്കിടെ അയര്‍ലണ്ടില്‍ വന്നു പോകുമെന്നു മാത്രം. ഭര്‍ത്താവ് വിദേശത്തായതിനാല്‍ താന്‍ ആനുകൂല്യത്തിന് അര്‍ഹയാണെന്ന് തെറ്റിദ്ധരിച്ചാണ് അപേക്ഷ നല്‍കിയതെന്ന് യുവതി കോടതിയെ ധരിപ്പിച്ചു.ഡിപ്പാര്‍ട്ട്‌മെന്റിനെ കബളിപ്പിച്ച് യുവതി 28,040 യൂറോ ആനുകൂല്യം നേടിയെടുത്തതായും നാളിതുവരെ ഒന്നും തിരിച്ചടവ് നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകനും കോടതിയെ ബോധിപ്പിച്ചു.

യുവതി ഒരു കുട്ടിയുടെ അമ്മയും, ജോലിചെയ്യുകയും ഒപ്പം പഠനം മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യുന്ന ആളാണെന്നും പ്രതിഭാഗം വക്കീല്‍ കോടതിയില്‍ പറഞ്ഞു.മാത്രമല്ല, ഇതുവരെ കുറ്റകൃത്യങ്ങളിലൊന്നും ഇവര്‍ ഏര്‍പ്പെട്ടിട്ടില്ലെന്നതും കൂടി കണക്കിലെടുത്താണ് ശിക്ഷ ജഡ്ജി 500 യൂറോ പിഴയില്‍ ഒതുക്കിയത്.
ഡബ്ലിന്‍ ഡിസ്ട്രിക് കോടതിയില്‍ ജഡ്ജി ജോണ്‍ ഓ നീലാണ് വാദം കേട്ടത്. അയര്‍ലണ്ടില്‍ 25,000 യൂറോ പിഴയും, ആറുമാസത്തെ തടവും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ് യുവതി ചെയ്തത്. നേടിയ തുക മാസം 200 യൂറോ വീതം 12 വര്‍ഷം കൊണ്ട് തിരിച്ചടക്കാമെന്നും യുവതി കോടതിക്ക് ഉറപ്പ് നല്‍കി.

Scroll To Top