Sunday December 11, 2016
Latest Updates

ഡബ്ലിന്‍ ബസ് അവാര്‍ഡ് ഡബ്ല്യൂ എം സി ‘നൃത്താഞ്ജലി’ക്ക് ; രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 10 വരെ

ഡബ്ലിന്‍ ബസ് അവാര്‍ഡ് ഡബ്ല്യൂ എം സി ‘നൃത്താഞ്ജലി’ക്ക് ; രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 10 വരെ

ഡബ്ലിന്‍: ഡബ്ലിനില്‍ സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ലഭിക്കുന്ന ഡബ്ലിന്‍ ബസ് അവാര്‍ഡ്(Community Spirit Awards) ഈ വര്‍ഷം ഡബ്ല്യു.എം.സിക്ക് ലഭിച്ചു. ഡബ്ല്യു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ ചിലവുകള്‍ക്കായി 2,000 യുറോയുടെ സഹായധനമാണ് അവാര്‍ഡിലൂടെ ലഭിച്ചത്. 

സന്നദ്ധ സംഘടനകള്‍ക്ക് 2003 മുതലാണ് ഡബ്ലിന്‍ ബസ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഡബ്ലിന്‍ ബസിന്റെ ടിക്കറ്റില്‍ ബാക്കി വരുന്ന തുക പൊതുജനങ്ങള്‍ തിരിച്ചെടുക്കാത്തതില്‍ നിന്നും സ്വരുക്കൂട്ടിയ പണമാണ് അവാര്‍ഡിലൂടെ സഹായ ധനമായി സംഘടനകള്‍ക്ക് നല്ക്കുന്നത്. സംഘടനകളുടെ ചിലവുകള്‍ക്ക് രസീതിന്റെ അടിസ്ഥാനത്തിലാണ് സഹായം ലഭിക്കുക.

6000 ത്തോളം യുറോ ചിലവുള്ള നൃത്താഞ്ജലിക്ക് ഡബ്ലിന്‍ ബസിന്റെ സഹായം മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് വളരെ സഹായകമാണെന്നും, കഴിഞ്ഞ അഞ്ച് വര്ഷമായി നടത്തുന്ന ‘നൃത്താഞ്ജലി & കലോത്സവ’ ത്തിനുള്ള അംഗീകാരമാണിതെന്നും ഡബ്ല്യു.എം.സിക്ക് വേണ്ടി അവാര്‍ഡ് സ്വീകരിച്ച ചെയര്‍മാന്‍ സൈലോ സാം അഭിപ്രായപ്പെട്ടു. നൃത്താഞ്ജലിയിലൂടെ വളര്‍ന്നു വന്ന കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും അയര്‍ലണ്ടിലും , ഇന്ത്യയിലും മറ്റു യുറോപ്പ്യന്‍ രാജ്യങ്ങളിലും വേദി ലഭിച്ചിട്ടുള്ളത് പ്രത്യേകം സ്മരിക്കേണ്ടതുണ്ടെന്ന് സൈലോ കൂട്ടി ചേര്‍ത്തു.

കോര്‍ക്ക് പാര്‍ക്ക് സ്റ്റേഡിയത്തിലെ ഹാളിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അയര്‍ലണ്ടിന്റെ മുന് അന്താരാഷ്ട്ര ഫുട്‌ബോള്‍ താരവും ഡബ്ലിന്‍ ബസിന്റെ ബ്രാന്‍ഡ് അംബാസിഡറുമായ നീല്‍ ഖ്യുന്‍ ചടങ്ങില്‍ പ്രധാന അവതാരകന്‍ ആയിരുന്നു.

ഡബ്ല്യു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനും മൂല്യനിര്‍ണ്ണയത്തിന്റെ സൌകര്യവും കണക്കിലെടുത്ത് വെബ്‌സൈറ്റില്‍ കൂടി ഓണ്‍ലൈനായി മാത്രമേ രജിസ്‌ട്രേഷന്‍ സ്വീകരിക്കുകയുള്ളൂ.(http://www.nrithanjali2015.com )

ഡബ്ല്യു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2015’ (Dublin International Arts Festival for people of Indian Origin) , 31 ഒക്ടോബര്‍ (ശനി), 1 നവംബര്‍ (ഞായര്‍) തീയതികളില്‍ ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School’ വേദിയില്‍ അരങ്ങേറും. രാവിലെ 9 മണി മുതല്‍ ചെസ്റ്റ് നമ്പറുകള്‍ വിതരണം ചെയ്ത് തുടങ്ങും.

ഡബ്ല്യു.എം.സിയുടെ എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ അംഗമായ സെറിന്‍ ഫിലിപ്പ് ആണ് ഈ വര്‍ഷത്തെ ‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ കോര്‍ഡിനേറ്റര്‍. 

Scroll To Top