Friday December 09, 2016
Latest Updates

ഡബ്ലിന്‍ നഗരത്തില്‍ കുറ്റവാളികളുടെ വിളയാട്ടം,ലൈംഗീകാതിക്രമങ്ങള്‍ കുതിച്ചു കയറുന്നു

ഡബ്ലിന്‍ നഗരത്തില്‍ കുറ്റവാളികളുടെ വിളയാട്ടം,ലൈംഗീകാതിക്രമങ്ങള്‍ കുതിച്ചു കയറുന്നു

ഡബ്ലിന്‍:ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ കുറ്റവാളികളെ കിട്ടാതെ ജയിലുകള്‍ തന്നെ അടച്ചു പൂട്ടുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെ അയര്‍ലണ്ടില്‍ കുറ്റവാളികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. തലസ്ഥാന നഗരിയില്‍ തട്ടിക്കൊണ്ടു പോകല്‍, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (സി.എസ്.ഒ) പുറത്തുവിട്ട കണക്കുപ്രകാരം 2015ല്‍ 536 പീഡന കേസുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇത് മുന്‍ വര്‍ഷത്തെക്കാള്‍ 12% കൂടുതലാണ്.

ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതിന് 779 കേസുകള്‍ 2015ല്‍ ഡബ്ലിനില്‍ റിപ്പോര്‍ട്ട് ചെയ്തു. 2014ല്‍ ഇത് 663 ആയിരുന്നു. അതേസമയം ഇത്തരത്തില്‍ 2,361 കേസുകളാണ് രാജ്യത്താകെ 2015ല്‍ ഫയല്‍ ചെയ്തിട്ടുള്ളത്. 2014നെ അപേക്ഷിച്ച് 15% വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.

ഡബ്ലിനില്‍ തട്ടിക്കൊണ്ടു പോകലുകളും വര്‍ദ്ധിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2014ല്‍ ഇത്തരത്തില്‍ 17 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2015ല്‍ ഇത് 71 ആയി ഉയര്‍ന്നു.

ഇതിനുപുറമെ ക്രമസമാധാനവുമായി ബന്ധപ്പെട്ടുള്ള കേസുകളും നഗരത്തില്‍ ഏറി വരികയാണ്. 2014ല്‍ 9,552 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2015ല്‍ ഇത് 11,808 ആയി. അതേസമയം കൊലപാതകം, കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നഗരത്തില്‍ കുറയുന്നത് ആശ്വാസം പകരുന്നുമുണ്ട്.

Scroll To Top